Cricket
ബൗളിങ് കോച്ചായി യോര്‍ക്കര്‍ കിങ്; ചില്ലറ ടീമല്ല... രണ്ടും കല്‍പ്പിച്ചാണ് രാജസ്ഥാന്‍
Cricket

ബൗളിങ് കോച്ചായി യോര്‍ക്കര്‍ കിങ്; ചില്ലറ ടീമല്ല... രണ്ടും കല്‍പ്പിച്ചാണ് രാജസ്ഥാന്‍

Web Desk
|
11 March 2022 10:27 AM GMT

ആരാധകര്‍ക്ക് പ്രതീക്ഷക്ക് വകവെക്കാനുള്ള എല്ലാ ചേരുവകളും സഞ്ജുവിന്‍റെ ടീം ഇത്തവണ അണിയറയിലൊരുക്കുന്നുണ്ട്

ഇത്തവണത്തെ ഐ.പി.എല്ലിന് രാജസ്ഥാന്‍ റോയല്‍സ് എത്തുന്നത് എന്തൊക്കെയോ കണക്കുകൂട്ടിയാണെന്ന് വ്യക്തം. താരലേലം മുതല്‍ കോച്ചിനെ തെരഞ്ഞെടുക്കുന്നത് വരെയുള്ള രാജസ്ഥാന്‍റെ നീക്കങ്ങള്‍ കാണുമ്പോള്‍ കാര്യം മനസിലാകും. ആരാധകര്‍ക്ക് പ്രതീക്ഷക്ക് വകവെക്കാനുള്ള എല്ലാ ചേരുവകളും സഞ്ജുവിന്‍റെ ടീം ഇത്തവണ അണിയറയിലും അരങ്ങിലുമായി ഒരുക്കുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ശ്രീലങ്കയുടെ ഇതിഹാസ പേസ് ബൌളറായ ലസിത് മലിങ്കയാണ് ഇപ്പോള്‍ രാജസ്ഥാന്‍ ക്യാമ്പില്‍ ചേര്‍ന്നിരിക്കുന്നത്. ടീമിന്‍റെ ഫാസ്റ്റ് ബൌളിങ് പരിശീലകനായാണ് മലിങ്ക രാജസ്ഥാനുമായി കരാറൊപ്പിട്ടിരിക്കുന്നത്.

ലസിത് മലിങ്കക്ക് പുറമേ പാഡി അപ്ടണും രാജസ്ഥാൻ റോയൽസിന്റെ കോച്ചിംഗ് നിരയിലേക്കെത്തുന്നുണ്ട്. ടീമിന്‍റെ പേസ് ഡിപ്പാര്‍ട്മെന്‍റിനെ മലിങ്ക പരിശീലിപ്പിക്കുമ്പോള്‍ ടീം കാറ്റലിസ്റ്റ് എന്ന പദവിയിലാണ് അപ്ടൺ എത്തുന്നത്. കഴി‍ഞ്ഞ ജനുവരിയിലാണ് മലിംഗ ഫ്രാഞ്ചസി ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. നേരത്തെ ശ്രീലങ്കയുടെ ബൗളിംഗ് സ്ട്രാറ്റജി കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ആസ്ട്രേലിയയിൽ വെച്ചു നടന്ന അഞ്ച് മത്സര ടി20 പരമ്പരയിലായിരുന്നു മലിങ്ക ശ്രീലങ്കയുടെ പരിശീലക കുപ്പായം അണിഞ്ഞത്. പാഡി അപ്ടൺ ആകട്ടെ മുമ്പ് രാജസ്ഥാന്‍റെ മുഖ്യ പരിശീലകനായിരുന്ന വ്യക്തിയാണ്.

മലിംഗ പേസ് ഡിപ്പാര്‍ട്മെന്‍റിനെ പരിശീലിപ്പിക്കാനെത്തുന്നതോടെ രാജസ്ഥാന്‍റെ ബൌളിങ് നിര കൂടുതല്‍ കരുത്തുറ്റതാകുമെന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും സംശയമുണ്ടാകില്ല. ഇത്തവണ രാജസ്ഥാൻ റോയൽസ് തങ്ങളുടെ തട്ടകത്തിലെത്തിച്ച ബൌളര്‍മാരുടെ നിര പരിശോധിച്ചാല്‍ തന്നെ മനസിലാകും മാനേജ്മെന്‍റ് എന്താണ് ഉദ്ദേശിക്കുന്നതെന്ന്. ട്രെന്‍റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, ഒബെദ് മക്കോയ്, നവ്ദീപ് സൈനി എന്നിവർ ഉൾപ്പെടുന്ന രാജസ്ഥാന്‍റെ പേസ് നിരക്ക് മലിംഗയുടെ ശിക്ഷണം കൂടി ലഭിക്കുന്നതോടെ ടീം കൂടുതൽ കരുത്തുറ്റതാകും.

മാര്‍ച്ച് 26 നാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്. 29 നാണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. വില്ല്യംസൺ നായകനായ സൺ റൈസേഴ്സ് ഹൈദരാബാദിനെയാണ് സഞ്ജുവിന്‍റെ രാജസ്ഥാന്‍ നേരിടുക.

2009 ൽ മുംബൈ ഇന്ത്യൻസിലൂടെ ഐ.പിയഎല്ലിലെത്തിയ മലിങ്ക ടൂർണമെന്‍റിലെ തന്നെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായാണ് ഐ.പി.എല്ലില്‍ നിന്ന് കളി മതിയാക്കിയത്. 2009 മുതൽ 2019 വരെ ഐ.പി.എൽ കളിച്ച ഈ വലം കൈയ്യൻപേസർ 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. 226 ഏകദിനങ്ങളിൽ നിന്നായി 338 വിക്കറ്റുകളും, 30 ടെസ്റ്റുകളിൽ നിന്ന് 101 വിക്കറ്റുകളും, 84 ടി20 മത്സരങ്ങളിൽ നിന്ന് 107 വിക്കറ്റുകളും മലിങ്ക സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് താരം സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

Similar Posts