രക്ഷയായത് ക്യാപ്റ്റന്‍റെ ഇന്നിങ്സ്; കരകയറി ലങ്ക; ഇന്ത്യക്ക് വിജയലക്ഷ്യം 147 റണ്‍സ്
|29 ന് നാലെന്ന നിലയില്‍ നിന്നാണ് ദസൂന്‍ ശാനകയുടെ ബാറ്റിങ് ലങ്കയ്ക്ക് മോശമല്ലാത്ത സ്കോര്‍ സമ്മാനിച്ചത്
മുന്‍നിര ബാറ്റിങില്‍ പരാജയപ്പെട്ടെങ്കിലും മധ്യനിരയെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ദസൂന്‍ ശാനക നടത്തിയ ചെറുത്തുനില്‍പ്പില്‍ ശ്രീലങ്കക്ക് ഭേദപ്പെട്ട സ്കോര്‍. 20 ഓവറില്‍ ലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. 29 ന് നാലെന്ന നിലയില്‍ നിന്നാണ് ദസൂന്‍ ശാനകയുടെ ബാറ്റിങ് ലങ്കയ്ക്ക് മോശമല്ലാത്ത സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായ് ആവേശ് ഖാന്‍ രണ്ട് വിക്കറ്റും സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
60 ന് അഞ്ച് വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കുമ്പോഴാണ് ക്യാപ്റ്റന്‍ ദസൂന്‍ ശാനകയും കരുണരത്നെയും ഒത്തുചേരുന്നത്. ഇരുവരുടെയും 86 റണ്‍സിന്‍റെ കൂട്ടുകെട്ടിന്‍റെ മികവില്‍ ശ്രീലങ്ക 146 റണ്‍സെടുത്തു. 38 ബോളില്‍ ഒന്‍പത് ബൌണ്ടറിയും രണ്ട് സിക്സറുമടക്കം ദസൂന്‍ ശാനക 74 റണ്‍സെടുത്തു. 19 പന്തില്‍ 12 റണ്‍സോടെ കരുണരത്ന പുറത്താകാതെ നിന്നു. ഇവര്‍ക്ക് പുറമേ ലങ്കന്‍നിരയില്‍ രണ്ടക്കം കടന്നത് ചണ്ഡിമല്‍ മാത്രമാണ്. 27 പന്തില്‍ രണ്ട് ബൌണ്ടറിയടക്കം ചണ്ഡിമല്‍ 25 റണ്‍സെടുത്തു.
രണ്ട് കളി ജയിച്ച ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരാനാകും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ശ്രമം. മറുവശത്ത് ആശ്വാസ ജയം തേടിയാകും ശ്രീലങ്കന്‍ ടീം ഇറങ്ങുക..ഇന്ന് കൂടി ജയിച്ചാല്‍ ക്യാപ്റ്റനായുള്ള രോഹിതിന്‍റെ മൂന്നാമത്തെ ടി20 വൈറ്റ് വാഷായിരിക്കും. ന്യൂസിലന്‍ഡിനെതിരായ പരമ്പര 3 - 0 ത്തിന് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ വിന്‍ഡീസിനെതിരയ പരമ്പര ഇന്ത്യ 2 - 0 നും വിജയിച്ചിരുന്നു. ഇപ്പോള്‍ ശ്രീലങ്കക്കെതിരായ പരമ്പരയിലും ഇന്ത്യ 2 - 0 ന് മുന്നിലാണ്. ഇന്നും കൂടി ജയിച്ച് ഈ പരമ്പരയും വൈറ്റ് വാഷ് ആയാല്‍ രോഹിതിന്‍റെ കീഴില്‍ തുടര്‍ച്ചയായ മൂന്ന് വൈറ്റ് വാഷ് പരമ്പരകള്‍ എന്ന നേട്ടവും ഇന്ത്യന്‍ ടീമിന് സ്വന്തമാകും.പരമ്പര ഇതിനകം സ്വന്തമാക്കിയതിനാല്‍ ഇന്ത്യ ഇന്ന് പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും.