ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍... ആ കഥ അവസാനിച്ചിട്ടില്ല! വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ധോണിയുടെ വിജയ സിക്സര്‍
|ജയിക്കാൻ മൂന്നു പന്തിൽ രണ്ട് റൺസ് വേണ്ടപ്പോഴായിരുന്നു ഷാർജ സ്റ്റേഡിയത്തിന്റെ ഗ്യാലറിയെ ചുംബിച്ചുകൊണ്ട് ധോണിയുടെ വിജയ സിക്സര്‍ പിറന്നത്
ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍... 10 വർഷം മുമ്പ് ലോകകപ്പ് ഫൈനലില്‍ ധോണി ഇന്ത്യയുടെ വിജയ റണ്‍ നേടുമ്പോള്‍ കമന്ററി ബോക്സില്‍ കേട്ട വാക്കുകളാണിത്. ഇന്നലെ വീണ്ടും ഇതേ ശബ്ദം കമന്ററി ബോക്സില്‍ മുഴങ്ങി. അന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയുടെ നുവാൻ കുലശേഖരയെ ഗ്യാലറിക്കു മുകളിലേക്ക് പറത്തിയാണ് ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചതെങ്കില് ഇന്നലെ സിദ്ധാര്‍ഥ് കൌളിന്റെ പന്ത് ഗ്യാലറിയിലെത്തിച്ചാണ് ധോണി ചെന്നൈയെ പ്ലേ ഓഫിലെത്തിച്ചത്.
ജയിക്കാൻ മൂന്നു പന്തിൽ രണ്ട് റൺസ് വേണ്ടപ്പോഴായിരുന്നു ഷാർജ സ്റ്റേഡിയത്തിന്റെ ഗ്യാലറിയെ ചുംബിച്ചുകൊണ്ട് ധോണിയുടെ വിജയ സിക്സര്‍ പിറന്നത്. ജയത്തോടെ ഐ.പി.എൽ പതിനാലാം സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായും ചെന്നൈ മാറി. സിക്സറിലൂടെ മത്സരം ഫിനിഷ് ചെയ്യുന്ന വിന്റേജ് ധോണിയെ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍.
പ്രമുഖ കമന്റേറ്ററായ ഹര്ഷാ ഭോഗ്ലെയും ധോണിയെ പ്രശംസിച്ച് രംഗത്തെത്തി.. 'വിജയത്തിലേക്ക് ധോണിയുടെ സിക്സര്‍... ആ കഥ ഇതുവരെ അവസാനിച്ചിട്ടില്ല...' എന്നായിരുന്നു ഹര്ഷാ ഭോഗ്ലെയുടെ ട്വീറ്റ്.
ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്സ് തകര്‍ത്തത്. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക് വാദിന്റേയും ഫാഫ് ഡുപ്ലെസിയുടേയും പ്രകടനങ്ങളാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ഋതുരാജ് ഗെയ്ക് വാദ് 45 റണ്‍സും ഡുപ്ലെസിസ് 41 റണ്‍സുമെടുത്തു. 19 ആം ഓവറിലെ നാലാം പന്തില്‍ സിക്സറിലൂടെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് ചെന്നൈയുടെ വിജയ റണ്‍സ് നേടിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദിന് 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രാജസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ജേസണ്‍ റോയ് തുടക്കത്തില്‍ തന്നെ പുറത്തായതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ഓപ്പണറായി ഇറങ്ങിയ വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറര്‍. 46 പന്ത് നേരിട്ട് സാഹ 44 റണ്‍സെടുത്തു. ചെന്നൈയ്ക്കായി ഹേസല്‍വുഡ് മൂന്നു വിക്കറ്റും ഡ്വെയിന്‍ ബ്രാവോ രണ്ടു വിക്കറ്റും നേടിയപ്പോള്‍ ശര്‍ദുല്‍ ഠാക്കൂര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി. തോല്‍വിയോടെ ഹൈദരാബാദ് ഈ സീസണില്‍ നിന്ന് പുറത്തായി
ഐപിഎല്‍ ചരിത്രത്തിലാദ്യമായി കഴിഞ്ഞ സീസണില്‍ ചെന്നൈക്ക് പ്ലേ ഓഫ് നഷ്ടമായിരുന്നു. ഇതിന് ശേഷം ഈ സീസണില്‍ പ്ലേഓഫിന് യോഗ്യത നേടുന്ന ആദ്യ ടീമായും ചെന്നൈ മാറി. ചെന്നൈയുടെ ശക്തമായ തിരിച്ചുവരവിനെ പ്രശംസിച്ച് മുന്‍ താരങ്ങളെല്ലാം രംഗത്തെത്തിയിരുന്നു.