ലഖ്‌നൗ താരങ്ങൾ ഇന്നിറങ്ങുക അമ്മമാരുടെ പേരെഴുതിയ ജഴ്‌സിയിൽ
|കന്നി ഐ.പി.എൽ ടൂർണമെന്റിൽ കെ.എൽ രാഹുലിന്റെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് പ്ലേഓഫ് ഉറപ്പിക്കാൻ ഇനി ഒരു ജയം മാത്രം മതി
മുംബൈ: കന്നി ഐ.പി.എൽ ടൂർണമെന്റിനിറങ്ങിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് പ്ലേഓഫ് ഉറപ്പിക്കാൻ ഒരു ജയം മാത്രം മതി. കെ.എൽ രാഹുലിന്റെ നേതൃത്വത്തിൽ വൻ മുന്നേറ്റമാണ് ലഖ്‌നൗ സംഘം പുറത്തെടുത്തത്. അതിനിടെ, ഇന്ന് പൂനെയിലെ മഹാരാഷ്ട്രാ ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ കൊൽക്കത്തയെ നേരിടാൻ ലഖ്‌നൗപട ഇറങ്ങുന്നത് വേറിട്ട ജഴ്‌സിയിലാകും.
എല്ലാ താരങ്ങളും സ്വന്തം പേരിനു പകരം അമ്മമാരുടെ പേരെഴുതിയ ജഴ്‌സി ഉടുത്താകും ഇന്ന് കളത്തിലിറങ്ങുക. ലോക മാതൃദിനത്തിന്റെ ഭാഗമായാണ് എൽ.എസ്.ജിയുടെ ഈ വേറിട്ട നടപടി. ഇന്ന് താരങ്ങൾ ഇടാനിരിക്കുന്ന അമ്മമാരുടെ പേരെഴുതിയ ജഴ്‌സി എൽ.എസ്.ജി ഔദ്യോഗികമായി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 'അമ്മാ, ഇത് നിങ്ങൾക്കുള്ളതാണ്.' ഇങ്ങനെയാണ് സൂപ്പർജയന്റ് മാതൃദിനത്തിന് ഒരുങ്ങുന്നതെന്ന് അടിക്കുറിപ്പായി ചേർക്കുകയും ചെയ്തിട്ടുണ്ട്.
ജഴ്‌സിയുടെ നിറത്തിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ നീലനിറത്തിലുള്ളതാണ് ടീം ജഴ്‌സി. എന്നാൽ, പിൻഭാഗത്ത് ഓറഞ്ച് നിറത്തിൽ അമ്മമാരുടെ പേര് അച്ചടിച്ച ജഴ്‌സി ചാരനിറത്തിലുള്ളതാണ്.
ഇന്നത്തേതടക്കം നാല് മത്സരങ്ങളാണ് പ്ലേഓഫിനു മുൻപ് ലഖ്‌നൗക്ക് ബാക്കിയുള്ളത്. ഇതിൽ, ഒന്നിൽ മാത്രം ജയിച്ചാൽ മതി. എന്നാൽ, ശ്രേയസ് അയ്യർ നയിക്കുന്ന കൊൽക്കത്തയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടമായിരിക്കും. പ്ലേഓഫ് സാധ്യത ഉറപ്പിക്കാൻ ബാക്കിയുള്ള നാലു കളിയിൽ നാലും ജയിക്കണം.
Summary: IPL 2022: LSG to celebrate 'mother's day', players will don jerseys with their mom's name