Cricket
ലാസ്റ്റ് ബോള്‍ ത്രില്ലര്‍; കൊല്‍ക്കത്തയെ രണ്ട് റണ്‍സിന് കീഴടക്കി ലഖ്നൗ പ്ലേ ഓഫില്‍
Cricket

ലാസ്റ്റ് ബോള്‍ ത്രില്ലര്‍; കൊല്‍ക്കത്തയെ രണ്ട് റണ്‍സിന് കീഴടക്കി ലഖ്നൗ പ്ലേ ഓഫില്‍

Web Desk
|
18 May 2022 3:58 PM GMT

രാഹുലിന്‍റെയും ഡീ കോക്കിന്‍റെയും റെക്കോര്‍ഡ് പ്രകടനത്തില്‍ 210 റണ്‍സിന്‍റെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയ ലഖ്നൗവിനെതിരെ അവസാന പന്ത് വരെ പൊരുതിയെങ്കിലും വിജയത്തിന് തൊട്ടരികെ കൊല്‍ക്കത്ത വീണു.

ബാറ്റര്‍മാരുടെ പറുദീസയായി മാറിയ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ലഖ്നൌവിന് ത്രസിപ്പിക്കുന്ന വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ലഖ്നൗ കൊല്‍ക്കത്തയെ കീഴടക്കിയത്. രാഹുലിന്‍റെയും ഡീ കോക്കിന്‍റെയും റെക്കോര്‍ഡ് പ്രകടനത്തില്‍ 210 റണ്‍സിന്‍റെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയ ലഖ്നൗവിനെതിരെ അവസാന പന്ത് വരെ പൊരുതിയെങ്കിലും വിജയത്തിന് തൊട്ടരികെ കൊല്‍ക്കത്ത വീണുപോകുകയായിരുന്നു. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ തോല്‍വി വഴങ്ങയിതോടെ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി. 18 പോയിന്‍റോടെ ഐ.പി.എല്ലിലെ അരങ്ങേറ്റക്കാരായ ലഖ്നൗ പ്ലേ ഓഫ് ഉറപ്പിച്ചു.

ജീവന്മരണ പോരാട്ടത്തിനിറങ്ങിയ കൊല്‍ക്കത്തക്ക് ആദ്യം മുതലേ കളി കൈവിടുന്ന കാഴ്ചയാണ് കണ്ടത് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ കൊല്‍ക്കത്തക്ക് ഓപ്പണര്‍ വെങ്കടേഷ് അയ്യരെ നഷ്ടപ്പെട്ടിരുന്നു. പിന്നാലെ സ്കോര്‍ കാര്‍ഡില്‍ ഒന്‍പത് റണ്‍സെടുക്കുമ്പോഴേക്കും അഭിജിത് തോമറും കൂടാരം കയറി.

നിഥീഷ് റാണയും ശ്രേയസ് അയ്യരും ചേര്‍ന്ന് പിന്നീട് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ടീം സ്കോര്‍ 65 ലെത്തിയപ്പോള്‍ 42 റണ്‍സുമായി ടോപ് ഗിയറില്‍ കുതിച്ചുകൊണ്ടിരുന്ന റാണ വീണു. സാം ബില്ലിങ്സും ശ്രേയസും ചേര്‍ന്ന് വീണ്ടും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. 13 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 130 കടത്തി. എന്നാല്‍ അയ്യരുടെ വിക്കറ്റെടുത്ത സ്റ്റോയ്നിസ് ലഖ്നൌവിന് ബ്രേക് ത്രൂ നല്‍കി. പിന്നാലെ ബില്ലിങ്സും റസലും തുടരെ മടങ്ങിയതോടെ കൊല്‍ക്കത്ത പരാജയം മണത്തു.

