സർപ്രൈസൊന്നുമില്ല; 'വയസ്സൻപട'യെത്തന്നെ വിശ്വസിക്കുന്നോ ചെന്നൈ?
|ഏറെക്കാലമായി ചെന്നൈ ബാറ്റിങ്ങിന്റെ നട്ടെല്ലായിരുന്ന ഫാഫ് ഡുപ്ലെസിയെയും പുതിയ ഓൾറൗണ്ടർ സെൻസേഷനായ ഷർദുൽ താക്കൂറിനെയും ബൗളിങ് കുന്തമുനയായിരുന്ന ജോഷ് ഹേസൽവുഡിനെയും തിരിച്ചുപിടിക്കാനും ടീം താൽപര്യം കാണിക്കാതിരുന്നത് ആരാധകർക്ക് നിരാശ പകരുന്നതാണ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ(ഐ.പി.എൽ) പുതിയ സീസണിന്റെ മുന്നോടിയായുള്ള മെഗാ ലേലം പുരോഗമിക്കുമ്പോൾ സർപ്രൈസ് നീക്കങ്ങൾക്കൊന്നും മുതിരാതെ ചെന്നൈ സൂപ്പർ കിങ്‌സ്. 40നോട് അടുക്കുന്ന പഴയ താരങ്ങളെ തന്നെ വിശ്വസിച്ച് നിലനിർത്തുകയാണ് ചെന്നൈ ഇതുവരെ ചെയ്തിട്ടുള്ളത്. ദീപക് ചഹാറിനെ നിലനിർത്താൻ 14 കോടി വരെ പോയെന്നു മാത്രമാണ് ഇന്നത്തെ ടീം ലേലത്തിൽ ആരാധകർക്ക് ആശ്വാസം നൽകിയ ഏക നീക്കം.
ഫാഫിനെയും ജോഷിനെയും റാഞ്ചി അയൽക്കാർ; താക്കൂറിനെ തട്ടിയെടുത്ത് ഡല്‍ഹി
ഏറെക്കാലമായി ചെന്നൈ ബാറ്റിങ്ങിന്റെ നട്ടെല്ലാണ് ദക്ഷിണാഫ്രിക്കരൻ താരമായ ഫാഫ് ഡുപ്ലെസി. കഴിഞ്ഞ പതിപ്പിൽ ടീമിന്റെ അപ്രതീക്ഷിതമായ തിരിച്ചുവരവിലും കിരീടനേട്ടത്തിലും ഏറ്റവും നിർണായക സംഭാവനകളർപ്പിച്ച താരം. റൺവേട്ടക്കാരിൽ ഋതുരാജ് ഗെയ്ക്ക്‌വാദിനു തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഫാഫ്.
എന്നാൽ, ഇത്തവണ ലേലത്തിൽ എല്ലാവരെയും ഞെട്ടിപ്പിച്ച് ചെന്നൈ ഡുപ്ലെസിക്കു പിന്നാലെ പോയില്ല. ലേലത്തിന്റെ തുടക്കത്തിൽ ഒന്നുരണ്ടു തവണ താരത്തെ പിടിക്കാൻ നോക്കിയതെന്നതല്ലാതെ പിന്നീടങ്ങോട്ട് വലിയ താൽപര്യമൊന്നും കാണിച്ചില്ല. ഒടുവിൽ ഏഴുകോടിക്കാണ് അയൽക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡുപ്ലെസിയെ തട്ടിയെടുത്തത്.
കഴിഞ്ഞ സീസണിൽ ടീം ബൗളിങ്ങിന്റെ കുന്തമുനയായിരുന്ന ഓസീസ് താരം ജോഷ് ഹേസൽവുഡിനെയും ടീം കൈവിട്ടു. കഴിഞ്ഞ ടി20 ലോകകപ്പിലടക്കം വൻഫോമിൽ നിൽക്കുന്ന താരമാണ് ജോഷ്. എന്നാൽ, 7.75 കോടിക്ക് ജോഷിനെയും ബാംഗ്ലൂർ തന്നെയാണ് റാഞ്ചിയത്.
