ടെയ്ലർ എത്രനേരം പിടിച്ചുനില്ക്കും? ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് ടെസ്റ്റില്‍ 'ലാസ്റ്റ് ഡേ ത്രില്ലര്‍'
|17 റണ്‍സിന്റെ മാത്രം ലീഡുള്ള ന്യൂസിലന്‍ഡിന് ഒരു ദിവസം കൂടി ശേഷിക്കെ അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്
ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് വിജയം എന്ന ചരിത്രനേട്ടത്തിന് ബംഗ്ലാദേശിന് മുന്പില് ഒരു ദിവസം കൂടി ബാക്കി. കിവികളുടെ മണ്ണില്‍വെച്ച് തന്നെ അവരെ കീഴടക്കി ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് ബംഗ്ലാദേശിന് കൈവന്നിരിക്കുന്നത്. ശേഷിക്കുന്ന ന്യൂസിലന്‍ഡ് വിക്കറ്റുകള്‍ ഏറ്റവും കുറഞ്ഞ ഓവറില്‍ വീഴ്ത്തിയ ശേഷം ലക്ഷ്യം മറികടക്കുകയാകും ബംഗ്ലാദേശിന്റെ ലക്ഷ്യം.
ആദ്യ ടെസ്റ്റിന്റെ നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ് ന്യൂസിലന്‍ഡ്. 17 റണ്‍സിന്റെ മാത്രം ലീഡാണ് ടീമിന് നേടാനായത്. ഒരു ദിവസം കൂടി ശേഷിക്കെ അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് കിവീസിന് ബാക്കിയുള്ളത്. 37 റണ്‍സോടെ റോസ് ടെയ്ലറും ആറ് റണ്‍സോടെ രചിന് രവീന്ദ്രയുമാണ് ക്രീസില്‍. വാലറ്റനിരയുമായി റോസ് ടെയ്ലര്‍ക്ക് എത്രനേരം പിടിച്ചുനില്‍ക്കാനാകും എന്നത് മാത്രമാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്. ലീഡ് ഉയര്‍ത്താന്‍ ശ്രമിക്കാതെ പരമാവധി ഓവറുകള്‍ പിടിച്ചുനില്‍ക്കാനാകും കിവീസിന്റെ ശ്രമം. അതുകൊണ്ട് തന്നെ ഓള്‍ഔട്ട് ആകുമ്പോഴേക്കും തീരെ ചെറിയ വിജയലക്ഷ്യം മാത്രമേ ന്യൂസിലന്‍ഡ് ഉയര്‍ത്താന്‍ സാധ്യതയുള്ളൂ.
ആദ്യ ഇന്നിങ്സിലെ ഫോം ബംഗ്ലാദേശ് തുടര്‍ന്നാല്‍ ടീമിന്റെ ബാറ്റിങ് നിരയ്ക്ക് കിവീസ് ഉയര്‍ത്തുന്ന ലക്ഷ്യം ഒരു വെല്ലുവിളി ആകാന്‍ സാധ്യതയില്ല. ആദ്യ ഇന്നിങ്സില്‍ 458 റണ്‍സാണ് ബംഗ്ലാദേശ് അടിച്ചെടുത്തത്. 130 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ് ബംഗ്ലാദേശ് നേടിയതോടെ കിവീസ് പ്രതിരോധത്തിലായി. രണ്ടാം ഇന്നിങ്സില്‍ തോല്‍വി ഒഴിവാക്കാന്‍ ബാറ്റെടുത്ത ന്യൂസിലന്‍ഡ് നിരയില്‍ 69 റണ്‍സുമായി വില്‍ യങിന് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. വിലപ്പെട്ട അഞ്ച് വിക്കറ്റുകളും ടീമിന് നഷ്ടമായി. ടെയ്ലറും രചിന് രവീന്ദ്രയുമാണ് ഇപ്പോള്‍ ക്രീസില്‍.
നേരത്തെ ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്സ് സ്കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് 458 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 47 റൺസ് നേടിയ മെഹ്ദി ഹസന് ആണ് വാലറ്റത്തിനൊപ്പം നിന്ന് പൊരുതി ബംഗ്ലാദേശിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. യാസിര്‍ അലി 26 റൺസും നേടി. ബംഗ്ലാദേശിനുവേണ്ടി മഹ്മുദുള്‍ ഹസന് ജോയ്, നജീമുള്‍ ഹുസൈന് ഷാന്റോ, നായകന് മോനിമുള്‍ ഹഖ്, ലിട്ടണ്‍ ദാസ് എന്നിവര്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങി. നായകന് മോനിമുള്‍ ഹഖ് 88 റണ്‍സെടുത്തപ്പോള്‍ ലിട്ടണ്‍ ദാസ് 86 റണ്‍സ് നേടി. മഹ്മുദുള്‍ ഹസന് 78 റണ്‍സെടുത്തും നജീമുള്‍ ഹുസൈന് 64 റണ്‍സ് നേടിയും പുറത്തായി.