ഐപിഎൽ 2023: ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തകർത്ത് ലഖ്‌നൗ
|എട്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് ഹൈദരാബാദ് നേടിയത്
ലഖ്‌നൗ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. എട്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എടുത്ത ഹൈദരാബാദിനെ 127/5നാണ് ലഖ്‌നൗ തോൽപ്പിച്ചത്. ആദ്യ മാച്ചിൽ രാജസ്ഥാൻ റോയൽസിനെതിരെ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെയാണ് ഇപ്പോൾ ലഖ്‌നൗവിനെതിരെയും സൺറൈസേഴ്‌സിന്റെ പരാജയം
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ടീമിനെ സ്പിന്നർമാരായ ക്രുണാൽ പാണ്ഡ്യ, അമിത് മിശ്ര, രവി ബിഷ്‌ണോയി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലഖ്‌നൗ വരിഞ്ഞുകെട്ടിയത്. നാലോവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത ക്രുണാൽ പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര 23 റൺസ് അനുവദിച്ച് രണ്ട് വിക്കറ്റും കൈക്കലാക്കി. ഒരു വിക്കറ്റ് നേടിയ രവി ബിഷ്‌ണോയി 16 റൺസ് മാത്രമാണ് വിട്ടുനൽകിയത്. യാഷ് താക്കൂർ ഒരു വിക്കറ്റ് വീഴ്ത്തി.
ഓപ്പണർമാരായ അനമോൾപ്രീത് സിംഗിനെയും മായങ്ക് അഗർവാളിനെയും നായകൻ എയ്ഡൻ മർക്രമിനയെുമാണ് പാണ്ഡ്യ പറഞ്ഞയച്ചത്. മായങ്ക് എട്ട് റൺനേടിയപ്പോൾ പൂജ്യം റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. വൺഡൗണായെത്തി പിടിച്ചു നിന്ന രാഹുൽ ത്രിപാതിയെ യാഷ് താക്കൂർ അമിത് മിശ്രയുടെ കൈകളിലെത്തിച്ചു. സുന്ദറിനൊപ്പം പിടിച്ചു നിൽക്കുകയായിരുന്നു ത്രിപാതി. എന്നാൽ 18ാം ഓറിൽ യാഷ് താരത്തെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ സുന്ദിനെ അമിത് മിശ്ര ദീപക് ഹൂഡയുടെ കൈകളിലുമെത്തിച്ചു. മൂന്നു പന്തിൽ നാല് റൺസ് നേടിയ ആദിൽ റഷീദിനെയും അമിത് മിശ്രയാണ് പുറത്താക്കിയത്. ഹൂഡക്കായിരുന്നു ആ ക്യാച്ചും. ഉംറാൻ മാലികിനെ ഹൂഡ റണ്ണൗട്ടാക്കിയപ്പോൾ അബ്ദുസമദ് പുറത്താകാതെ നിന്നു.