എന്നാല്‍ അവസാന ഓവറുകളില്‍ മിന്നല്‍പ്പിണറായി റിങ്കുവും സുനില്‍ നരൈനും തകര്‍ത്തടിച്ചപ്പോള്‍ കളിയുടെ ഗതി വീണ്ടും മാറിമറിഞ്ഞു. മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവറില്‍ 21 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്കായി ആദ്യത്തെ നാല് പന്തില്‍ നിന്ന് റിങ്കു സിങ് 18 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ കളിയുടെ ട്വിസ്റ്റ് അഞ്ചാം പന്തില്‍ ആയിരുന്നു. റിങ്കു ഉയര്‍ത്തിയടിച്ച പന്തില്‍ ലൂയിസിന്‍റെ മിന്നല്‍ ക്യാച്ച്. മില്യണ്‍ ഡോളര്‍ വിലയുള്ള ക്യാച്ചായിരുന്നു ലഖ്നൗവിനെ സംബന്ധിച്ച് അത്. റിങ്കു പുറത്തായതോടെ അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ്, സ്ട്രൈക്കില്‍ ഉമേഷ് യാദവ്. യാദവിനെ അവസാന ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റോയ്നിസ് ലഖ്നൌവിന് ജയവും പ്ലേ ഓഫും സമ്മാനിച്ചു.

ഇന്നത്തെ മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചത് ക്യാച്ചുകളാണെന്നുതന്നെ പറയാം. കൊല്‍ക്കത്ത ജയത്തിലേക്ക് പറന്നിറങ്ങുമ്പോള്‍ ലൂയിസെടുത്ത മിന്നല്‍ ക്യാച്ചാണ് അവരെ തോല്‍പ്പിച്ചത്. മറുവശത്ത് ലഖ്നൌവിന്‍റെ ബാറ്റിങിനിടെ മത്സരത്തിന്‍റെ മൂന്നാം ഓവറിൽ ഡീ കോക്കിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തിയ അഭിജിത് തോമറിന് വലിയ വില കൊടുക്കേണ്ടി വന്നു. ഒരു ക്യാച്ചിന് ഒരു മത്സരത്തിന്‍റെ വിലയുണ്ടെന്ന് കൊല്‍ക്കത്തയെ പഠിപ്പിച്ചുകൊണ്ട് ഡീകൊക്കും രാഹുലും നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് ലഖ്നൌവിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.

നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ലഖ്നൌ സൂപ്പര്‍ ജയന്‍റ്സ് 210 റണ്‍സ് നേടി. 70 പന്തില്‍ പത്ത് ബൗണ്ടറിയും പത്ത് സിക്സറുകളുമുള്‍പ്പടെ ക്വിന്‍റന്‍ ഡീ കോക്ക് 140 റണ്‍സെടുത്തപ്പോള്‍ 51 പന്തിൽ 68 റൺസ് നേടി പിന്തുണ നല്‍കേണ്ട ചുമതല മാത്രമേ രാഹുലിനുണ്ടായിരുന്നുള്ളൂ. ഇരുവരും ചേര്‍ന്ന് തലങ്ങും വിലങ്ങും അടി തുടര്‍ന്നപ്പോള്‍ കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ക്ക് കാഴ്ചക്കാരായി നിൽക്കുവാനായിരുന്നു വിധി.

ടിം സൗത്തി എറിഞ്ഞ 19 ഓം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പറത്തിയ ഡീ കോക്ക് അവസാന ഓവറില്‍ ആന്ദ്രേ റസ്സലിനേയും കണക്കിന് ശിക്ഷിച്ചു. നാല് ബൗണ്ടറികളാണ് അവസാന ഓവറില്‍ ഡീ കോക്ക് അടിച്ചുകൂട്ടിയത്.

ഓപ്പണിങ് വിക്കറ്റിലെ ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതിനുമുമ്പ് ഹൈദരാബാദിനായി ജോണി ബെയര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ബാംഗ്ലൂരിനെതിരെ നേടിയ 185 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഇരുവരും ചേര്‍ന്ന് പഴങ്കഥയാക്കിയത്.



Similar Posts