രാജസ്ഥാനെ ചുരുട്ടിക്കെട്ടി; പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി മുംബൈ
|ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ മുംബൈ ബൗളർമാർ വെറും 90 റൺസിൽ വരിഞ്ഞുമുറുക്കി. മറുപടി ബാറ്റിങ്ങിൽ 70 പന്ത് ബാക്കിനിൽക്കെയാണ് മുംബൈ അനായാസമായി ലക്ഷ്യംകണ്ടത്
രാജസ്ഥാനെ ചുരുട്ടിക്കെട്ടി മുംബൈ. ഇരുടീമുകൾക്കും ഒരുപോലെ നിർണായകമായ മത്സരത്തിൽ മുംബൈക്ക് എട്ടുവിക്കറ്റിന്റെ ഏകപക്ഷീയ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ മുംബൈ ബൗളർമാർ വെറും 90 റൺസിൽ വരിഞ്ഞുമുറുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ 70 പന്ത് ബാക്കിനിൽക്കെയാണ് മുംബൈ അനായാസമായി ലക്ഷ്യം മറികടന്നത്. ഇതോടെ പ്ലേഓഫ് സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് മുംബൈ. രാജസ്ഥാൻരെ കാര്യം ഏറെക്കുറെ പരുങ്ങലിലുമായി.
നാല് ഓവറിൽ വെറും 14 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് പിഴുത നഥാൻ കൂൾട്ടർനൈലും നാല് ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജിമ്മി നീഷവുമാണ് രാജസ്ഥാന്റെ നട്ടെല്ലൊടിച്ചത്. നാല് ഓവറിൽ 14 റൺസ് വിട്ടുനൽകി ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ ഇടങ്കയ്യൻ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ യുഎഇയിൽ ഇതാദ്യമായി താളം കണ്ടെത്തുകയും ചെയ്തു. രോഹിത് ശർമയ്‌ക്കൊപ്പം ഓപണറായി ഇറങ്ങിയ കിഷൻ വെറും 25 പന്തിലാണ് അർധസെഞ്ച്വറി പിന്നിട്ടത്. മൂന്ന് സിക്‌സിന്റെയും അഞ്ച് ബൗണ്ടറിയുടെയും അകമ്പടിയോടെയായിരുന്നു കിഷന്റെ അപരാജിത ഇന്നിങ്‌സ്. രോഹിതി(22)നെയും സൂര്യകുമാർ യാദവി(13)നെയും മാത്രമാണ് രാജസ്ഥാൻ ബൗളർമാർക്ക് പുറത്താക്കാനായത്. ഹർദിക് പാണ്ഡ്യ(അഞ്ച്) കിഷനൊപ്പം പുറത്താകാതെ നിന്നു.
നേരത്തെ ടോസ് ലഭിച്ച മുംബൈ നായകൻ രോഹിത് ശർമ രാജസ്ഥാനെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു. രോഹിതിന്റെ കണക്കുകൂട്ടൽ ബൗളർമാർ തെറ്റിച്ചില്ല. കഴിഞ്ഞ കളിയിൽ ചെന്നൈക്കെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത യശസ്വി ജെയ്‌സ്വാളിനും ശിവം ദുബൈയ്ക്കും മുംബൈ ബൗളർമാരുടെ മൂർച്ചയേറിയ ആക്രമണത്തിൽ ഒന്നും ചെയ്യാനായില്ല. നായകൻ സഞ്ജു സാംസൺ വെറും മൂന്നു റൺസിന് പുറത്തായി. നാല് ഓവറിൽ വെറും 14 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് പിഴുത നഥാൻ കൂൾട്ടർനൈലും നാല് ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജിമ്മി നീഷവുമാണ് രാജസ്ഥാന്റെ നട്ടെല്ലൊടിച്ചത്. നാല് ഓവറിൽ 14 റൺസ് വിട്ടുനൽകി ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റും നേടി.
രാജസ്ഥാൻ ബാറ്റ്‌സ്മാന്മാരിൽ 19 പന്തിൽ മൂന്നു സിക്‌സും സഹിതം 24 റൺസ് നേടിയ എവിൻ ലെവിസാണ് ടോപ്‌സ്‌കോറർ. ലെവിസിനു പുറമെ രണ്ടക്കം കടന്നത് ജെയ്‌സ്വാളും(12) ഡെവിഡ് മില്ലറും(15) രാഹുൽ തെവാട്ടിയ(12)യും മാത്രം.