പണവും ആഭരണങ്ങളും കവർന്നു; ഹോട്ടൽമുറിയിൽനിന്ന് ഇന്ത്യൻ താരത്തിന്റെ ബാഗ് മോഷണം പോയി
|ഇന്ത്യൻ വിക്കറ്റ് കീപ്പർ താനിയ ഭാട്ടിയയുടെ ബാഗാണ് ലണ്ടനിലെ ഹോട്ടലിൽനിന്ന് മോഷണം പോയിരിക്കുന്നത്
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 3-0ത്തിന് സ്വന്തമാക്കിയതിനു പിന്നാലെ വിവാടമടങ്ങാതെ ഇന്ത്യൻ വനിതാ സംഘത്തിന്റെ പര്യടനം. ഇംഗ്ലീഷ് താരം ഷാർലറ്റ് ഡീനിനെ 'മങ്കാദിങ്ങി'ലൂടെ ദീപ്തി ശർമ പുറത്താക്കിയതിനെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ ഇന്ത്യൻ സംഘത്തെ ഞെട്ടിച്ച് മോഷണ വാർത്ത. ഇന്ത്യൻ വിക്കറ്റ് കീപ്പർ താനിയ ഭാട്ടിയയുടെ ബാഗാണ് ഹോട്ടൽ മുറിയിൽനിന്ന് മോഷണം പോയിരിക്കുന്നത്.
താനിയ തന്നെയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പണവും എ.ടി.എം കാർഡുകളും വാച്ചുകളും ആഭരണങ്ങളും അടങ്ങിയ ബാഗാണ് കവർന്നിരിക്കുന്നത്. പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ ടീം താമസിച്ച ലണ്ടനിലെ മാരിയറ്റ് ഹോട്ടലിലെ സ്വകാര്യ മുറിയിൽനിന്നാണ് ബാഗ് നഷ്ടപ്പെട്ടതെന്ന് താരം ട്വിറ്ററിൽ കുറിച്ചു. പുറത്തുനിന്ന് ആരോ തന്റെ മുറിയിലെത്തി ബാഗുമായി കടന്നുകളഞ്ഞതാണെന്നാണ് താരം ആരോപിക്കുന്നത്.
ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തയാറാക്കിയ ഹോട്ടലിലാണ് ഇത്തരത്തിലൊരു സുരക്ഷാവീഴ്ച. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് താരം പറഞ്ഞു. മാരിയറ്റ് ഹോട്ടൽ, ബി.സി.സി.ഐ വിമൻ, ബി.സി.സി.ഐ, ഇ.സി.ബി ക്രിക്കറ്റ് ഹാൻഡിലുകളെ ടാഗ് ചെയ്തായിരുന്നു താനിയയുടെ ട്വീറ്റ്. എത്രയും വേഗം അന്വേഷണം നടത്തി പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കുറിച്ചു.
സംഭവത്തോട് ഹോട്ടൽ പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിൽ ക്ഷമചോദിച്ച ഹോട്ടൽ താരത്തിന്റെ പേരും മറ്റു വിവരങ്ങളും അയക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ചെയ്തത്. താമസവിവരങ്ങളും പങ്കുവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ താനിയയ്ക്ക് അന്തിമ ഇലവനിൽ ഇടംലഭിച്ചിരുന്നില്ല. സെപ്റ്റംബർ ആറിനു നടന്ന ടി20യിൽ കളിച്ചിരുന്നു. 19 ഏകദിനത്തിലും 53 ടി20യിലും ഇന്ത്യൻ കുപ്പായമിട്ടിട്ടുണ്ട് താനിയ ഭാട്ടിയ.
Summary: India wicket-keeper Taniya Bhatia alleged theft at the team's official hotel in London