മാസ്ക് ധരിക്കാതെ കാറിൽ യാത്ര; ക്രിക്കറ്റ് താരം രാഹുൽ ത്രിപാഠിക്ക് പിഴ
|ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ മുൻനിര താരമാണ് ത്രിപാഠി.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ യാത്ര ചെയ്തതിന് ക്രിക്കറ്റ് താരം രാഹുൽ ത്രിപാഠിക്ക് പിഴ. ലോക്ഡൌൺ സമയത്ത് മാസ്ക് ധരിക്കാതെ കാറിൽ കറങ്ങിയതിനാണ് ത്രിപാഠിക്ക് പൊലീസ് പിഴ ചുമത്തിയത്. ലോക്ഡൗൺ സമയമാണെന്ന കാര്യം പോലും പരിഗണിക്കാതെ ഒരു കാരണവുമില്ലാതെ താരം കാറിൽ കറങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ചികിത്സ ആവശ്യത്തിനാണ് പുറത്തിറങ്ങിയതെന്നാണ് ത്രിപാഠി നൽകുന്ന വിശദീകരണം.
ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ മുൻനിര താരമാണ് ത്രിപാഠി. ആഭ്യന്തര-രഞ്ജി ക്രിക്കറ്റിൽ മഹാരാഷ്ട്രക്കായാണ് താരം കളിക്കുന്നത്. കോന്ദ്വയിലെ ഖാഡി മെഷീൻ ചൗക്കിൽ വെച്ച് വെള്ളിയാഴ്ച ഉച്ചക്കാണ് താരത്തിന് പിഴ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു.
കാറിൽ താരത്തെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നതായും പൊലീസുമായി സഹകരിച്ച താരം മാസ്ക് ധരിച്ച് പുറത്തിറങ്ങിയ ശേഷം 500 രൂപ പിഴയടച്ചതായും പൊലീസ് അധികൃതർ വ്യക്തമാക്കി.