ഡക്കുകൾ: സെവാഗിനൊപ്പം കോഹ്‌ലി, മുമ്പിൽ സച്ചിൻ
|ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 13-ാം ഓവറിലാണ് കോലി പൂജ്യത്തിന് പുറത്തായത്.
ഇന്ത്യയുടെ മുൻനിര ബാറ്റർമാരിൽ ഏറ്റവും കൂടുതൽ പൂജ്യത്തിന് പുറത്തായവരിൽ വിരാട് കോഹ്‌ലി രണ്ടാമത്. ഇന്നത്തേത് അടക്കം 31 തവണയാണ് കോഹ്‌ലി ഡക്കായിട്ടുള്ളത്. ടെസ്റ്റ് 14, ഏകദിനം 14, ടി20 3 എന്നിങ്ങനെയാണ് വിവിധ ഫോര്‍മാറ്റിലെ കണക്കുകൾ. 34 തവണ പൂജ്യത്തിന് പുറത്തായ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് ഇക്കാര്യത്തിൽ മുമ്പിൽ.
മുൻ ഓപണർ വീരേന്ദർ സെവാഗ് 31 തവണ ഡെക്കായിട്ടുണ്ട്. മുൻ നായകൻ സൗരവ് ഗാംഗുലി 29 തവണയും. ഇപ്പോൾ കളിക്കുന്ന ഇന്ത്യൻ താരങ്ങളിൽ ഇക്കാര്യത്തിൽ ഒന്നാമൻ കോഹ്‌ലി തന്നെ. ഏകദിനത്തിന്റെ മാത്രം കണക്കെടുത്താലും ഡക്കിൽ സച്ചിൻ തന്നെയാണ് മുമ്പിൽ; 20 തവണ. 18 തവണ പൂജ്യത്തിന് പുറത്തായ യുവരാജാണ് രണ്ടാമത്. 14 തവണയാണ് കോഹ്‌ലി ഡക്കായത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 13-ാം ഓവറിലാണ് കോലി പൂജ്യത്തിന് പുറത്തായത്.കേശവ് മഹാരാജിന്റെ പന്തിൽ ബാവുമ പിടിച്ചാണ് മുൻ നായകൻ പുറത്തായത്. 2019ൽ വിശാഖപട്ടണത്ത് വിൻഡീസിനെതിരെയാണ് ഇതിന് മുമ്പ് കോഹ്‌ലി ഡക്കായത്. അതിനു മുമ്പ് 2017ൽ ചെന്നൈയിൽ ആസ്‌ത്രേലിയക്കെതിരെയും. ദക്ഷിണാഫ്രിക്കൻ മണ്ണിൽ താരത്തിന്റെ രണ്ടാം ഡക്കാണിത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 51 റൺസായിരുന്നു കോലിയുടെ സമ്പാദ്യം. കഴിഞ്ഞ എട്ടു ഏകദിനത്തിൽ മൂന്നു സെഞ്ച്വറിയും കോഹ്‌ലിയുടെ പേരിലുണ്ട്.
കളിയിൽ ടോസ് നേടിയ ക്യാപ്റ്റൻ കെഎൽ രാഹുൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ന് ജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്.