Cricket
സ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു
Cricket

സ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു

Web Desk
|
23 Oct 2023 10:43 AM GMT

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു മേൽവിലാസമുണ്ടാക്കിത്തന്ന താരങ്ങളിലൊരാളാണ് ബേദി

ന്യൂഡൽഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളും മുൻ ദേശീയ ക്രിക്കറ്റ് ടീം നായകനുമായ ബിഷങ് സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു മേൽവിലാസമുണ്ടാക്കിത്തന്ന താരങ്ങളിലൊരാളാണ് ബേദി. ബി.എസ് ചന്ദ്രശേഖർ, എസ്. വെങ്കട്ടരാഘവൻ, ഏരപ്പള്ളി പ്രസന്ന എന്നിവർക്കൊപ്പം ഇന്ത്യയുടെ സ്പിൻ ബൗളിങ് പെരുമയ്ക്കു തുടക്കമിട്ടവരില്‍ ബേദിയുമുണ്ട്. 1967ൽ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളിൽനിന്ന് 266 വിക്കറ്റുകളാണു വാരിക്കൂട്ടിയത്. പത്ത് ഏകദിനങ്ങൾ കളിച്ച് ഏഴു വിക്കറ്റും നേടിയിട്ടുണ്ട്.

പഞ്ചാബിലാണു ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടി കളിച്ചാണു ശ്രദ്ധ നേടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയുടെ റെക്കോർഡും ബേദിയുടെ പേരിലാണ്. 370 മത്സരങ്ങളിൽനിന്നായി 1,560 വിക്കറ്റുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിലും നിർണായക പങ്കുവഹിച്ചു ചരിത്രത്തിന്‍റെ ഭാഗമാകാന്‍ ഭാഗ്യമുണ്ടായി.

1946 സെപ്റ്റംബർ 25ന് അമൃത്സറിലാണ് ബേദിയുടെ ജനനം. 1967 മുതൽ 1979 വരെ ഒരു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യയ്ക്കു വേണ്ടി പന്തെറിഞ്ഞു. 1971ൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പരമ്പര വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അജിത് വഡേക്കറുടെ അഭാവത്തിൽ ബേദിയായിരുന്നു അന്ന് ടീമിനെ നയിച്ചത്.

1990ൽ ഇന്ത്യയുടെ ന്യൂസിലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ടീം മാനേജറായിരുന്നു. ദേശീയ സെലക്ടറുമായിട്ടുണ്ട്. മനീന്ദർ സിങ്, മുരളി കാർത്തിക് ഉൾപ്പെടെ നിരവധി സ്പിൻ താരങ്ങളെ ഇന്ത്യയ്ക്കു സമ്മാനിച്ചയാള്‍കൂടിയാണ് ബിഷന്‍ സിങ് ബേദി.

Summary: Legendary India spinner Bishan Singh Bedi passes away

Similar Posts