ബുംറയ്ക്ക് പകരക്കാരനായി സിറാജ്; ലോകകപ്പിൽ ആര് വരും?
|ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് തടയാൻ കഷ്ടപ്പെടുന്ന ബൗളിങ് നിരയാണ് ആസ്ട്രേലിയയിലെ പേസ് ബൗളർമാരുടെ പറുദീസയിലേക്ക് പറക്കാനിരിക്കുന്നതെന്നത് ഇന്ത്യയ്ക്ക് ശരിക്കും തലവേദനയായിരിക്കുകയാണ്
ന്യൂഡൽഹി: പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുംറ ഇന്ത്യയുടെ ടി20 ലോകകപ്പ് സംഘത്തിൽനിന്ന് പുറത്താകുമെന്ന വാർത്തകൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ആരാധകരുടെ ആശങ്കകൾ ശരിവയ്ക്കുന്ന തരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ബുംറയ്ക്കു പകരം മുഹമ്മജ് സിറാജിനെ ബി.സി.സി.ഐ ടീമിലെടുത്തിരിക്കുകയാണ്.
ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ആണ് ദേശീയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. പുറംവേദനയെത്തുടർന്ന് ബുംറ നിലവിൽ ബി.സി.സി.ഐ മെഡിക്കൽ വിഭാഗത്തിന്റെ പരിചരണത്തിൽ കഴിയുകയാണെന്ന് ജയ് ഷാ വെളിപ്പെടുത്തി. അതേസമയം, ടി20 ലോകകപ്പ് താരത്തിന് നഷ്ടപ്പെടുമെന്ന തരത്തിലുള്ള വാർത്തകളിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. ഒക്ടോബർ രണ്ട്, നാല് തിയതികളിലാണ് അവശേഷിക്കുന്ന മത്സരങ്ങൾ. ഞായറാഴ്ച ഗുവാഹത്തിയിലും ചൊവ്വാഴ്ച ഇൻഡോറിലും വച്ചാണ് രണ്ട്, മൂന്ന് ടി20 മത്സരങ്ങൾ നടക്കുന്നത്.
ഐ.പി.എല്ലിൽ ബാംഗ്ലൂരിന്റെ മുൻനിര പേസറായ മുഹമ്മദ് സിറാജ് ദേശീയ കുപ്പായത്തിൽ അഞ്ച് ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽനിന്ന് അഞ്ചു വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ധരംശാലയിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാന ടി20 മത്സരം.
ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്ക് നേരത്തെ വിശ്രമം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീപക് ഹൂഡയും പരിക്കേറ്റു പുറത്തായത്. ഭുവനേശ്വർ കുമാർ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. പകരക്കാരായി ഉമേഷ് യാദവ്, ശ്രേയസ് അയ്യർ, ഷഹബാസ് അഹ്മദ് എന്നിവരെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ബുംറയുടെ പരിക്ക് ഗുരുതരമായതിനു പിന്നാലെയാണ് സിറാജിയും നറുക്കു വീണത്.
കഴിഞ്ഞ ദിവസം ബി.സി.സി.ഐ വൃത്തം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുംറയ്ക്ക് ലോകകപ്പിലും മത്സരിക്കാനാകില്ലെന്നാണ് അറിയുന്നത്. ബുംറയ്ക്കൊപ്പം ദീർഘകാലമായി ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ മുഹമ്മദ് ഷമി ദിവസങ്ങൾക്കുമുൻപാണ് കോവിഡിൽനിന്ന് മുക്തനായത്. എന്നാൽ, പൂർണമായും ആരോഗ്യം കൈവരിച്ചിട്ടില്ലെന്നാണ് വിവരം. നിലവിൽ തന്നെ ഡെത്ത് ഓവറുകളിലടക്കം റണ്ണൊഴുക്ക് തടയാൻ ഇന്ത്യൻ ബൗളർമാർ കഷ്ടപ്പെടുമ്പോഴാണ് തിരിച്ചടിയായി മുൻനിര താരങ്ങളുടെ പരിക്ക്.
പേസ് ബൗളർമാരുടെ പറുദീസയായ ആസ്ട്രേലിയൻ പിച്ചിലാണ് ടി20 ലോകകപ്പ് മത്സരങ്ങൾ നടക്കാനിരിക്കുന്നതെന്നതിനാൽ വിശ്വസ്ത താരങ്ങളുടെ പരിക്ക് ഇന്ത്യയ്ക്ക് ശരിക്കും തലവേദനയാകും. നിലവിൽ ടി20 ലോകകപ്പ് ടീമിൽ റിസർവ് താരമായാണ് ഷമിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്തയാഴ്ചകൾക്കിടയിൽ രോഗത്തിൽനിന്ന് പൂർണമായും മുക്തനാകാനായില്ലെങ്കിൽ ഷമിയും ലോകകപ്പ് സംഘത്തിലുണ്ടാകില്ല. അങ്ങനെയാണെങ്കിൽ ബുംറയ്ക്ക് പകരക്കാരനായി ഒരുപക്ഷെ മുഹമ്മദ് സിറാജ് തന്നെ ഉൾപ്പെട്ടേക്കും. ആവേശ് ഖാൻ, ടി. നടരാജൻ, ഉമ്രാൻ മാലിക്, പ്രസിദ് കൃഷ്ണ എന്നിവർക്കായും ആരാധകർ മുറവിളികൾ ഉയർത്തുന്നുണ്ട്.
Summary: Mohammed Siraj has been named as Jasprit Bumrah's replacement in India's T20I squad for the remainder of the series against South Africa