ലോകകപ്പിനായി പാക് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക്; പച്ചക്കൊടി കാട്ടി പാകിസ്താൻ
|താരങ്ങളെ ഇന്ത്യയിലേക്ക് അയക്കുമ്പോഴും സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ
ഇസ്‌ലാമാബാദ്: 2023 ഏകദിന ലോകകപ്പിനായി പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും. പാക് വിദേശകാര്യ മന്ത്രാലയം പച്ചക്കൊടി കാണിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട് നിലനിന്ന അനിശ്ചിതത്വം ഒഴിവാകുന്നത്.
പാക് വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കളിയും രാഷ്ട്രീയവും കൂട്ടിക്കലർത്തരുതെന്ന നിലപാടാണ് രാജ്യത്തിനുള്ളതെന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇതുകൊണ്ടാണ് ലോകകപ്പിനായി ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് അയക്കാൻ തീരുമാനിച്ചിരിക്കുന്നത്. കായികരംഗവുമായി ബന്ധപ്പെട്ട കർത്തവ്യങ്ങൾ പൂർത്തീകരിക്കുന്ന കാര്യത്തിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം തടസമാകരുതെന്നും സർക്കാർ വിശ്വസിക്കുന്നതായും പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഇന്ത്യയിൽ പാക് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്നും വാർത്താകുറിപ്പിൽ പറയുന്നുണ്ട്. 'ഇന്ത്യയുടെ മർക്കടമുഷ്ടി നയത്തിൽനിന്നു വ്യത്യസ്തമായി ക്രിയാത്മകവും ഉത്തരവാദിത്തപൂർണവുമായ നിലപാടാണു രാജ്യം സ്വീകരിച്ചത്. നേരെമറിച്ച് തങ്ങളുടെ ക്രിക്കറ്റ് ടീമിനെ ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് അയക്കാൻ കൂട്ടാക്കിയിട്ടില്ല ഇന്ത്യ. ഇന്ത്യയിൽ ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയെക്കുറിച്ച് ഞങ്ങൾക്ക് വലിയ ആശങ്കയുണ്ട്. ഇക്കാര്യം ഐ.സി.സിയെയും ഇന്ത്യൻ അധികൃതരെയും അറിയിക്കുന്നുണ്ട്. ഇന്ത്യൻ സന്ദർശനത്തിനിടയിൽ പാക് ക്രിക്കറ്റ് ടീമിന് പൂർണ സുരക്ഷയൊരുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയാണ്'-പാക് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
ഒക്ടോബർ അഞ്ചിനാണ് ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരത്തോടെയാണ് ലോകകപ്പിനു തുടക്കമാകുക. നവംബർ 19ന് അഹ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനൽ. ക്രിക്കറ്റ് ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഹ്മദാബാദിലെ ഇന്ത്യ-പാക് പോരാട്ടം നേരത്തെ നിശ്ചയിച്ചിരുന്ന ഒക്ടോബർ 14ൽനിന്ന് 15ലേക്കു മാറ്റിയിരുന്നു. 14ന് ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളായതിനാൽ മതിയായ സുരക്ഷയൊരുക്കാനാകില്ലെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചതിനെ തുടർന്നാണു നടപടി.
Summary: Pakistan govt allows its national cricket team to travel for World Cup in India