Cricket
കുതിപ്പ് തുടർന്ന് ചെന്നൈ; ബാംഗ്ലൂരിനെതിരെ ആറു വിക്കറ്റ് ജയം
Cricket

കുതിപ്പ് തുടർന്ന് ചെന്നൈ; ബാംഗ്ലൂരിനെതിരെ ആറു വിക്കറ്റ് ജയം

Web Desk
|
24 Sep 2021 6:48 PM GMT

ഐപിഎൽ പതിനാലാം പതിപ്പിൽ ഏഴാമത്തെ ജയവുമായി പോയിന്റ് ടേബിളിൽ ഒന്നാമന്മാരായി കുതിപ്പ് തുടരുകയാണ് ധോണിപ്പട. ബാംഗ്ലൂർ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെയാണ് ചെന്നൈ മറികടന്നത്

ഷാർജയിൽ ആവേശം കത്തിനിന്ന ധോണി-കോഹ്ലി പോരിൽ ചെന്നൈ സൂപ്പർ കിങ്‌സിന് തകർപ്പൻ ജയം. ഐപിഎൽ പതിനാലാം പതിപ്പിൽ ഏഴാമത്തെ ജയവുമായി പോയിന്റ് ടേബിളിൽ ഒന്നാമന്മാരായി കുതിപ്പ് തുടരുകയാണ് ധോണിപ്പട. ബാംഗ്ലൂർ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിനാണ് ചെന്നൈ മറികടന്നത്.

തുടർച്ചയായ രണ്ടാം കളിയിലും തകർപ്പൻ പ്രകടനം തുടർന്ന യുവതാരം ഋതുരാജ് ഗെയ്ക്ക്‌വാദും ഫാഫ് ഡുപ്ലെസിയും ചേർന്നെടുത്ത 71 റൺസിന്റെ ഓപണിങ് കൂട്ടുകെട്ട് തന്നെയാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. ഗെയ്ക്ക്‌വാദ് 26 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 38 റൺസെടുത്താണ് പുറത്തായത്. ഡുപ്ലെസി 26 പന്തിൽ രണ്ടുവീതം സിക്‌സും ബൗണ്ടറിയുമായി 31 റൺസുമെടുത്തു.

തുടർന്നുവന്ന മോയിൻ അലിയും(18 പന്തിൽ രണ്ട് സിക്‌സ് സഹിതം 23) അമ്പാട്ടി റായുഡുവും(22 പന്തിൽ ഒരു സിക്‌സും മൂന്ന് ബൗണ്ടറിയു സഹിതം 32) ചെന്നൈ സ്‌കോർവേഗം കൂട്ടി. ഒടുവിൽ നായകൻ എംഎസ് ധോണിയും(ഒൻപത് പന്തിൽ രണ്ട് ബൗണ്ടറി സഹിതം 11) സുരേഷ് റെയ്‌നയും(പത്ത് പന്തിൽ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 17) ചേർന്നാണ് ചെന്നൈ വിജയം പൂർത്തിയാക്കിയത്.

ബാംഗ്ലൂർ ബൗളർമാരിൽ രണ്ട് വിക്കറ്റ് കൂടി അക്കൗണ്ടിൽ ചേർത്ത് ഹർഷൽ പട്ടേൽ വിക്കറ്റ് വേട്ടക്കാരിൽ കുതിപ്പ് തുടരുകയാണ്. യുസ്‌വേന്ദ്ര ചഹൽ, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ ടോസ് ലഭിച്ച ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ധോണിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ പത്ത് ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ ഇരുവരും അടിച്ചുകൂട്ടിയത് 90 റൺസാണ്. എന്നാൽ, അവിടന്നങ്ങോട്ടായിരുന്നു ചെന്നൈയുടെ മാസ്മരികമായ തിരിച്ചുവരവ്. വലിയ ടോട്ടലിലേക്ക് കുതിച്ച ബാംഗ്ലൂരിന് പക്ഷെ അടുത്ത പത്ത് ഓവറിൽ 66 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. അർധസെഞ്ച്വറികളുമായി തകർത്തടിച്ച കോഹ്ലി(41 പന്തിൽ ഒരു സിക്‌സും ആറ് ബൗണ്ടറിയും സഹിതം 53)യും പടിക്കലും(50 പന്തിൽ മൂന്നു സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 70) അടക്കം വിലപ്പെട്ട ആറു വിക്കറ്റുകളും നഷ്ടപ്പെട്ടു. ഡൈ്വൻ ബ്രാവോയുടെ നേതൃത്വത്തിൽ ചെന്നൈ ബൗളർമാരുടെ നേതൃത്വത്തിലുള്ള ഞെട്ടിപ്പിക്കുന്ന തിരിച്ചുവരവിൽ ഡിവില്ലേഴ്‌സും മാക്‌സ്‌വെല്ലും അടക്കം ഓപണർമാർക്കുശേഷം വന്ന ആർക്കും ഒന്നും ചെയ്യാനായില്ല.ഒ

ബ്രാവോ നാല് ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് നേടിയത്. ഷർദുൽ താക്കൂർ രണ്ട് വിക്കറ്റും ദീപക് ചഹാർ ഒരു വിക്കറ്റും നേടി.

Related Tags :
Similar Posts