നരൈൻ ഷോയിൽ കൊൽക്കത്ത; എലിമിനേറ്ററിൽ തോറ്റ് ബാംഗ്ലൂർ പുറത്ത്
|നാല് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ കൊയ്ത സുനിൻ നരൈനാണ് ബാംഗ്ലൂരിനെ ചെറിയ സ്കോറിലേക്ക് വരിഞ്ഞുമുറുക്കിയത്. മൂന്ന് സിക്സറിന്റെ അകമ്പടിയോടെ 15 പന്തിൽ 26 റൺസുമെടുത്ത് ഓൾറൗണ്ട് പ്രകടനമാണ് താരം ഇന്ന് പുറത്തെടുത്തത്
ഐപിഎല്ലിൽ കന്നി കിരീടത്തിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇനിയും കാത്തിരിക്കണം. അസാധ്യ പ്രകടനവുമായി നിറഞ്ഞുനിന്ന സീസണിനൊടുവിൽ നടന്ന എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ട് ബാംഗ്ലൂർ പുറത്ത്. ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ കൊൽക്കത്ത ഡൽഹിയെ നേരിടും.
ഷാർജ രാജ്യാന്തര സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ഉയർത്തിയ 139 എന്ന ചെറിയ സ്കോർ പിന്തുടർന്ന കൊൽക്കത്ത രണ്ടു പന്തുകൾ ബാക്കിനിൽക്കെയാണ് വിജയതീരമണഞ്ഞത്. ശുഭ്മൻ ഗിൽ(18 പന്തിൽ 29-നാല് ഫോർ), വെങ്കിടേഷ് അയ്യർ(30 പന്തിൽ 26-ഒരു സിക്സ്), നിതീഷ് റാണ(25 പന്തിൽ 23-ഒാരോ വീതം സിക്സും ഫോറും), സുനിൽ നരൈൻ(15 പന്തിൽ 26-മൂന്ന് സിക്സ്) എന്നിവർ കൂട്ടിച്ചേർത്ത ചെറിയ സ്കോറുകളാണ് കൊൽക്കത്തയെ തുണച്ചത്.
കൊൽക്കത്തയെപ്പോലെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിന്റെ ബൗളിങ് നിരയും പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ കൊൽക്കത്ത അനായാസജയത്തിലേക്ക് പോകുമെന്നുറപ്പിച്ചിടത്തു നിന്നാണ് ഹർഷൽ പട്ടേലും മുഹമ്മദ് സിറാജും യുസ്വേന്ദ്ര ചഹലും ചേർന്ന് കളി നിയന്ത്രണത്തിലാക്കിയത്. എന്നാൽ, ഡാൻ ക്രിസ്റ്റ്യനുനൽകിയ 12-ാം ഓവറാണ് കളിയുടെ ഗതി തിരിച്ചു. ഈ ഓവറിൽ സുനിൽ നരൈൻ ആറ് സിക്സറാണ് പറത്തിയത്. ഇതടക്കം 22 റൺസ് അടിച്ചെടുത്തു കൊൽക്കത്ത ബാറ്റസ്മാന്മാർ. സിറാജ്, ഹർഷൽ, ചഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് ലഭിച്ച ബാംഗ്ലൂർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ടീമിന് ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ, ആറാം ഓവറിൽ പടിക്കൽ വീണതോടെ ബാംഗ്ലൂരിന്റെ സ്കോർവേഗം കുറഞ്ഞു. 18 പന്തിൽ രണ്ട് ഫോർ സഹിതം 21 റൺസുമായാണ് പടിക്കൽ മടങ്ങിയത്. തുടർന്നെത്തിയ കഴിഞ്ഞ കളിയിലെ താരം ശ്രീകാർ ഭരതിനെ പുറത്താക്കി സുനിൽ നരൈൻ ബാംഗ്ലൂർവേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ മികച്ച നിലയിലേക്ക് നീങ്ങിയ കോഹ്ലിയുടെ കുറ്റിയും പിഴുതു നരൈൻ. 33 പന്തിൽ അഞ്ച് ബൗണ്ടറി സഹിത 39 റൺസായിരുന്നു കോഹ്്ലിയുടെ സമ്പാദ്യം.
അധികം വൈകാതെ എബി ഡിവില്ലിയേഴ്സിനെയും നരൈൻ ബൗൾഡാക്കി. 11 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. അവസാന പ്രതീക്ഷയായിരുന്ന ഗ്ലെൻ മാക്സ്വെല്ലിനും അധികം പിടിച്ചുനിൽക്കാനായില്ല. 18 പന്തിൽ 15 റൺസ് മാത്രമാണ് മാക്സ്വെൽ നേടിയത്.
നാല് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ കൊയ്ത നരൈൻ തന്നെയാണ് ബാംഗ്ലൂരിനെ വരിഞ്ഞുമുറുക്കിയത്. ലോക്കി ഫെർഗൂസൻ നാല് ഓവറിൽ 30 റൺസ് നൽകി രണ്ടു വിക്കറ്റും നേടി.