'പപ്പാ.. ഹാപ്പിയായില്ലേ?'; തളര്ന്നുകിടക്കുന്ന പിതാവിന് മുഹ്സിൻ ഖാന്റെ വിഡിയോ കോൾ
|'മകന്റെ കാര്യത്തിൽ ഏറെ അഭിമാനമുണ്ട്. അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ. അവനാണ് ടീമിനെ ജയിപ്പിച്ചത്.'
ലഖ്നൗ: ഐ.പി.എല്ലിൽ നിർണായക മത്സരത്തിൽ മുംബൈയെ പിടിച്ചുകെട്ടി ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ഹീറോയായിരിക്കുകയാണ് പേസ് ബൗളർ മുഹ്സിൻ ഖാൻ. അവസാന ഓവറിൽ ജയിക്കാൻ വെറും 11 റൺസ് വേണ്ട സമയത്താണ് ക്രീസിലുണ്ടായിരുന്ന അപകടകാരികളായ മുംബൈ ബാറ്റർമാരെ മുഹ്സിൻ നിസ്സഹായരാക്കിക്കളഞ്ഞത്. ഈ നേട്ടം പിതാവിന് സമർപ്പിക്കുന്നുവെന്നാണ് മത്സരശേഷം താരം വെളിപ്പെടുത്തിയത്. മത്സരത്തിന്റെ തലേദിവസം വരെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു മുഹ്സിന്റെ പിതാവ് മുൾത്താൻ ഖാൻ.
കഴിഞ്ഞ ദിവസം സന്തോഷം പങ്കിടാനായി മുഹ്സിൻ പിതാവിനെ വിഡിയോ കോളിൽ വിളിച്ചതായി സഹോദരൻ അർമാൻ ഖാൻ വെളിപ്പെടുത്തി. 'സന്തോഷമായില്ലേ, പപ്പാ' എന്നാണ് മുഹ്സിൻ പിതാവിനോട് വിഡിയോ കോളിൽ ചോദിച്ചത്. പിതാവ് ചിരിച്ചുകൊണ്ട് 'അതെ' എന്നു മാത്രം മറുപടിയും നൽകി.
മകന്റെ കാര്യത്തിൽ ഏറെ അഭിമാനമുണ്ടെന്ന് മുൾത്താൻ 'ടൈംസ് ഓഫ് ഇന്ത്യ'യോട് പ്രതികരിച്ചു. അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ. അവനാണ് ടീമിനെ ജയിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹ്സിൻ എല്ലാവരുടെയും അഭിമാനമുയർത്തിയെന്ന് സഹോദരൻ അർമാൻ പ്രതികരിച്ചു. 'അവൻ ചാംപ്യൻ ബൗളറാണ്. പപ്പ വളരെ സന്തുഷ്ടനാണ്. അദ്ദേഹം രോഗത്തിൽനിന്ന് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. മത്സരം ജയിച്ചതോടെ വളരെ ആവേശത്തിലാണ് പിതാവ്. കളി ഇങ്ങനെ അവസാനിക്കുമെന്നും മുഹ്സിൻ അവസാന ഓവർ എറിഞ്ഞ് കളി ജയിപ്പിക്കുമെന്നും കരുതിയിരുന്നില്ല.'-അർമാൻ വെളിപ്പെടുത്തി.
മുംബൈ ബാറ്റർമാർ അപകടകാരികളാണ്. 11 റൺസൊന്നും ഒന്നുമല്ല. കാമറോൺ ഗ്രീനും ടിം ഡേവിഡും അറിയപ്പെട്ട കൂറ്റനടിക്കാരും ഗെയിം ചേഞ്ചർമാരുമാണ്. എന്നാൽ, ചില സ്പെഷൽ ബൗളുകളെറിയാൻ മുഹ്സിനായി. അതിൽ നമ്മളെല്ലാം ഏറെ സന്തോഷത്തിലാണെന്നും അർമാൻ കൂട്ടിച്ചേർത്തു.
മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹ്സിന്റെ പിതാവ് മുൾത്താൻ ഖാൻ. ഐ.സി.യുവിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ലഖ്നൗ-മുംബൈ മത്സരത്തിന്റെ തൊട്ടുതലേ ദിവസമാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മാറ്റിയത്. പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നിരിക്കുകയാണ്. എന്നാൽ, മകന്റെ പ്രകടനം കണ്ട് ഏറെ ആവേശത്തിലാണ് അദ്ദേഹം.
Summary: 'Papa are you happy?': Mohsin Khan's video call to his father Multhan Khan after helping LSG beat MI