യൂസുഫ് പത്താനും ഷുഹൈബ് അക്തറും നേര്‍ക്കുനേര്‍; ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗിന് ടോസ് വീണു
|ടോസ് നേടിയ മഹാരാജാസ് നായകന്‍ മുഹമ്മദ് കൈഫ് ബൌളിങ് തെരഞ്ഞെടുത്തിട്ടുണ്ട്
ക്രിക്കറ്റ് കാണികള്‍ക്ക് വീണ്ടം വിരുന്നൂട്ടാന്‍ അവര്‍ പോരിനിറങ്ങുന്നു. ഒരുകാലത്ത് ക്രിക്കറ്റ് മൈതാനങ്ങളില്‍ തീകോരിയിട്ട ഇതിഹാസ താരങ്ങൾ വീണ്ടും 22 വാര പിച്ചിലേക്ക്. ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇതിഹാസ താരങ്ങളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന് ഇന്ന് ഒമാനിലെ മസ്‌കറ്റ് സ്‌റ്റേഡിയത്തിൽ തുടക്കമായി. ആദ്യ മത്സരത്തില്‍ ഇന്ത്യാ മഹാരാജാസ് ടീം ഏഷ്യന്‍ ഇലവണെ നേരിടും.
ടോസ് നേടിയ മഹാരാജാസ് നായകന്‍ മുഹമ്മദ് കൈഫ് ബൌളിങ് തെരഞ്ഞെടുത്തിട്ടുണ്ട്. മിസ്ബാഹുല്‍ ഹഖ് നയിക്കുന്ന ഏഷ്യന്‍ ഇലവനാണ് എതിരാളികള്‍. ടൂർണമെൻറിൽ മൂന്ന് ടീമുകളിലായി വിവിധ രാജ്യങ്ങളുടെ മുന്‍ സൂപ്പര്‍ താരങ്ങളാണ് അണിനിരക്കുന്നത്.
ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെയാണ് ഇന്ത്യ മഹാരാജാസ് ടീമിൻെറ നായകനായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ അന്തിമ ഇലവനില്‍ സെവാഗ്, ഹര്‍ഭജന്‍, യുവരാജ് എന്നിവര്‍ ഉള്‍പ്പെട്ടില്ല. മുന്‍ പാകിസ്താന്‍ നായകനും നിലവിലെ പാക് പരിശീലകനുമായ മിസ്ബാഹ് ഉൾ ഹഖാണ് ഏഷ്യ ലയണ്‍സിനെ നയിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന് രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഡാരന്‍ സമ്മിയാണ് വേൾഡ് ജയന്‍റ്സിനെ നയിക്കുന്നത്.
ഇന്ത്യ മഹാരാജാസ് ടീം- നമൻ ഓജ (വിക്കറ്റ് കീപ്പര്‍), എസ് ബദരീനാഥ്, ഹേമാംഗ് ബദാനി, വേണുഗോപാൽ റാവു, മുഹമ്മദ് കൈഫ് (ക്യാപ്റ്റന്‍), യൂസഫ് പത്താൻ, സ്റ്റുവർട്ട് ബിന്നി, ഇർഫാൻ പത്താൻ, പ്രഗ്യാൻ ഓജ, മൻപ്രീത് ഗോണി, മുനാഫ് പട്ടേൽ
ഏഷ്യ ലയണ്‍സ് ടീം- ഉപുൽ തരംഗ, തിലകരത്‌നെ ദിൽഷൻ, കമ്രാൽ അക്മൽ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് യൂസഫ്, മിസ്ബ ഉൾ ഹഖ് (ക്യാപ്റ്റന്), അസ്ഹർ മഹ്മൂദ്, മുഹമ്മദ് ഹഫീസ്, നുവാൻ കുലശേഖര, ഷോയിബ് അക്തർ, മുത്തയ്യ മുരളീധരൻ, ഉമർ ഗുൽ