ലാംഗറുടെ പരിശീലനമുറ കടു കട്ടി; ഇടഞ്ഞ് ആസ്‌ട്രേലിയൻ താരങ്ങൾ
|ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർക്കെതിരെ പരാതിയുമായി താരങ്ങൾ.
ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർക്കെതിരെ പരാതിയുമായി താരങ്ങൾ. ലാംഗറുടെ പരിശീലന മുറകൾ ഒത്തുപോകാൻ കഴിയാത്തതും വളരെ കഠിനമാണെന്നതുമാണ് ആസ്ട്രേലിയൻ താരങ്ങളെ ചൊടിപ്പിക്കുന്നത്.
ലാംഗറോട് പരിശീലന രീതി മാറ്റുവാൻ ആവശ്യപ്പെട്ട് താരങ്ങൾ പ്രതിഷേധസ്വരം വ്യക്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. മുൻ ഓസീസ് താരമായിരുന്ന ലാഗർ ദേശീയ ടീമിൽ കളിക്കുമ്പോഴും വിട്ട്കൊടുക്കാത്ത കർക്കശക്കാരനായിരുന്നു. ഇതേ ശൈലി പരിശീലകൻ ആയപ്പോളും താരം തുടരുകയാണ്. ലാംഗറുടെ പരിശീലന ശൈലിയിൽ താരങ്ങൾക്ക് അതൃപ്തി ഉണ്ടെന്ന വിവരം സിഡ്‌നി മോണിങ് ഹെറാള്‍ഡ് ആണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം ആസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ലാംഗറുടെ കരാർ പുതുക്കാൻ ഒരുങ്ങുമ്പോഴാണ് താരങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. 2022 വരെയാണ് ലാംഗര്‍ക്ക് നിലവിൽ കരാറുള്ളത്. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ കോച്ച് ഡാരന്‍ ലേമാൻ സ്ഥാനമൊഴിഞ്ഞപ്പോഴാണ് മുന്‍ ഓപ്പണര്‍ കൂടിയായ ലാംഗറെ ആസ്‌ട്രേലിയ പരിശീലകനായി നിയമിച്ചത്.
ഡ്രസ്സിംഗ് റൂമിൽ കൂടുതൽ സ്വാതന്ത്ര്യവും നിയന്ത്രണങ്ങളിൽ ഇളവും ആണ് താരങ്ങളുടെ പ്രധാന ആവശ്യം. ലാംഗറുടെ കഠിനമായ ഇടപെടൽ ടീമിനകത്ത് ഇത് അത്ര സുഖകരമല്ലാത്ത സാഹചര്യമാണുണ്ടാക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയ്ക്കെതിരെ സ്വന്തം നാട്ടിൽ വെച്ച് 2-1ന്റെ തോൽവി വഴങ്ങേണ്ടി വന്നതും താരങ്ങളിൽ ലാംഗർക്കെതിരെ അതൃപ്തി രൂപപ്പെടുവാൻ കാരണമായി.
ആസ്‌ട്രേലിയക്കായി 105 ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും ജസ്റ്റിന്‍ ലാംഗര്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 23 സെഞ്ച്വറികളും മൂന്ന് ഇരട്ട സെഞ്ച്വറികളും സഹിതം 7696 റണ്‍സും താരം നേടിയിട്ടുണ്ട്.