Cricket
SirajJadejamoment, Painrelievingcream
Cricket

കളിക്കിടെ സിറാജ് ജഡേജയ്ക്ക് രഹസ്യമായി നൽകിയതെന്ത്?-വിവാദം, വിശദീകരണം

Web Desk
|
10 Feb 2023 11:32 AM GMT

അന്താരാഷ്ട്ര മാധ്യമങ്ങളും സോഷ്യൽ മീഡിയയും സംഭവം വിവാദമാക്കിയതോടെയാണ് ബി.സി.സി.ഐ മാച്ച് റഫറിക്ക് വിശദീകരണം നൽകിയത്

നാഗ്പൂർ: ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടവുമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗംഭീര തിരിച്ചുവരവാണ് രവീന്ദ്ര ജഡേജ നടത്തിയത്. ജഡേജയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ആസ്‌ട്രേലിയയെ 177 റൺസിൽ വരിഞ്ഞുമുറുക്കുകയും ചെയ്തു. എന്നാൽ, മത്സരത്തിനിടെ നടന്ന ഒരു സംഭവത്തെച്ചൊല്ലി വിവാദം പുകയുകയാണിപ്പോൾ.

കളിക്കിടയിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ജഡേജയ്ക്ക് രഹസ്യമായി എന്തോ നൽകുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. സിറാജിന്റെ കൈയിൽനിന്ന് എന്തോ വാങ്ങി കൈയിൽ പുരട്ടുന്നതും ഉരയ്ക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ആസ്‌ട്രേലിയ അഞ്ചിന് 120 എന്ന നിലയിൽ തകരുമ്പോഴായിരുന്നു സംഭവം. ഈ സമയത്ത് സ്റ്റീവ് സ്മിത്ത്, മാറ്റ് റെൻഷോ, മാർനസ് ലബുഷൈൻ എന്നിവരെ ജഡേജ പുറത്താക്കുകയും ചെയ്തിരുന്നു.

എന്നാൽ, 'ദുരൂഹ'മായ വിഡിയോ ഉയർത്തിക്കാട്ടി ആസ്‌ട്രേലിയൻ മാധ്യമങ്ങളടക്കം ഇന്ത്യയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലും വിഷയം ഏറെ ചർച്ചയായി. ഇതോടെ സംഭവത്തിൽ ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഐ.സി.സി മാച്ച് റഫറിക്ക് വിശദീകരണം നൽകിയിരിക്കുകയാണ്.

വേദനാസംഹാരിയായ ലേപനമാണ് സിറാജ് ജഡേജയ്ക്ക് കൈമാറിയതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനു നൽകിയ വിശദീകരണത്തിൽ ബി.സി.സി.ഐ വ്യക്തമാക്കി. സംഭവത്തിൽ ആസ്‌ട്രേലിയൻ ടീം പരാതി നൽകിയിട്ടില്ല. എന്നാലും, ഇതേക്കുറിച്ച് മാച്ച് റഫറി അന്വേഷണം നടത്താൻ സാധ്യതയുണ്ട്. പന്തിനെ ബാധിക്കാതിരിക്കാൻ കൈയിൽ എന്ത് സാധനവും ഉപയോഗിക്കുന്നതിനു മുൻപും അംപയറിൽനിന്ന് അനുമതി വാങ്ങണമെന്ന് നിയമമുണ്ട്. വിവാദ സംഭവത്തിൽ ജഡേജ അനുമതി വാങ്ങിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ ഒരുപക്ഷെ താരത്തിനെതിരെ നടപടിക്ക് സാധ്യതയുണ്ട്.

Summary: BCCI has informed ICC match referee Andy Pycroft that spinner Ravindra Jadeja was using 'pain-relieving cream' on the finger of his bowling hand, after the controversy over Mohammed Siraj-Jadeja moment in India vs Australia first test in Nagpur

Similar Posts