'മലയാളി ടീമിലുണ്ടെങ്കില്‍ കപ്പ് കിട്ടുമെന്ന് ഇനി വിശ്വസിച്ചേ പറ്റൂ; ഹാപ്പി അല്ലേ, അംബാനേ...!?'-കിരീടനേട്ടത്തിനു പിന്നാലെ സഞ്ജു
|''മലയാളികള്‍ എന്നെ ഇത്രയും സ്‌നേഹിക്കുകയും എനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ വലിയൊരു അനുഗ്രഹമായി കരുതുന്നു. ഒരിക്കലും ആഗ്രഹിക്കുകയോ വിചാരിക്കുകയോ ചെയ്യാത്ത കാര്യമാണിത്.''
ബ്രിഡ്ജ്ടൗണ്‍: ടീം ഇന്ത്യയുടെ ലോകകപ്പ് കിരീട ധാരണത്തിനു പിന്നാലെ ആദ്യ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസണ്‍. ഇത്രയും വലിയൊരു മുഹൂര്‍ത്തത്തിന്റെ ഭാഗമാകാന്‍ ആയതു തന്നെ വലിയ ഭാഗ്യമാണെന്ന് താരം പറഞ്ഞു. ഏറെക്കാലമായി ഫൈനലിലും സെമിയിലുമെല്ലാം കാലിടറിപ്പോകുകയായിരുന്നു. അവസാനം നമുക്ക് കിരീടം ലഭിച്ചുവെന്നത് ഏറെ സന്തോഷകരമാണെന്നും സഞ്ജു പറഞ്ഞു. മലയാളി ടീമിലുണ്ടെങ്കില്‍ കപ്പ് കിട്ടുമെന്ന് ഇനി വിശ്വസിച്ചേ പറ്റൂവെന്നും താരം പറഞ്ഞു.
ടി20 ലോകകപ്പിന്റെ ഭാഗമായി ലെയ്‌സണ്‍ ഓഫിസറായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന മലയാളി കൂടിയായ സിബി ഗോപാലകൃഷ്ണനോടായിരുന്നു സഞ്ജു സംസാരിച്ചത്. ഹാപ്പി അല്ലേ അംബാനേ എന്നു പറഞ്ഞായിരുന്നു സഞ്ജു തുടങ്ങിയത്. ''ഒന്നും പറയാന്‍ പറ്റുന്നില്ല. വൈകാരികമായ നിമിഷമാണ്. ശരിക്കും വാക്കുകള്‍ കിട്ടുന്നില്ല. ഭയങ്കര സന്തോഷമുണ്ട്. ഇത്രയും വലിയൊരു മുഹൂര്‍ത്തത്തില്‍ ഇവിടെയുള്ളതു തന്നെ വലിയ ഭാഗ്യം.''-സഞ്ജു തുടര്‍ന്നു.
ഈ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കുടുംബത്തിന്റെ ഭാഗമാകാനായതില്‍ ഏറെ നന്ദിയുണ്ടെന്നും താരം പറഞ്ഞു. നമ്മള്‍ ജയിക്കേണ്ടതുണ്ടായിരുന്നു. കുറേ പറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നു നമ്മള്‍. ഫൈനലിലും സെമി ഫൈനലിലുമെല്ലാം എത്തുമെങ്കിലും അവിടെയും ഇവിടെയുമെല്ലാം ഇടറിപ്പോകും. ഇത്തവണ ലോകകപ്പ് കിട്ടുമെന്ന് നമുക്കെല്ലാം അറിയാമായിരുന്നു. ഇപ്പോഴതു കിട്ടിയതില്‍ വളരെ സന്തോഷമെന്നും താരം മനസ്സുതുറന്നു. മലയാളികള്‍ ടീമിലുണ്ടെങ്കില്‍ കപ്പ് കിട്ടുമെന്ന് ഇനി വിശ്വസിച്ചേ പറ്റൂ. അങ്ങനെയായിപ്പോയില്ലേ എന്നും സഞ്ജു തമാശയായി കൂട്ടിച്ചേര്‍ത്തു.
''മലയാളികള്‍ എന്നെ ഇത്രയും സ്‌നേഹിക്കുകയും എനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ വലിയൊരു അനുഗ്രഹമായി കരുതുന്നു. ഒരിക്കലും ആഗ്രഹിക്കുകയോ വിചാരിക്കുകയോ ചെയ്യാത്ത കാര്യമാണിത്. നമ്മുടെ നാട്ടുകാര്‍ നമുക്കു വേണ്ടി ഇത്രയും ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇത്രയും എത്താനായത്.''
ഇതു ഭയങ്കരമായ മുഹൂര്‍ത്തമാണ്. ഇപ്പോള്‍ അടുത്ത ഘട്ടത്തെ കുറിച്ച് ആലോചിക്കാന്‍ പാടില്ല. ഇപ്പോള്‍ ഇവിടെനിന്ന് ഇതങ്ങ് ആഘോഷിക്കുകയാണു വേണ്ടതെന്നും താരം സൂചിപ്പിച്ചു.
കരീബിയയിലെ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയില്‍ സ്ഥിരതാമസക്കാരനാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സിബി ഗോപാലകൃഷ്ണന്‍. സെന്റ് ലൂസിയ നാഷനല്‍ ക്രിക്കറ്റ് അസോസിയേഷന്‍ അംഗവും മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ കൗണ്‍സിലില്‍ സര്‍ക്കാര്‍ പ്രതിനിധിയുമായിരുന്നു. ടീമിന് മികച്ച ലോക്കല്‍ സപ്പോര്‍ട്ട് തന്നയാളാണ് സിബിയെന്നും സംസാരത്തിനിടെ സഞ്ജു സൂചിപ്പിച്ചു. ടീമിന് എപ്പോഴും പോസിറ്റീവിറ്റിയും പിന്തുണയും നല്‍കിയയാളുമാണ് സിബിയെന്നും താരം പറഞ്ഞു.
ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഇടംപിടിച്ചിട്ടും സഞ്ജുവിന് ഒരു മത്സരത്തിലും കളത്തിലിറങ്ങാനായിരുന്നില്ല. എന്നാല്‍, ലോകകപ്പിന്റെ മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ അവസരം ലഭിച്ചിരുന്നു. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപണറായി ഇറങ്ങി സഞ്ജു ഒരു റണ്‍സുമായി പുറത്താകുകയായിരുന്നു.
Summary: 'If a Malayali is there in the Indian team, you must believe that you will clinch the trophy': Sanju Samson after Team India's T20 World Cup victory