Cricket
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് വിരമിച്ചു
Cricket

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് വിരമിച്ചു

Web Desk
|
8 Jun 2022 9:43 AM GMT

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ മിഥാലി രാജ് വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും റൺസ് നേടിയ താരം കൂടിയാണ്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 23 വർഷം നീണ്ട കരിയറിനൊടുവിലാണ് താരം സജീവക്രിക്കറ്റിന്റെ ക്രീസിൽനിന്ന് പിന്മാറുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് മിഥാലി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ചെറിയ പെൺകുട്ടിയായിരിക്കെ, ഇന്ത്യയുടെ നീല ജഴ്സി അണിയാനുള്ള മോഹവുമായി തുടങ്ങിയതാണ് ഈ യാത്ര. ഇന്ത്യയെ പ്രതിനിധീകരിക്കാനായത് ഏറ്റവും വലിയ അംഗീകാരമായി കരുതുന്നു. ഏറെ ഉയർച്ചകളും ചെറിയ വീഴ്ചകളുമെല്ലാം നിറഞ്ഞ യാത്രയായിരുന്നു ഇത്. എല്ലാ കളിയും പുതിയ പാഠങ്ങളാണ് സമ്മാനിച്ചത്. ജീവിതത്തിലെ ഏറെ സംതൃപ്തി നിറഞ്ഞതും വെല്ലുവിളി നിറഞ്ഞതും ആസ്വാദ്യവുമായ കാലമായിരുന്നു കഴിഞ്ഞ 23 വർഷം-മിഥാലി വിരമിക്കല്‍ കുറിപ്പില്‍ പറഞ്ഞു.

''എല്ലാ യാത്രകളും പോലെ, ഈ യാത്രയ്ക്കും ഒരു അന്ത്യമുണ്ടാകേണ്ടത് അനിവാര്യമാണ്. രാജ്യാന്തര ക്രിക്കറ്റിന്‍റെ മുഴുവന്‍ ഫോര്‍മാറ്റുകളില്‍നിന്നും ഇന്ന് ഞാന്‍ വിരമിക്കുകയാണ്.''

ഫീൽഡിൽ ഇറങ്ങിയപ്പോഴെല്ലാം ഇന്ത്യയെ ജയിപ്പിക്കണമെന്ന ദൃഢനിശ്ചയത്തോടെ എന്റെ പരമാവധി ഞാൻ സമർപ്പിച്ചിട്ടുണ്ട്. മൂവർണത്തെ പ്രതിനിധീകരിക്കാൻ കിട്ടിയ അവസരത്തെ ഞാൻ എപ്പോഴും മനസിൽ താലോലിക്കും. എന്റെ കായിക കരിയറിന് തിരശ്ശീലയിടാൻ പറ്റിയ ഏറ്റവും മികച്ച സമയമാണിതെന്ന് ഇപ്പോൾ തോന്നുന്നു. കാരണം, ഏറെ പ്രതിഭ നിറഞ്ഞ യുവതാരങ്ങളുടെ കൈയിലാണ് ഇപ്പോൾ ടീമുള്ളത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനവുമാണ്- മിഥാലി പറഞ്ഞു.

ബി.സി.സി.ഐക്കും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായ്ക്കും പ്രത്യേകം നന്ദി പറയുകയും ചെയ്തിട്ടുണ്ട് അവർ. താരമെന്ന നിലയിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായികയെന്ന നിലയിലും അവർ നൽകിയ പിന്തുണയ്‌ക്കെല്ലാം നന്ദിയുണ്ടെന്ന് താരം കുറിച്ചു. വിരമിച്ചെങ്കിലും ഇന്ത്യയിൽ വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി ഈ മേഖലയിൽ തുടരുമെന്നും മിഥാലി രാജ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മിഥാലി വനിതാ ക്രിക്കറ്റിൽ ഏറ്റവും റൺസ് നേടിയ താരം കൂടിയാണ്. 232 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമിട്ട താരം 50 ശറാശരിയിൽ 7,805 റൺസാണ് വാരിക്കൂട്ടിയത്. 89 ടി20കളിൽനിന്നായി 2,364 റൺസും അടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കായി 12 ടെസ്റ്റും കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും അടക്കം 699 റൺസാണ് ടെസ്റ്റിലെ സമ്പാദ്യം.

Summary: India women cricket legend Mithali Raj announces retirement

Similar Posts