Cricket
നിങ്ങൾ രാജാവായിരിക്കാം, പക്ഷേ സൈനികർ ദുർബലരാണെങ്കിൽ നിങ്ങൾ യുദ്ധത്തിൽ തോൽക്കും; രോഹിതിനോട് കൈഫ്
Cricket

"നിങ്ങൾ രാജാവായിരിക്കാം, പക്ഷേ സൈനികർ ദുർബലരാണെങ്കിൽ നിങ്ങൾ യുദ്ധത്തിൽ തോൽക്കും"; രോഹിതിനോട് കൈഫ്

Web Desk
|
7 April 2022 7:53 AM GMT

കൊല്‍ക്കത്തയുടെ ആസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിന്‍റെ വെടിക്കെട്ട് ബാറ്റിങിലാണ് ഇന്നലെ മുംബൈ തകര്‍ന്നുപോയത്.

തുടർച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയ മുംബൈ ഇന്ത്യന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ശക്തനായ രാജാവും ദുര്‍ബലരായ സൈനികരുമുള്ള ഒരു ടീമായാണ് കൈഫ് മുംബൈ ഇന്ത്യന്‍സിനെ ഉപമിച്ചത്.

കൊല്‍ക്കത്തയുടെ ആസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിന്‍റെ വെടിക്കെട്ട് ബാറ്റിങിലാണ് ഇന്നലെ മുംബൈ തകര്‍ന്നുപോയത്. 14 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച കമ്മിന്‍സിന്‍റെ പ്രകടനത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഫീല്‍ഡര്‍മാരെ കാഴ്ചക്കാരാക്കി അയാള്‍ തലങ്ങും വിലങ്ങും ബൌണ്ടറി പറത്തി. ഫലമോ മുംബൈ ഇന്ത്യന്‍സിന് സീസണിലെ മൂന്നാം മത്സരത്തിലും തോല്‍വി.

രോഹിതിന് ഈ ടീമില്‍ എന്തെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് സാധ്യത കുറവാണെന്നായിരുന്നു കൈഫിന്‍റെ മറുപടി. ഇത്തവണ മുംബൈ സന്തുലിതമായ ടീമല്ലെന്നും കാര്യമായ താരങ്ങളില്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി. സ്‌പോർട്‌സ്‌കീഡക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രോഹിത് ശര്‍മയുടെ നിസ്സഹായാവസ്ഥയെക്കുറിച്ച് കൈഫിന്‍റെ പ്രതികരണം.

"നിങ്ങൾ കരുത്തനായ രാജാവായിരിക്കും, പക്ഷേ നിങ്ങളുടെ സൈനികർ ദുർബലരാണെങ്കിൽ ആ യുദ്ധത്തിൽ നിങ്ങള്‍ക്ക് തോൽവിയായിരിക്കും ഫലം"- കൈഫ് പറഞ്ഞു.

ഈ സീസണിൽ മുംബൈയുടെ ബൗളിങ് നിര തികച്ചും ദുര്‍ബലമാണ്. ഒട്ടും സന്തുലിതമായ ഒരു ടീമല്ല ഇത്. ഡാനിയൽ സാംസിനെയോ ബേസിൽ തമ്പിയെയോ മറ്റ് ടീമുകളൊന്നും ലക്ഷ്യമിട്ടില്ല, പക്ഷേ മുംബൈ അവരെ ടീമിലെത്തിച്ചു. അത് മോശം തീരുമാനമായിരുന്നു. ബുംറക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ട്. എങ്കിലും അവൻ ശരിക്കും വിയര്‍പ്പൊഴുക്കുന്നുണ്ട്. പക്ഷേ മൊത്തത്തില്‍ നോക്കുമ്പോള്‍ മുംബൈ നിര ഇത്തവണ ദുര്‍ബലമാണ്.

ഇന്നലെ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് കൊല്‍ക്കത്ത മുംബൈയെ തകര്‍ത്തത്. 127 ന് അഞ്ച് വിക്കറ്റെന്ന നിലയില്‍ ആയിരുന്നു 15 ആം ഓവറില്‍ കൊല്‍ക്കത്ത. ജയിക്കാന്‍ 35 റണ്‍സ് കൂടി വേണം. ഏറ്റവും കുറഞ്ഞത് ഒരു മൂന്ന് ഓവറും കൂടിയെങ്കിലും കളി ഉണ്ടാകുമെന്ന് കരുതിയിടത്താണ് അയാള്‍ ഒരോവര്‍ കൊണ്ട് മത്സരം ഫിനിഷ് ചെയ്തത്. ഡാനിയല്‍സ് സാംസിന്‍റെ 16 ആം ഓവറില്‍ കമ്മിന്‍സ് അടിച്ചെടുത്തത് 35 റണ്‍സാണ്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയും കമ്മിന്‍സ് സ്വന്തം പേരില്‍ കുറിച്ചു.


Similar Posts