Cricket
Netherlands vs Afghanistan, ICC ODI World Cup 2023 Preview,
Cricket

ലോക ചാംപ്യന്മാരെ മലര്‍ത്തിയടിച്ച് അഫ്ഗാന്‍; ആശ്വാസജയത്തിന് നെതര്‍ലന്‍ഡ്സ്

Web Desk
|
3 Nov 2023 2:25 AM GMT

ഇനിയുള്ള മത്സരങ്ങളിലെല്ലാം മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ അഫ്ഗാനു മുന്നില്‍ സെമി സാധ്യതകള്‍ അകലെയല്ല

ലഖ്നൗ: ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്താൻ ഇന്ന് നെതർലൻഡ്സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ലഖ്നൗവിലാണ് മത്സരം. മുൻ ചാമ്പ്യന്മാരെയെല്ലാം മലര്‍ത്തിയടിച്ചു വരുന്നതിന്‍റെ ആത്മവിശ്വാസവുമായാണ് അഫ്ഗാനിസ്താൻ ഡച്ച് പടയെ നേരിടുന്നത്. ഇനിയുള്ള മത്സരങ്ങളിലെല്ലാം മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ അഫ്ഗാനു മുന്നില്‍ സെമി സാധ്യതകള്‍ അകലെയല്ല.

ബൗളർമാര്‍ക്കൊപ്പം ബാറ്റർമാർ കൂടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയതോടെ മികച്ച ഫോമിലാണ് അഫ്ഗാന്‍. കഴിഞ്ഞ രണ്ട് കളികളിലും ബാറ്റർമാരുടെ പക്വമായ പ്രകടനമാണ് അവര്‍ക്കു വിജയമൊരുക്കിയത്. റഹ്മാനുല്ലാഹ് ഗുർബാസ്, ഇബ്രാഹിം സദ്റാന്‍, ഹസ്മത്തുല്ലാഹ് ഷാഹിദി ഉൾപ്പെടെയുള്ളവർ ഇന്ത്യൻ പിച്ചിൽ സാഹചര്യത്തിനൊത്ത് ഉയരുന്നത് ടീമിന് നേട്ടമാകുന്നുണ്ട്.

ബൗളർമാർക്ക് അനുകൂലമായ ലഖ്നൗ പിച്ചിൽ റാഷിദ് ഖാൻ-മുജീബ് റഹ്മാൻ സ്പിൻ സഖ്യവും പേസ് നിരയും ഫോമിലായാൽ ഡച്ച് സംഘത്തിനെതിരെ വിജയം നേടി ടീമിന് സെമി പ്രതീക്ഷകൾ സജീവമാക്കാം. ആറ് കളികളിൽ നാല് പരാജയമുള്ള നെതർലൻഡ്സിന് സെമിസാധ്യത വിദൂരമാണ്. എന്നാൽ, റാങ്കിങ്ങിൽ മുന്നിലുള്ളവരെ ടൂർണമെന്റിൽ പരാജയപ്പെടുത്താനായത് അഫ്ഗാനെതിരായ മത്സരത്തിൽ ടീമിന് ആത്മവിശ്വാസം പകരും.

ബൗളർമാർ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോഴും ബാറ്റർമാരുടെ മോശം ഫോമാണ് ടൂർണമെന്റിൽ നെതർലൻഡ്സിനു തിരിച്ചടിയായത്. പല കളികളിലും നായകൻ സ്കോട്ട് എഡ്വേഴ്സിന്റെയും വാലറ്റത്തിൽ ബാറ്റ് ചെയ്യുന്നവരുടെയും ചെറുത്തുനിൽപ്പാണ് ടീമിന് രക്ഷക്കെത്തിയത്. ബൗളിങ്ങിനെ തുണക്കുന്ന ലഖ്നൗ പിച്ചിൽ ബൗളർമാരിൽ തന്നെയാണ് നെതർലൻഡ്സിന്റെയും പ്രതീക്ഷകൾ.

Summary: Netherlands vs Afghanistan, ICC ODI World Cup 2023 Preview

Similar Posts