ഇത് ഗറില്ലാ യുദ്ധതന്ത്രമല്ല, യുദ്ധതന്ത്രങ്ങളെ വെല്ലുന്ന ബൗളിംഗ് തന്ത്രങ്ങള്‍
|ബ്രറ്റ്ലീ, സഹീർ ഖാൻ, ഷുഹൈബ് അക്തർ. മൈതാനങ്ങളെ ത്രസിപ്പിച്ച ഈ മൂന്നു താരങ്ങൾ ഇന്നും ആരാധകരുടെ ആഹ്ളാദഭരിതമായ ഓര്‍മയാണ്.
ബ്രറ്റ്ലീ, സഹീർ ഖാൻ, ഷുഹൈബ് അക്തർ... ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ മൂന്ന് അസാമാന്യ പ്രതിഭകൾ. പുല്‍മൈതാനങ്ങളെ ത്രസിപ്പിച്ച ഈ മൂന്നു താരങ്ങൾ ഇന്നും ആരാധകരുടെ ആഹ്ളാദഭരിതമായ ഓര്‍മയാണ്. അസാമാന്യമായ പ്രകടനങ്ങള്‍ കൊണ്ടാണ് ഇവര്‍ ഹൃദയങ്ങളിലേക്ക് ചേക്കേറിയത്.
തൊണ്ണൂറുകളിലെയും രണ്ടായിരത്തിലെയും ഓസ്ട്രേലിയയുടെ പ്രതാപകാലം. കങ്കാരുക്കളുടെ ആയുധപ്പുരയിലെ ബ്രഹ്മാസ്ത്രമായിരുന്നു ബ്രറ്റ്ലീ. വേഗത കൊണ്ട് എതിരാളികളുടെ പേടി സ്വപ്നം. ഔട്ട് സിങ്ങറായിരുന്നു ലീയുടെ തുറുപ്പുച്ചീട്ട്. എന്നാല്‍ അയാളുടെ വന്യമായ വേഗം പ്രകടമായിരുന്നത് യോർക്കറിലും മിന്നായം പോലെ പാഞ്ഞ ബൗൺസറുകളിലുമായിരുന്നു. ഏകദിന ഫോർമാറ്റുകളിൽ അതിവേഗ ബൗളിംഗ് മികവുള്ള ബ്രെറ്റ്ലീക്ക് പക്ഷേ, ടെസ്റ്റുകളിലെ അതേ വിജയം ആവർത്തിക്കാനായിരുന്നില്ല.
ഓസ്ട്രേലിയയുടെ ടെസ്റ്റ് സംഘത്തിലാണ് ലീ ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് ഏകദിന ക്രിക്കറ്റിന്റെയും ഭാഗമായി ലീ, റിക്കി പോണ്ടിങ്ങിന്റെ ക്യാപറ്റന്‍സി മികവിൽ മൂര്‍ച്ചയേറിയ ആയുധമായി. രണ്ടായിരത്തിമൂന്നിലെയും രണ്ടായിരത്തിയേഴിലെയും ലോകകിരീട നേട്ടത്തിന്റെ ഭാഗമാകാൻ ബ്രറ്റ്ലീക്ക് സാധിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിലും ഓസ്ട്രേലിയയുടെ ബിഗ്ബാഷ് ലീഗിലും അസാധാരണമായ പ്രകടനം കാഴ്ചവെക്കാനായി. 2014 -15 ലെ ബി.ബി.എൽ സീസണിനു ശേഷം എല്ലാതരം ക്രിക്കറ്റുകളിൽ നിന്ന് വിടവാങ്ങാൻ അദ്ദേഹം തീരുമാനിച്ചു.
നിരവധി തവണ പരിക്കുകൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നെങ്കിലും തന്റെ ബൗളിംഗിൽ യാതൊരു മാറ്റവും വരുത്താൻ ബ്രറ്റ്ലീ തയ്യാറായിരുന്നില്ല. എതിർ ടീം അംഗങ്ങളോട് മികച്ച സൗഹൃദം പുലർത്തിയിരുന്ന ബ്രറ്റ്ലീ ഇന്ത്യയിൽ ഗണ്യമായ ജനപ്രീതി നേടിയ അപൂർവ ഓസ്ട്രേലിയൻ താരങ്ങളിൽ ഒരാളാണ്.
