ട്രോഫി സ്വീകരിക്കാതെ മാറിനിന്നു; റായുഡുവിനെയും ജഡേജയെയും വിളിച്ചു-കിരീടനേട്ടത്തിലും ഞെട്ടിച്ച് ധോണി
|ചെന്നൈ താരങ്ങൾ കിരീടവുമായി ആഘോഷം തുടരുമ്പോൾ ധോണി കൂട്ടത്തിലുണ്ടായിരുന്നില്ല. ഗ്രൗണ്ടിലൂടെ ഒറ്റയ്ക്ക് വലംവച്ച് ആരാധകർക്ക് അഭിവാദ്യമർപ്പിക്കുകയും നന്ദിപ്രകടനം നടത്തുകയായിരുന്നു താരം. ഗ്രൗണ്ട് സ്റ്റാഫ് ഉൾപ്പെടെയുള്ളവർക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു
അഹ്മദാബാദ്: അഞ്ചാം ഐ.പി.എൽ കിരീടനേട്ടത്തിൽ ക്രിക്കറ്റ് ആരാധകരുടെയെല്ലാം ഹൃദയം കവർന്ന് ചെന്നൈ നായകൻ എം.എസ് ധോണി. ക്യാപ്റ്റന്മാർ കിരീടം ഏറ്റുവാങ്ങുന്ന പതിവുരീതി സ്വീകരിക്കാതെയാണ് ധോണി ഇന്നലെ ഞെട്ടിച്ചത്. പകരം ടീമിനെ ത്രില്ലർ വിജയത്തിലേക്ക് നയിച്ച വിജയശിൽപികളെ കിരീടം ഏറ്റുവാങ്ങാൻ ക്ഷണിക്കുകയായിരുന്നു ധോണി. ട്രോഫിയുമായുള്ള ടീം ആഘോഷത്തിലും വേറിട്ടുനിന്നു അദ്ദേഹം.
ബി.സി.സി.ഐ അധ്യക്ഷൻ റോജർ ബിന്നിയിൽനിന്നും സെക്രട്ടറി ജയ് ഷായിൽനിന്നും ഐ.പി.എൽ കിരീടം ഏറ്റുവാങ്ങാൻ അവതാരകൻ ക്ഷണിച്ചപ്പോൾ ധോണി അംബാട്ടി റായുഡുവിനെയും രവീന്ദ്ര ജഡേജയെയും വിളിച്ചു. എന്നിട്ട് ഒരു വശത്തേക്ക് മാറിനിന്ന് കിരീടം ഏറ്റുവാങ്ങാൻ താരങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ഫൈനലോടെ ഐ.പി.എൽ വിരമിക്കൽ പ്രഖ്യാപിച്ച റായുഡുവിന് ഏറ്റവും ഉചിതമായൊരു ആദരം നൽകുകയായിരുന്നു ധോണി. മുംബൈയിലൂടെ അരങ്ങേറ്റം കുറിച്ച റായുഡു ചെന്നെയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു പിന്നീട്. ഇരുടീമുകൾക്കുമായി 204 മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്.
ഇതോടൊപ്പം കൈവിട്ടുപോയ മത്സരത്തിൽനിന്ന് അസാധ്യ ഇന്നിങ്‌സിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ച ചാംപ്യൻ ജഡേജയ്ക്കുകൂടിയുള്ള അംഗീകാരമായിരുന്നു ധോണിയുടെ നടപടി. അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണ്ട സമയത്ത് മോഹിത് ശർമയുടെ മികച്ച ബൗളിങ്ങിൽ തോൽവിയിലേക്ക് നീങ്ങിയ ടീമിനെയാണ് അവസാന രണ്ടു പന്തുകളിൽ സിക്‌സറും ഫോറും പറത്തി ജഡേജ വിജയത്തിലേക്ക് നയിച്ചത്. സീസണിലുടനീളം ബൗളിങ്ങിൽ പലഘട്ടത്തിൽ ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരത്തിനു പക്ഷെ ഫൈനലിൽ പന്തുകൊണ്ട് തിളങ്ങാനായിരുന്നില്ല. നാല് ഓവറിൽ ഒരു വിക്കറ്റ് നേടിയെങ്കിലും പതിവിൽനിന്നു വിപരീതമായി 38 റൺസ് വഴങ്ങി. എന്നാൽ, നിർണായക നിമിഷത്തിൽ ടീമിനെ ബാറ്റിലൂടെ കൈപിടിച്ചുയർത്തുകയായിരുന്നു. ടീമിൽ ജഡേജ അത്ര നല്ല നിലയിലല്ലെന്ന് വാർത്തകൾ വരുന്നതിനിടെയായിരുന്നു ഈ ഇന്നിങ്‌സ്. ഈ വിജയം നായകൻ ധോണിക്കു സമർപ്പിക്കുകയാണെന്ന് മത്സരശേഷം താരം പ്രഖ്യാപിക്കുകയും ചെയ്തു.
ചെന്നൈ താരങ്ങൾ കിരീടനേട്ടം ആഘോഷിക്കുമ്പോൾ എല്ലാവർക്കും പിറകിൽ മാറിനിന്ന് ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ധോണിയുടെ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരങ്ങൾ കിരീടവുമായി ആഘോഷം തുടരുമ്പോഴും ധോണി കൂട്ടത്തിലുണ്ടായിരുന്നില്ല. ഗ്രൗണ്ടിലൂടെ ഒറ്റയ്ക്ക് വലംവച്ച് ആരാധകർക്ക് അഭിവാദ്യമർപ്പിക്കുകയും നന്ദിപ്രകടനം നടത്തുകയും ചെയ്തു അദ്ദേഹം. ഗ്രൗണ്ട് സ്റ്റാഫ് ഉൾപ്പെടെയുള്ളവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു താരം.
ടോസ് ലഭിച്ച ധോണി ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു ഇന്നലെ. എന്നാൽ, ധോണിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് തമിഴ്‌നാടുകാരനായ സായ് സുദർശന്റെയും ഓപണർ വൃദ്ധിമാൻ സാഹയുടെയും മികച്ച ഇന്നിങ്‌സുകളുടെ കരുത്തിൽ 214 എന്ന കൂറ്റൻ സ്‌കോറാണ് ഗുജറാത്ത് ഉയർത്തിയത്. മഴ ഇടയ്ക്ക് വില്ലനായ മത്സരത്തിൽ ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഓവർ വെട്ടിച്ചുരുക്കി ടോട്ടൽ പുതുക്കിനിശ്ചയിച്ചാണ് കളി തുടർന്നത്. 15 ഓവറിൽ 171 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയെ അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട ത്രില്ലറിലൂടെ രവീന്ദ്ര ജഡേജ ആവേശകരമായ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
Summary: MS Dhoni did not accept the trophy and handed it to Ambati Rayudu and Ravindra Jadeja in the closing ceremony session of the IPL 2023