'ബംഗളൂരുവിൽ ടെസ്റ്റ് ജയിച്ച പാക് ടീമിനെ ആരാധകര്‍ കല്ലെറിഞ്ഞു'; ആരോപണവുമായി ഷാഹിദ് അഫ്രീദി
|ഞങ്ങൾ സിക്‌സറും ഫോറുമെല്ലാം അടിച്ചാലും ഒരു കൈയടിയും ലഭിക്കുമായിരുന്നില്ലെന്നും അഫ്രീദി
കറാച്ചി: 2005ൽ ഇന്ത്യൻ പര്യടനത്തിനിടെ പാകിസ്താൻ ക്രിക്കറ്റ് ടീമിനുനേരെ ആക്രമണമുണ്ടായിട്ടുണ്ടെന്ന് ആരോപണവുമായി മുൻ താരം ഷാഹിദ് അഫ്രീദി. സമ്മർദഘട്ടങ്ങളായിരുന്നു അതെല്ലാം. എന്നാൽ, അത്തരം സാഹചര്യങ്ങൾ ആസ്വദിക്കാനാകണം. ഏകദിന ലോകകപ്പിനായി പാകിസ്താൻ ടീം ഇന്ത്യയിലേക്ക് പോകണമെന്നും അഫ്രീദി ആവശ്യപ്പെട്ടു.
പാകിസ്താനിൽ മുൻ ബൗളർ അബ്ദുൽ റസാഖിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഷാദിദ് അഫ്രീദി ഇക്കാര്യം ആരോപിച്ചത്. 2005ൽ ബംഗളൂരുവിൽ നടന്ന ടെസ്റ്റ് മത്സരം ജയിച്ച ശേഷം പാകിസ്താൻ ടീമിന്റെ ബസ് ആക്രമിക്കപ്പെട്ടു. ബസിനുനേരെ കല്ലേറുണ്ടായി. ഇതു വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയതെന്നും അഫ്രീദി പറഞ്ഞു.
'അതൊരു സമ്മർദഘട്ടമായിരുന്നു. ഞങ്ങൾ സിക്‌സും ഫോറും അടിച്ചുകൊണ്ടിരുന്നിട്ടും ആരും കൈയടിക്കുമായിരുന്നില്ല. ബംഗളൂരുവിൽ ഒരു ടെസ്റ്റ് മത്സരം ജയിച്ച ശേഷം ഞങ്ങളുടെ ബസിനുനേരെ കല്ലേറുണ്ടായി. എപ്പോഴും സമ്മർദമുണ്ടായിരുന്നു. എന്നാൽ, അത് ആസ്വദിക്കാനാകണം.'-അഫ്രീദി പറഞ്ഞു.
പാകിസ്താൻ (ഏകദിന ലോകകപ്പിനായി) ഇന്ത്യയിലേക്ക് പോകരുതെന്ന് ചില താരങ്ങൾ പറയുന്നുണ്ട്. ഞാൻ പൂർണമായും അതിനെതിരാണ്. നമ്മൾ അവിടെ പോകുകയും ജയിച്ചുവരികയും വേണം. ഇത്തരം സംഭവങ്ങളൊന്നും പാകിസ്താൻ ടീമിനെ നിരുത്സാഹപ്പെടുത്തരുത്. അതിനെ നേരിട്ട് വിജയം നേടാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസന്നമായ ഏകദിന ലോകകപ്പിന്റെയും ഏഷ്യാ കപ്പിന്റെയും ആതിഥ്യത്തെച്ചൊല്ലി വിവാദം തുടരുന്നതിനിടെയാണ് മുൻ പാക് താരത്തിന്റെ പ്രതികരണം. നിഷ്പക്ഷ വേദിയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ ഇന്ത്യ ആതിഥ്യംവഹിക്കുന്ന 2023 ഏകദിന ലോകകപ്പിന് തങ്ങളും എത്തില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി പാക് കായിക മന്ത്രി ഇഹ്‌സാൻ മസാരിയും രംഗത്തെത്തിയിട്ടുണ്ട്.
Summary: Shahid Afridi claims Pakistan cricket team's bus was attacked after winning Bangalore test in 2005