ഇതെന്തൊരു ദുരന്തം! 23 ഓവറിൽ 114ന് ഓൾഔട്ട്! ആയുധംവച്ച് കീഴടങ്ങി വിന്ഡീസ്
|നാലു വിക്കറ്റുമായി കുൽദീപും മൂന്നു വിക്കറ്റ് പിഴുത് രവീന്ദ്ര ജഡേജയും ചേർന്നാണ് വിൻഡീസ് ബാറ്റർമാരെ കറക്കിവീഴ്ത്തിയത്
ബ്രിഡ്ജ്ടൗൺ: ടെസ്റ്റ് പരമ്പരയിലെ അതേ 'ഫോം' ഏകദിനത്തിലും തുടരുകയാണ് വെസ്റ്റിൻഡീസ്. ഒരുകാലത്ത് ലോക ക്രിക്കറ്റിനെ അടക്കിവാണ കരീബിയൻ കരുത്തിന്റെ പിന്മുറക്കാർ ഇങ്ങനെ നാണംകെട്ടു തലതാഴ്ത്തുന്ന രംഗം ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരു ആരാധകന്റെയും മനസുലയ്ക്കുമെന്നുറപ്പ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 23 ഓവറിനുള്ളിൽ വിൻഡീസ് ബാറ്റർമാർ ഒന്നൊഴിയാതെ പവലിയനിൽ തിരിച്ചെത്തിയിരിക്കുന്നു! നേടാനായത് വെറും 114 റൺസും!
ഇടവേളയ്ക്കുശേഷം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കുകയായിരുന്നു ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലുള്ള കെൻസിങ്ടൺ ഓവലിൽ കുൽദീപ് യാദവ്. നാലു വിക്കറ്റുമായി കുൽദീപും മൂന്നു വിക്കറ്റ് പിഴുത് രവീന്ദ്ര ജഡേജയും ചേർന്നാണ് വിൻഡീസ് ബാറ്റർമാരെ കറക്കിവീഴ്ത്തിയത്. വെറും ഒൻപത് ഓവറിനുള്ളിലാണ് എതിരാളികളെ ഇരുവരും ചേർന്ന് ചുരുട്ടിക്കെട്ടിയത്.
ക്യാപ്റ്റൻ ഷായ് ഹോപ്പ്(43) മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ പിടിച്ചുനിൽക്കാനുള്ള അൽപം ക്ഷമയെങ്കിലും കാണിച്ചത്. ബാക്കിയുള്ളവരെല്ലാം ഒന്നിനു പിറകെ ഒന്നാതെ കൂടാരം പുൽകുകയായിരുന്നു. ടെസ്റ്റ് പരമ്പരയിൽ മികച്ച അരങ്ങേറ്റം കുറിച്ച അലിക്ക് അഥനേസിന്റെ 22 ആണ് വിൻഡീസ് നിരയിലെ രണ്ടാമത്തെ മികച്ച സ്കോർ എന്നതു തന്നെ ടീമിന്റെ പരിതാപകരമായ സ്ഥിതി വെളിപ്പെടുത്തുന്നു. ഓപണർ ബ്രാൻഡൻ കിങ്ങും(17) ഷിംറോൺ ഹെറ്റ്മെയറും(11) മാത്രമാണ് രണ്ടക്കം കണ്ട മറ്റു ബാറ്റർമാർ.
മത്സരത്തിലെ മൂന്നാം ഓവറിൽ കൈൽ മയേഴ്സിനെ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈയിലെത്തിച്ച് ഹർദിക് പാണ്ഡ്യയാണ് വിൻഡീസ് വേട്ടയ്ക്കു തുടക്കമിട്ടത്. പത്ത് ഓവറിനകം അഥനേസിനെ മടക്കി അരങ്ങേറ്റക്കാരൻ മുകേഷ് കുമാറും കിങ്ങിനെ തിരിച്ചയച്ച് ഷർദുൽ താക്കൂറും അതിനു തുടർച്ച നൽകിയെങ്കിലും ഒരറ്റത്ത് ഷായ് ഹോപ്പ് അവസാന പ്രതീക്ഷ പോലെ ഉറച്ചുനിന്നു. എന്നാൽ, ജഡേജയും കുൽദീപും ഇറങ്ങിയതോടെ വെസ്റ്റിൻഡീസ് ബാറ്റർമാർ പോരാട്ടത്തിനു പോലും നിൽക്കാതെ ഒന്നൊന്നായി വന്ന വഴിയേ മടങ്ങുന്ന കാഴ്ചയാണ് കണ്ടത്.
Summary: India vs West Indies Live Score 1st ODI