19ാം ഓവറില്‍ അഞ്ച് ഡോട്ട് ബോള്‍; റസലിനെ നിശബ്ദനാക്കി മുഹമ്മദ് സിറാജ്
|നിര്‍ണായക ഘട്ടത്തില്‍ പവര്‍ഹിറ്റിങിന് പേരുകേട്ട റസലിനെ റണ്‍സെടുക്കാന്‍ വിടാതെ അഞ്ച് ഡോട്ട് ബോള്‍ എറിഞ്ഞു തീര്‍ത്ത് മുഹമ്മദ് സിറാജ്
കളിയിലെ ഡെത്ത് ഓവറില്‍ ഏറ്റവും കുറവ് അടി വാങ്ങുക എന്നതാവും എല്ലാ ബൌളര്‍മാരുടേയും ആഗ്രഹം. എന്നാല്‍ അവസാന ഓവറുകളില്‍ കലി തുള്ളി നില്ക്കുന്ന ബാറ്റ്സ്മാന്റെ മുമ്പില്‍ പലപ്പോഴും അത് ഫലപ്രദമാകാറില്ല. പ്രത്യേകിച്ച് വിജയലക്ഷ്യം ചേസ് ചെയ്യാന്‍ ബാറ്റിങ് സൈഡ് ശ്രമിക്കുമ്പോള്‍, ഇതേ സാഹചര്യമായിരുന്നു കൊല്‍ക്കത്തയുടെ ഇന്നിങ്സില്‍ പത്തൊമ്പതാം ഓവർ എറിയാൻ സിറാജ് എത്തുമ്പോൾ.. രണ്ട് ഓവറില്‍ കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടത് 44 റണ്‍സ്. ബാറ്റിങ് എന്‍ഡില്‍ ആന്ദ്രേ റസൽ. എങ്ങനെയും പരമാവധി പന്തുകള്‍ അതിര്‍ത്തി കടത്തുക എന്ന ലക്ഷ്യത്തില്‍ സര്‍വ പ്രഹരശേഷിയും എടുത്ത് കലിതുള്ളി നിൽക്കുന്ന റസലിന് മുന്നില്‍ മുഹമ്മദ് സിറാജ് 19ാംഓവര്‍ എറിയാനെത്തുന്നു. 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റുമായി 14 പന്തില്‍ 30 റണ്‍സ് നേടിയാണ് റസല്‍ നില്‍ക്കുന്നത് എന്ന ഓര്‍മ്മ വേണം.
പക്ഷേ പിന്നീടുകണ്ട കാഴ്ച ബാംഗ്ലൂര്‍ നായകന് കോഹ്ലിയുടെ മുഖത്ത് പുഞ്ചിരി വിരിയുന്നതാണ്. കാരണം, യോർക്കറുകൾ ഉത്പാദിപ്പിക്കുന്ന മെഷീനെപ്പോലെയാണ് സിറാജ് ആ ഓവര്‍ എറിഞ്ഞു തീര്‍ത്തത്. എറിഞ്ഞ ആറ് പന്തില്‍ അഞ്ചും ഡോട്ട് ബോള്‍..! അതില്‍ നാലു പന്തുകളും വൈഡ് യോര്‍ക്കറുകള്‍. സ്വാഭാവികമായും യോര്‍ക്കര്‍ പ്രതീക്ഷിച്ച അഞ്ചാം പന്തില്‍ ആകട്ടെ സിറാജ് എറിഞ്ഞത് ഒരു ഷോര്‍ട് ബോളും. ചുരുക്കത്തില്‍ യോർക്കർ പ്രതീക്ഷിച്ച് ഷോട്ടിന് തയ്യാറെടുത്തുനിന്ന റസലിന് അഞ്ചാം പന്തും പാഴായി. നിര്‍ണായക ഘട്ടത്തില്‍ പവര്‍ഹിറ്റിങിന് പേരുകേട്ട റസലിനെ റണ്‍സെടുക്കാന്‍ വിടാതെ അഞ്ച് ബോള്‍ സിറാജ് എറിഞ്ഞു തീര്‍ത്തു എന്ന് വേണം പറയാന്‍.
ഓവറിലെ അവസാന പന്ത് ഫുള്‍ടോസ് എറിഞ്ഞിട്ടും റസലിന് അത് മുതലെടുക്കാന്‍ ആയില്ല. ഒരുപാട് നല്ല പന്തുകൾക്ക് ശേഷം എറിയുന്ന ഫുള്‍ടോസ് ആയതുകൊണ്ടാകാം ആ പന്തിനെ പ്രഹരിക്കാനും റസലിനായില്ല. ഒരോവറില്‍ 20ന് മുകളില്‍ റണ്‍സ് വേണ്ട ഘട്ടത്തില്‍ ഡെത്ത് ഓവര്‍ എറിയെനെത്തിയ സിറാജിനെതിരെ റസലിന് നേടാനായത് ഒരു റണ്‍സ് മാത്രം. അഞ്ച് ഡോട്ട് ബോള്‍ വീണ ആ ഓവറില്‍ ബാംഗ്ലൂരിന്റെ വിജയവും ഉറപ്പായി. അടുത്ത ഓവറില്‍ ഹര്‍ഷല്‍ പട്ടേലിന്റെ ആദ്യ പന്തില്‍ റസല്‍ ബൌള്‍ഡായി പുറത്താകുകയും ചെയ്തു.