ധോണി വിഡിയോയിൽ കത്തിക്കയറി കാൻഡി ക്രഷ്! മൂന്ന് മണിക്കൂറിനിടെ 36 ലക്ഷം ഡൗൺലോഡ്-സത്യാവസ്ഥയെന്ത്?
|വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസ് ധോണിക്ക് ചോക്ലേറ്റ് നൽകുന്ന വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
ന്യൂഡൽഹി: ഐ.പി.എൽ തീർന്നിട്ടും തരംഗം അവസാനിക്കുന്നില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണിയുടെ പുതിയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിഭരിക്കുന്നത്. വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസ് ധോണിക്ക് ചോക്ലേറ്റ് നൽകുന്ന വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
വിഡിയോ ആരാധകരുടെ ഹൃദയം കവരുമ്പോൾ സത്യത്തിൽ കത്തിക്കയറുന്നത് ജനപ്രിയ ഓൺലൈൻ മൊബൈൽ ഗെയിമായ 'കാൻഡി ക്രഷ് സാഗ'യാണ്. ധോണി വിഡിയോയ്‌ക്കൊപ്പം കാൻഡി ക്രഷും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. വിഡിയോയിലെ ധോണിയുടെ ടാബ് സ്‌ക്രീനിൽ തെളിഞ്ഞ കാൻഡി ക്രഷ് തന്നെയാണ് പുതിയ സെൻസേഷനു കാരണം.
വിഡിയോ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് കാൻഡി ക്രഷ് നൊസ്റ്റാൾജിയ പങ്കുവച്ച് പോസ്റ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഗെയിം കളിക്കുന്നതാണ് ഹോബിയെന്ന് ധോണി അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. താരം പബ്ജി കളിക്കുന്ന ദൃശ്യങ്ങളും മുൻപ് പുറത്തുവന്നിരുന്നു. ഇതിനിടെയാണ് വിമാനയാത്രയ്ക്കിടെയുള്ള സർപ്രൈസ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
അതിനിടെ, ആപ്ലിക്കേഷൻ പ്ലേസ്റ്റോറുകളിലും കാൻഡി ക്രഷ് ട്രൻഡാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ധോണി വിഡിയോ പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്കകം 36 ലക്ഷത്തോളം പേർ ഗെയിം ആപ്പ് ഡൗൺലോഡ് ചെയ്തതായാണ് സോഷ്യൽ മീഡിയ പ്രചാരണം. എന്നാൽ, കാൻഡി ക്രഷ് സാഗയുടെ പാരഡി ഹാൻഡിലിലാണ് ഈ അവകാശവാദമുള്ളത്. മൂന്ന് മണിക്കൂർ കൊണ്ട് 3.6 മില്യൻ ഡൗൺലോഡാണുണ്ടായതെന്നും എല്ലാം ധോണി കാരണമാണെന്നും പോസ്റ്റിൽ പറയുന്നു.
താരത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് ട്വീറ്റിൽ. എന്നാൽ, ഇതേക്കുറിച്ച് കാൻഡി ക്രഷ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഇത്തരത്തിലുള്ള പോസ്റ്റുകളൊന്നും ഇതുവരെ വന്നിട്ടില്ല.
കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാനത്തിൽ വച്ചാണ് ആരാധിക കൂടിയായ എയർഹോസ്റ്റസ് ഒരുപെട്ടി ചോക്ലോറ്റുമായെത്തിയത്. ഇതിൽനിന്ന് ഈത്തപ്പഴത്തിന്റെ പായ്ക്കറ്റ് മാത്രം സ്വീകരിക്കുകയായിരുന്നു. എയർഹോസ്റ്റസ് ചോക്ലേറ്റ് വീണ്ടും എടുത്തുകൊടുത്തെങ്കിലും താരം സ്‌നേഹപൂർവം നിരസിച്ചു. ഇൻഡിഗോ ജീവനക്കാരിയുമായി ധോണി കുശലം പറയുന്നതും വിഡിയോയിൽ കാണാം. ഭാര്യ സാക്ഷി സിങ്ങും ധോണിക്കൊപ്പമുണ്ടായിരുന്നു.
Summary: Fact Check- Did MS Dhoni trigger 3.6 million downloads of Candy Crush in just 3 hours?