ടീം ഇന്ത്യയുടെ പുതിയ ഓൾറൗണ്ട് സെൻസേഷനായ, ചെന്നൈയുടെ സ്വന്തം കണ്ടുപിടിത്തമായ ഷർദുൽ താക്കൂറിനെയും ടീം കൈവിട്ടു. താരത്തിനു വേണ്ടിയുള്ള ലേലത്തിൽ ഒരിക്കൽ മാത്രമാണ് ടീം താൽപര്യം പ്രകടിപ്പിച്ചത്. ഡൽഹിയും പഞ്ചാബുമെല്ലാം താരത്തെ പിടിക്കാൻ മത്സരിച്ചു. ഒടുവിൽ 10.75 കോടിയുടെ പൊന്നുംവില നൽകിയാണ് ഡൽഹി താക്കൂറിനെ സ്വന്തമാക്കിയത്.
പഴയ പടക്കുതിരകൾ മതിയോ?
ഡൂപ്ലെസിയെ തിരിച്ചുപിടിക്കാൻ താൽപര്യം കാണിക്കാത്തതുകണ്ടപ്പോൾ ഏറെക്കാലം പഴികേട്ട വയസ്സൻപടയ്ക്കു പകരം പുതുതലമുറയെയാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്നാണ് ആരാധകരും കളി വിദഗ്ധരുമെല്ലാം വിലയിരുത്തിയിരുന്നത്. എന്നാൽ, എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു ചെന്നൈയുടെ നീക്കം.
ഇഷൻ കിഷൻ, ശ്രേയസ് അയ്യർ, ഹർഷൽ പട്ടേൽ അടക്കം എല്ലാ ടീമുകളും നോട്ടമിടുമെന്ന് ഉറപ്പായിരുന്ന സൂപ്പർ യുവതാരങ്ങൾക്കു പിന്നാലെയൊന്നും ടീം പോയില്ല. പകരം പഴയ പടക്കുതിരകളെത്തന്നെ തിരിച്ചുപിടിക്കാൻ മത്സരിക്കുകയായിരുന്നു ടീം. പ്രായം 40നോടടുക്കുന്ന ഡി.ജെ ബ്രാവോ, അമ്പാട്ടി റായ്ഡു, റോബിൻ ഉത്തപ്പ എന്നിവരെയെല്ലാം നിലനിർത്തി. അതും കോടികൾ വാരിയെറിഞ്ഞ്.
4.40 കോടി പറഞ്ഞാണ് ബ്രാവോയെ തിരിച്ചുപിടിച്ചത്. റായ്ഡുവിന് 6.75 കോടിയുമെറിഞ്ഞു. പാതി മലയാളിയായ റോബിൻ ഉത്തപ്പയെയും തിരിച്ചുപിടിച്ചു; അടിസ്ഥാനവിലയായ രണ്ടുകോടിക്ക്.
ഐ.പി.എല്ലിന്റെ തുടക്കംതൊട്ടേ നായകൻ എം.എസ് ധോണിക്കൊപ്പം ടീമിന്റെ വിശ്വസ്തതാരമായിരുന്ന സുരേഷ് റെയ്‌നയെ കൈവിടുകയും ചെയ്തു. കഴിഞ്ഞ സീസണിൽ താളംകണ്ടെത്താൻ ഏറെ കഷ്ടപ്പെട്ട റെയ്‌നയ്ക്കു പിന്നാലെ ടീം പോകാതിരുന്നത് ആരാധകർക്ക് വേദന നൽകുമ്പോഴും മറ്റൊരു അർത്ഥത്തിൽ ആശ്വാസം പകരുന്നതായിരിക്കും. താരത്തെ വാങ്ങാൻ മറ്റൊരു ടീമും എത്തിയതുമില്ല.
ദീപക് ചഹാറിനെ കടുത്ത മത്സരത്തിലൂടെ തിരിച്ചുപിടിച്ചതു മാത്രമായിരിക്കും ഇന്ന് ടീം ആരാധകര്‍ക്ക് ആകെ സന്തോഷിക്കാവുന്ന ഒരു നിമിഷം. ഓൾറൗണ്ടിങ് പ്രകടനത്തിലൂടെ അടുത്തിടെയായി സ്വന്തം മൂല്യം കൂട്ടിയ ചഹാറിനു വേണ്ടി ടീമുകള്‍ കടുത്ത മത്സരമായിരന്നു. ഒടുവില്‍, 14 കോടിയെന്ന പൊന്നുംവില തന്നെ നല്‍കേണ്ടിവന്നു ചെന്നൈക്ക് താരത്തെ തിരിച്ചുപിടിക്കാന്‍.