മുംബൈയ്ക്ക് ഷോക്ക്; ആർച്ചർ നാട്ടിലേക്ക് മടങ്ങുന്നു, പകരം ജോർദാൻ
|പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള മുംബൈയ്ക്ക് പ്ലേഓഫ് ഉറപ്പിക്കാൻ ഇനി അവശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയം അനിവാര്യമാണ്
മുംബൈ: പ്ലേഓഫ് ഉറപ്പിക്കാൻ കടുത്ത മത്സരങ്ങൾ ബാക്കിയുള്ള മുംബൈ ഇന്ത്യൻസിന് തിരിച്ചടി. പരിക്ക് ഗുരുതരമായ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ നാട്ടിലേക്ക് മടങ്ങും. താരം ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കില്ലെന്ന് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് അറിയിച്ചു.
ആർച്ചറിന്റെ പകരക്കാരനെയും പ്രഖ്യാപിച്ചിണ്ട്. മറ്റൊരു ഇംഗ്ലീഷ് പേസറായ ക്രിസ് ജോർദനാണ് ജോഫ്രയ്ക്കു പകരം ടീമിലെത്തിയത്. രണ്ടു കോടി രൂപയാണ് തുടർമത്സരങ്ങൾക്കായി ജോർദാനു മുംബൈ നൽകുകയെന്ന് 'സ്പോർട്സ് എൻ.ഡി.ടി.വി' അറിയിച്ചു.
ജോഫ്ര ആർച്ചറിന്റെ രോഗമുക്തിയും ഫിറ്റ്നസും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നിരീക്ഷിച്ചുവരികയാണെന്ന് മുംബൈ ഇന്ത്യൻസ് ട്വിറ്ററിൽ കുറിച്ചു. പരിക്കിൽനിന്നുള്ള റീഹാബിലിറ്റേഷൻ നടപടിക്രമങ്ങളുടെ ഭാഗമായി ജോഫ്ര നാട്ടിലേക്ക് മടങ്ങുമെന്നും ട്വീറ്റിൽ സൂചിപ്പിച്ചു.
പരിക്കിൽനിന്ന് മടങ്ങിയെത്തിയ ആർച്ചർ നാലു മത്സരങ്ങളിൽ മാത്രമാണ് ഇത്തവണ മുംബൈയ്ക്കായി കളിച്ചത്. ഇതിൽ താരത്തിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. 10.38 എക്കോണമിയിൽ രണ്ട് വിക്കറ്റ് മാത്രമാണ് താരത്തിനു നേടാനായത്. 83.00 ആണ് സീസണിലെ ശരാശരി.
പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള മുംബൈയ്ക്ക് പ്ലേഓഫ് ഉറപ്പിക്കാൻ ഇനി അവശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയം അനിവാര്യമാണ്. ഇന്നു വൈകീട്ട് മുംബൈയിലെ വാങ്കഡെയിൽ ബാംഗ്ലൂരിനെതിരെ ജയം മാത്രം മുന്നിൽകണ്ടാകും ടീം ഇറങ്ങുക. കരുത്തരായ ഗുജറാത്തും ലഖ്നൗവുമാണ് മറ്റ് എതിരാളികൾ.
Summary: Jofra Archer ruled out of the remainder of IPL 2023 Season as Mumbai Indians announce English pacer Chirs Jordan as his replacement