'രാജസ്ഥാന് ജയ'സ്വാള്‍; പഞ്ചാബിനെ തകര്‍ത്തത് ആറ് വിക്കറ്റിന്
|രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് തുടക്കമാണ് യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും ചേര്‍ന്ന് നല്‍കിയത്.
പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വീണ്ടും രാജസ്ഥാന്‍ വിജയവഴിയില്‍. ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്‍റെ തകര്‍പ്പന്‍ ബാറ്റിങാണ് രാജസ്ഥാന് വിജയം നേടിക്കൊടുത്തത്. പഞ്ചാബ് ഉയര്‍ത്തിയ റണ്‍സ് വിജയലക്ഷ്യം വെറും നാല് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ മറികടന്നത്.
രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് തുടക്കമാണ് യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും ചേര്‍ന്ന് നല്‍കിയത്. നാലോവറില്‍ 50 കടന്ന രാജസ്ഥാന്‍ അതേ ഗിയറില്‍ത്തന്നെയാണ് മത്സരത്തിലുടനീളം ബാറ്റുവീശിയത്. 16 പന്തില്‍ 30 റണ്‍സുമായി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെ ജോസ് ബട്‍ലറിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ സഞ്ജുവും ബട്‍ലര്‍ നിര്‍ത്തിയിടത്തുനിന്ന് അടിതുടങ്ങി. 12 പന്തില്‍ നാല് ബൌണ്ടറികളുള്‍പ്പടെ 23 റണ്‍സെടുത്ത സഞ്ജുവിനെ ഋഷി ധവാന്‍ ശിഖര്‍ ധവാന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
ഒരറ്റത്ത് മികച്ച രീതിയില്‍ ബാറ്റുവീശിയ ജയ്‍സ്വാള്‍ ഇതിനിടയില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തി. 41 പന്തില്‍ ഒന്‍പത് ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പടെ 68 റണ്‍സാണ് ജയ്‍സ്വാള്‍ അടിച്ചുകൂട്ടിയത്. സെഞ്ച്വറിയിലേക്ക് നീങ്ങിയ ജയ്സ്‍വാളിനെ അര്‍ഷ്ദീപ് സിങാണ് വിക്കറ്റാക്കിയത്. പിന്നീടെത്തിയ ഹെറ്റ്മെയറും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ടീമിനെ അധികം നഷ്ടമില്ലാതെ വിജയതീരത്തെത്തിക്കുകയായിരുന്നു. 31 റണ്‍സെടുത്ത പടിക്കല്‍ 19 ആം ഓവറില്‍ പുറത്തായെങ്കിലും 16 പന്തില്‍ 31 റണ്‍സോടെ പുറത്താകാതെ നിന്ന ഹെറ്റ്മെയര്‍ ടീമിന്‍റെ വിജയമുറപ്പിച്ചു. ജയത്തോടെ രാജസ്ഥാന് 14 പോയിന്‍റായി.
അതേസമയം അര്‍ധ സെഞ്ച്വറി നേടിയ ജോണി ബെയര്‍സ്റ്റോയും അവസാന ഓവറുകളില്‍ തകര്‍പ്പനടി കാഴ്ചവെച്ച ജിതേഷ് ശര്‍മയുമാണ് പഞ്ചാബിനെ മികച്ച ടോട്ടലൊരുക്കാന്‍ സഹായിച്ചത്.
ഓപ്പണിങ് വിക്കറ്റിലെ മോശമല്ലാത്ത തുടക്കം മധ്യനിര കൂടുതല്‍ നഷ്ടം വരുത്താതെ അവസാനം വരെയെത്തിച്ചതാണ് പഞ്ചാബിന് കരുത്തയത്. ധവാന്‍റെ വിക്കറ്റ് വീണതിന് ശേഷമമെത്തിയ ഭാനുക രജപക്‌സെയും ബെയര്‍സ്റ്റോയും ചേര്‍ന്ന് തകര്‍പ്പനടി കാഴ്ചവെച്ചു. 10 ഓവറില്‍ ടീം സ്കോര്‍ 89ലെത്തുമ്പോഴാണ് പഞ്ചാബിന് രജപക്‌സെയുടെ വിക്കറ്റ് നഷ്ടപ്പെടുന്നത്. 18 പന്തില്‍ 27 റണ്‍സെടുത്ത രജപക്സെയെ ചാഹല്‍ ബൌള്‍ഡ് ആക്കുകയായിരുന്നു. പിന്നീടെത്തിയ ക്യാപ്റ്റന്‍ അഗര്‍വാളിനെയും ചാഹല്‍ തന്നെ അധികം വൈകാതെ മടക്കി. 13 പന്തില്‍ 15 റണ്‍സ് മാത്രം നേടിയ അഗര്‍വാളിനെ ചാഹല്‍ ജോസ് ബട്‍ലറുടെ കൈകളിലെത്തിക്കുകയായിരുന്നു. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബെയര്‍സ്റ്റോയെയും ചാഹല്‍ വീഴ്ത്തി. 40 പന്തില്‍ എട്ട് ബൌണ്ടറിയും ഒരു സിക്സറുമുള്‍പ്പടെ 56 റണ്‍സെടുത്താണ് ബെയര്‍സ്റ്റോ പുറത്തായത്.
ഒരു കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ട പഞ്ചാബിനെ പിന്നീടൊത്തുചേര്‍ന്ന ലിവിങ്സ്റ്റണും ജിതേഷ് ശര്‍മയും കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ലിവിങ്സ്റ്റണ്‍ 14 പന്തില്‍ 22 റണ്‍സോടെ പുറത്തായപ്പോള്‍ ഒരു ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പടെ 38 റണ്‍സ് നേടിയ ജിതേഷ് ശര്‍മ പുറത്താകാതെ നിന്നു. രാജസ്ഥാനായി യുസ്‍വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റെടുത്തു.