റാവല്‍പിണ്ടി എക്സ്പ്രസ്
ക്രിക്കറ്റ് ലോകത്ത് വേഗത്തിന് ഒരു പര്യായമുണ്ടെങ്കില്‍ അത് ഷുഹൈബ് അക്തറാണ്. 1999 ല്‍ രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന് ടെണ്ടുല്‍ക്കറുടെയും പ്രതിരോധം തകര്‍ത്ത രണ്ട് യോര്‍ക്കറുകള്‍ മാത്രം മതി അക്തറിന്റെ ക്ലാസ് അറിയാന്‍. ക്രിക്കറ്റ് ലോകത്ത് റാവൽപിണ്ടി എക്സ്പ്രസ്സ് എന്നറിയപ്പെട്ട ഷുഹൈബ് അക്തർ പാകിസ്താന്റെ എക്കാലത്തെയും മികച്ച പേസ് ത്രയത്തിന്റെ (വസീം അക്രം-വഖാര്‍ യൂനുസ്-അക്തര്‍) ഭാഗമായിരുന്നു. വേഗത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്താത്ത അക്തർ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ നിരവധി തവണ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഈഡൻ ഗാർഡനിലെ ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 65000 ത്തോളം വരുന്ന ആരാധകർ സച്ചിൻ സച്ചിൻ എന്ന നാമം ഉറക്കെ ജപിച്ചപ്പോൾ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കാൻ അക്തറിന് ഒരു in-swing toe crushing യോർക്കർ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ...2003ലെ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയയിൽ നടന്ന മത്സരത്തിലാണ് ശുഹൈബ് അക്തറും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറും നേർക്കുനേർ നിന്ന് പോരാടിയത്. ഇന്ത്യ-പാകിസ്താൻ യുദ്ധത്തിനു സമാനമായ പ്രതീതിയാണ് ഗ്യാലറിയിൽ അണിനിരന്ന കാണികൾക്കിടയിൽ ഈ മത്സരം സൃഷ്ടിച്ചത്. ക്രിക്കറ്റ് ദൈവത്തിൻറെ മികച്ച കവർ ഡ്രൈവുകളും മിന്നുന്ന അപ്പർ കട്ടുകളും പാകിസ്ഥാൻ ടീമിനെ വിറളി പിടിപ്പിച്ചു. പാകിസ്ഥാൻ ടീമിന് അസഹ്യമായി വന്ന സച്ചിൻറെ തേരോട്ടം അക്തറിന്റെ ബൗൺസർ റിപ്പറിലൂടെ അവസാനിച്ചു. 98 റൺസെടുത്ത് സച്ചിനെ പുറത്താക്കിയ റാവൽപിണ്ടി എക്സ്പ്രസ്സ് അതോടെ കളിയിലെ കേമനായ ബൗളറായി.
റിവേഴ്സ് സ്വിങ്ങിനെ ആശാന്
ലീയും അക്തറും വേഗം കൊണ്ടാണ് ആരാധക ഹൃദയം കീഴടക്കിയത് എങ്കില്‍ സഹീര്‍ മനം കവര്‍ന്നത് റിവേഴ്സ് സ്വിങ്ങുകള്‍ കൊണ്ടാണ്. രണ്ടായിരത്തിൽ ഐസിസി നോക്കൌട്ട് കപ്പിലൂടെയാണ് സഹീർ ക്രിക്കറ്റ് ലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ നായകനായി മാറിയ സഹീർഖാൻ ഇശാന്ത് ശർമ, ആർ പി സിംഗ്, ശ്രീശാന്ത് തുടങ്ങിയ താരങ്ങള്‍ക്ക് ഉപദേശകനായി മാറി. 2011 ലോകകപ്പിലെ പേസ് ആക്രമണത്തിലുള്ള തന്റെ വൈദഗ്ധ്യം സഹീർ ശരിക്കും വിനിയോഗിച്ചു. 21 വിക്കറ്റുകൾ നേടിയാണ് സഹീർ 2011ലെ ലോകകപ്പിൽ ഹീറോയായി മാറിയത്. നിരന്തരമായ പരിക്കുകൾ സഹീർഖാനെ വേട്ടയാടിയിരുന്നു. ഒരിടവേളക്ക് ശേഷം കഠിനമായ പരിശീലനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റിലേക്ക് സഹീര്‍ തിരിച്ചെത്തി.
2013 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ടെസ്റ്റ് സ്ക്വാഡിൽ പേസ് ലീഡറായിരുന്നു സഹീര്‍. പിന്നീട് ഉമേഷ് യാദവ്, മുഹമ്മദ് ഷമി തുടങ്ങിയ യുവ ബൗളർമാർക്ക് വഴിയൊരുക്കി സഹീർഖാൻ 2016ൽ കളിയവസാനിപ്പിച്ചു.