മുംബൈ ആദ്യം ബൗൾ ചെയ്യും, അത്താഴം മുടക്കാന്‍ ഹൈദരാബാദ്-ആദ്യ മരണപ്പോരിന് തുടക്കം
|മാർക്രാമിനും സംഘത്തിനും നഷ്ടപ്പെടാനൊന്നുമില്ല. മുംബൈയെ തകർത്ത് നാണംകെട്ട സീസണിന്റെ ക്ഷീണം തീർക്കുക മാത്രമാകും ഹൈദരാബാദ് ഇന്ന് ലക്ഷ്യമിടുന്നത്
വാങ്കഡെ: നിർണായക മത്സരത്തിൽ മുംബൈ ആദ്യം ബൗൾ ചെയ്യും. സീസണിലെ അവസാന ലീഗ് മത്സരത്തിൽ പ്ലേഓഫ് സ്വപ്നം കണ്ടാണ് ഇന്ന് രോഹിത് ശർമയും സംഘവും ഇറങ്ങുന്നത്. മറുവശത്ത് ഐഡൻ മാർക്രാമിനും സംഘത്തിനും നഷ്ടപ്പെടാനൊന്നുമില്ല. മുംബൈയെ തകർത്ത് നാണംകെട്ട സീസണിന്റെ ക്ഷീണം തീർക്കുക മാത്രമാകും ഹൈദരാബാദ് ഇന്ന് ലക്ഷ്യമിടുന്നത്.
വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ ടോസ് ഭാഗ്യം തുണച്ചത് മുംബൈയെ. ആദ്യം പന്തെറിഞ്ഞ് ഹൈദരാബാദിനെ ചെറിയ സ്കോറിലൊതുക്കാനാണ് ടീമിന്റെ പ്ലാൻ. ഹൃതിക് ഷോകീനു പകരം കുമാർ കാർത്തികേയ അന്തിമ ഇലവനിൽ ഇടംപിടിച്ചതു മാത്രമാണ് മുംബൈ ടീമിലെ മാറ്റം. ഹൈദരാബാദിൽ ഉമ്രാൻ മാലികും മായങ്ക് അഗർവാളും സൻവീർ ശർമയും തിരിച്ചെത്തിയിരിക്കുന്നു.
മുംബൈ കാത്തിരിക്കുന്നത്
-ഹൈദരാബാദിനെ തോൽപിക്കുന്നു. അടുത്ത മത്സരത്തിൽ ഗുജറാത്തിനോട് ബാംഗ്ലൂർ തോൽക്കുന്നു. പ്ലേഓഫിലേക്ക് നേരെ കടക്കാം.
-ബാംഗ്ലൂരും ജയിച്ചാൽ പിന്നെ നെറ്റ് റൺറേറ്റ് തന്നെ ശരണം.
-റൺറേറ്റിലേക്ക് കാര്യങ്ങളെത്താനിടയുള്ളതിനാൽ വൻ മാർജിനിൽ ഹൈദരാബാദിനെ തോൽപിക്കേണ്ടിവരും മുംബൈയ്ക്ക്. ബാംഗ്ലൂരിന്റെ വിജയം നേരിടയ മാർജിനിനും ആയിരിക്കണം.
-ഹൈദരാബാദിനോട് തോറ്റാൽ കണക്കുകളെ ആശ്രയിക്കാനുമാകില്ല. പുറത്തിരിക്കുന്ന രാജസ്ഥാന് ഭാഗ്യാന്വേഷണത്തിനുള്ള വഴിയും തെളിയും.
Summary: MI vs SRH Live Score, IPL 2023