Cricket
Jay Shah hand gesture in IPL final, Jay Shah in IPL final, CSK vs GT, IPL 2023 final
Cricket

കളി തീരുംമുൻപേ നെഞ്ചിൽ കുത്തി ജയ് ഷായുടെ ആഹ്ളാദ പ്രകടനം; ആ 'സിഗ്നൽ' എന്തിനായിരുന്നു? ചർച്ചയായി വിഡിയോ

Web Desk
|
30 May 2023 8:59 AM GMT

പവലിയനിൽ വി.ഐ.പികൾക്കായി തയാറാക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് മറ്റാരെയോ നോക്കിയായിരുന്നു ജയ് ഷായുടെ 'സിഗ്നൽ'

അഹ്മദാബാദ്: ഐ.പി.എല്ലിൽ ഇന്നലെ ത്രില്ലർ കലാശപ്പോരാട്ടത്തിനായിരുന്നു അഹ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം സാക്ഷിയായത്. ഒരു ഘട്ടത്തിൽ ചൈന്നെ ജയിച്ചടക്കിയെന്നു തോന്നിപ്പിച്ച മത്സരം അവസാനത്തിൽ മോഹിത് ശർമയുടെ നേതൃത്വത്തിൽ തിരിച്ചുപിടിക്കുകയായിരുന്നു. ഒടുവിൽ അവസാന ഓവറിലെ രവീന്ദ്ര ജഡേഡയുടെ ഹീറോയിസമാണ് ചെന്നൈയ്ക്ക കിരീടം സമ്മാനിച്ചത്. അതിനിടെ, അവസാന ഓവറില്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നടത്തിയ ആഹ്ളാദപ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

അവസാന ഓവറിൽ ചെന്നൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസ്. സ്‌ട്രൈക്കിൽ 30 റൺസുമായി ശിവം ദുബെ. മറുവശത്ത് സൂപ്പർ താരം രവീന്ദ്ര ജഡേജ. പന്തെറിയാനെത്തുന്നത് മോഹിത് ശർമ. ആദ്യ പന്തിൽ ദുബേക്ക് റണ്ണൊന്നും കണ്ടെത്താനായില്ല. സമ്മർദം ഉയരുന്നു. അടുത്ത പന്തിൽ ലഭിച്ചത് ഒരു റൺ മാത്രം. ജഡേജ ക്രീസിലെത്തിയിട്ടും മാറ്റമുണ്ടായില്ല. മൂന്നാം പന്തിൽ ലോ ഫുൾടോസ് പന്തിൽ ജഡേജയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. വീണ്ടും ഒരു റൺ. വീണ്ടും ഓഫ് സ്റ്റംപിൽനിന്നു മാറി ലോ ഫുൾടോസ്. ഗാലറിയിലേക്ക് പറത്താനുള്ള ദുബേയുടെ ശ്രമം വിഫലമാകുന്നു, ലഭിച്ചത് സിംഗിൾ മാത്രം.

മോഹിതിന്റെ അസാധ്യമായ ഡെത്ത് ഓവർ പ്രകടനം. ഗുജറാത്ത് ക്യാംപ് ഒന്നടങ്കം ജയമുറപ്പിച്ച പോലെയായിരുന്നു. ബൗണ്ടറി ലൈനിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ മുഖത്തും അതേ ആത്മവിശ്വാസത്തിന്റെ ചിരി. ചെന്നൈ ക്യാംപിലും ഗാലറിയിലും നിശബ്ദത.

ഈ സമയത്തായിരുന്നു പവലിയനിൽ വി.ഐ.പികൾക്കായി തയാറാക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് മറ്റാരെയോ നോക്കി ജയ് ഷായുടെ ഒരു 'സിഗ്നൽ'. നെഞ്ചിനുനേരെ കുത്തി ജയമുറപ്പിച്ചെന്ന ആഹ്ലാദപ്രകടനം പോലെയായിരുന്നു ആ അംഗവിക്ഷേപം. എന്നാൽ, തൊട്ടടുത്ത പന്ത്, യോർക്കറിനുള്ള മോഹിതിന്റെ ശ്രമം ഗാലറിയിലാണ് അവസാനിച്ചത്. ലോങ് ഓണിനു കുറുകെ ജഡേജയുടെ ഉഗ്രൻ സിക്‌സർ. ഗുജറാത്ത് ക്യാംപ് നിശബ്ദതയിൽ, ചെന്നൈ ആരാധകർക്ക് ജീവൻ തിരിച്ചുകിട്ടിയ നിമിഷം. അവസാന പന്തിൽ ജയിക്കാൻ നാല് റൺസ്. നിർണായക പന്തിൽ മോഹിതിന് താളം പിഴച്ചു. പാഡ് ലക്ഷ്യമിട്ടെറിഞ്ഞ പന്ത് വൈഡിലേക്ക്. ജഡേജ ഷോർട്ട് ഫൈൻ ലെഗിലൂടെ ബൗണ്ടറിയിലേക്ക് പന്ത് തട്ടിയിടുന്നു. നാടകീയ നിമിഷങ്ങൾ. ആർത്തിരമ്പി മഞ്ഞക്കടൽ.

ചെന്നൈ അഞ്ചാം തവണ ഐ.പി.എൽ കിരീടം സ്വന്തമാക്കുന്നു. അഞ്ചു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. സ്വന്തം തട്ടകത്തിൽ കയ്പ്പുനീർ ഏറ്റുവാങ്ങേണ്ട വിധിയുണ്ടായത് ഗുജറാത്ത് ടൈറ്റൻസിനും.

Summary: BCCI secretary Jay Shah’s hand gesture, in the last over of CSK vs GT IPL 2023 final, sparks debate on social media

Similar Posts