Cricket
മാച്ച്ഫിക്സ് ചെയ്യുമ്പോൾ ഈ വ്യക്തതയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ പോര് തുടർന്ന് മൈക്കൽ വോണും സൽമാൻ ബട്ടും
Cricket

'മാച്ച്ഫിക്സ് ചെയ്യുമ്പോൾ ഈ വ്യക്തതയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ' പോര് തുടർന്ന് മൈക്കൽ വോണും സൽമാൻ ബട്ടും

Web Desk
|
17 May 2021 4:05 AM GMT

'കോഹ്‍ലിയെ വിലകുറച്ച് കാണിക്കുവാന്‍ ശ്രമിക്കുന്ന വോണിന് ഒരു ഏകദിന സെഞ്ച്വറി പോലും ഇല്ലെന്ന ബട്ടിന്റെ പരാമർശമാണ് വോണിനെ ചൊടിപ്പിച്ചത് '

സമൂഹമാധ്യമങ്ങളിൽ വാക്പോര് തുടർന്ന് സൽമാൻ ബട്ടും മൈക്കല്‍ വോണും. മൈക്കല്‍ വോണ്‍ നടത്തുന്ന താരങ്ങളുടെ താരതമ്യങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് അഭിപ്രായപ്പെട്ട സല്‍മാന്‍ ബട്ടിനെതിരെ മൈക്കല്‍ വോണ്‍ വീണ്ടും തിരിച്ചടിച്ചു. ഇത്തരം വ്യക്തത നിറഞ്ഞ ആശയവും അഭിപ്രായവും സല്‍മാന്‍ ബട്ടിന് മാച്ച് ഫിക്സിങ്ങിന്റെ സമയത്ത് ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്നാണ് ബട്ടിന് മറുപടിയായി മൈക്കല്‍ വോണ്‍ പറഞ്ഞത്.

'സല്‍മാന്‍ ബട്ടിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയുവാന്‍ അവകാശമുണ്ട്. എന്നാല്‍ താരത്തിന് 2010ല്‍ മാച്ച്ഫിക്സിങ് നടക്കുമ്പോൾ ഇത്തരത്തില്‍ വ്യക്തതയുണ്ടായിരുന്നുവെങ്കില്‍ അത് എത്രയോ നന്നായേനെ' വോണ്‍ ട്വീറ്റ് ചെയ്തു.

ന്യൂസിലാൻഡ് നായകൻ കെയ്ന്‍ വില്യംസണ്‍ ഇന്ത്യന്‍ താരമായിരുന്നുവെങ്കില്‍ കോഹ്‍ലിയെപ്പോലെ അദ്ദേഹവും വാഴ്ത്തപ്പെട്ടേനെ എന്ന വോണിന്റെ പ്രസ്താവനയാണ് വിവാദങ്ങളുടെ തുടക്കം. 'കോഹ്‍ലിയെ വിലകുറച്ച് കാണിക്കുവാന്‍ ശ്രമിക്കുന്ന വോണിന് ഒരു ഏകദിന സെഞ്ച്വറി പോലും സ്വന്തമാക്കുവാന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. കോഹ്‍ലിയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 ശതകമുണ്ട്, സച്ചിനും റിക്കി പോണ്ടിംഗിനും പിന്നിലായാണ് താരം നിൽക്കുന്നത്. അത് മറക്കണ്ട' മൈക്കല്‍ വോണിന് മറ്റുപടിയായി ബട്ട് പറഞ്ഞു.

വളരെയധികം ജനസംഖ്യയുള്ള രാജ്യത്തെ ഒരു താരമാണെങ്കിലും കോഹ്‍ലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം മികച്ചതായതാണ് താരത്തെ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുവാന്‍ കാരണം, താരം ഏറെ നാളായി ബാറ്റിംഗ് റാങ്കിംഗില്‍ മുൻനിരയിലാണെന്നും വോണ്‍ അനാവശ്യമായ താരതമ്യങ്ങള്‍ നടത്തുകയാണെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു.

എന്നാൽ ഇതിനെതിരെ സൽമാൻ ബട്ട് മാച്ച് ഫിക്സിങ് നടത്തിയ വിവാദത്തെ പരാമർശിച്ചാണ് വോൺ മറുപടി പറഞ്ഞത്. ഇത്തരം വ്യക്തത നിറഞ്ഞ ആശയവും അഭിപ്രായവും സല്‍മാന്‍ ബട്ടിന് മാച്ച് ഫിക്സിംഗിന്റെ സമയത്ത് ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. ബട്ടിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയുവാന്‍ അവകാശമുണ്ടെന്നും എന്നാല്‍ താരത്തിന് 2010ല്‍ മാച്ച്ഫിക്സിങ് നടക്കുമ്പോൾ ഇത്തരത്തില്‍ വ്യക്തതയുണ്ടായിരുന്നുവെങ്കില്‍ അതെത്ര നന്നായേനെ എന്നായിരുന്നു വോണിന്റെ മറുപടി ട്വീറ്റ്.

Similar Posts