ജസ്റ്റ് അലി തിങ്സ്! ക്രിക്കറ്റിൽ പുത്തൻ ഷോട്ട് അവതരിപ്പിച്ച് മോയിൻ അലി
|ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലായിരുന്നു ക്രിക്കറ്റ് ആരാധകരെയും കളി നിരീക്ഷകരെയും അമ്പരപ്പിച്ച ഷോട്ട്
പ്രിട്ടോറിയ: ക്രിക്കറ്റിൽ പുത്തൻ ഷോട്ട് അവതരിപ്പിച്ച് ഇംഗ്ലീഷ് താരം മോയിൻ അലി. ഒറ്റക്കൈ കൊണ്ടുള്ള സ്വിച്ച് ഹിറ്റ് ആണ് അലിയുടെ കണ്ടുപിടിത്തം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഏകദിനത്തിലായിരുന്നു ക്രിക്കറ്റ് വിദഗ്ധരെയും ആരാധകരെയും അമ്പരപ്പിച്ച ഷോട്ട്.
44-ാം ഓവറിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രീസ് ഷംസിയുടെ പന്ത് നേരിടുമ്പോഴായിരുന്നു സംഭവം. പന്ത് ക്രീസിനു തൊട്ടടുത്തെത്തിയപ്പോൾ ഇടങ്കയ്യൻ ബാറ്ററായ മോയിൻ അലി നേരെ എതിർവശത്തേക്ക് തിരിഞ്ഞ് വലങ്കൈ കൊണ്ട് ഗല്ലിയിലൂടെ ബൗണ്ടറി പായിക്കാൻ നോക്കുകയായിരുന്നു. വിഫലമായ നീക്കം പക്ഷെ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു.
ബ്രെൻഡൻ മക്കല്ലം ഇംഗ്ലീഷ് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ അവതരിപ്പിച്ച ബാസ്ബാളുമായി ചേർത്തുവച്ചായിരുന്നു ആരാധകരും കളി നിരീക്ഷകരും മോയിൻ അലിയുടെ ഷോട്ടിനെ വിലയിരുത്തിയത്. ന്യൂസിലൻഡ് താരം ജിമ്മി നീഷം വിഡിയോ പങ്കുവച്ച് മക്കല്ലത്തെ ടാഗ് ചെയ്തു. എന്താണ് താങ്കൾ ചെയ്തുവച്ചിരിക്കുന്നതെന്ന് തമാശരൂപേണെയൊരു ചോദ്യവും.
മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിൽ 23 പന്തിൽ 41 റൺസും അടിച്ചെടുത്തിരുന്നു അലി. നാല് സിക്സറും രണ്ട് ബൗണ്ടറിയും സഹിതമായിരുന്നു ഇത്. ഡേവിഡ് മലാൻ(118), നായകൻ ജോസ് ബട്ലർ(131) എന്നിവരുടെ സെഞ്ച്വറിയുടെ കരുത്തിൽ 346 റൺസെടുത്ത ഇംഗ്ലീഷ് പട ആതിഥേയരെ 287 റൺസിന് പുറത്താക്കുകയും ചെയ്തു. ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ ബട്ലറിനും സംഘത്തിനും ആശ്വാസജയം കൂടിയായിരുന്നു ഇത്.
Summary: England all-rounder Moeen Ali attempts bizarre one-handed reverse switch hit during SA vs ENG third ODI