Cricket
Cricket
ഐ.പി.എല്‍; ഇത്തവണ ഗ്യാലറിയില്‍ ആരവം മുഴങ്ങും, കാണികള്‍ ഉണ്ടാവുമെന്ന് ഉറപ്പായി
|15 Sep 2021 1:10 PM GMT
ഒക്ടോബർ 17 മുതൽ യു.എ.ഇയിലും ഒമാനിലും നടക്കുന്ന ട്വൻറി 20 ലോകകപ്പിനും കാണികളെ അനുവദിക്കാനുള്ള സാധ്യതകൾ ഇതോടെ വർധിച്ചു.
സെപ്റ്റംബർ 19 മുതൽ യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണികളെ അനുവദിക്കുമെന്ന് ഐ.പി.എൽ അധികൃതർ വ്യക്തമാക്കി. കോവിഡ് മൂലം ഇന്ത്യയിൽ പാതിവഴിയിൽ നിർത്തിയ ടൂർണമെൻറാണ് യു.എ.ഇയിൽ ഗാലറിയുടെ ആരവങ്ങളോടെ പുനരാരംഭിക്കാനൊരുങ്ങുന്നത്. എത്ര ശതമാനം കാണികളെ അനുവദിക്കും എന്ന വിവരം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന യു.എ.ഇയുടെ ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ 60 ശതമാനം കാണികളെ അനുവദിച്ചിരുന്നു.
അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ് ഇത്തവണ മത്സരങ്ങൾ. കോവിഡ് തുടങ്ങിയ ശേഷം ആദ്യമായാണ് ഐ.പി.എല്ലിൽ കാണികളെ സ്റ്റേഡിയത്തിൽ എത്തിക്കുന്നത്. കഴിഞ്ഞ സീസൺ യു.എ.ഇയിൽ നടന്നപ്പോഴും കാണികൾ പുറത്തായിരുന്നു. ഇതോടെ ഒക്ടോബർ 17 മുതൽ യു.എ.ഇയിലും ഒമാനിലും നടക്കുന്ന ട്വൻറി 20 ലോകകപ്പിനും കാണികളെ അനുവദിക്കാനുള്ള സാധ്യതകൾ വർധിച്ചു.