Cricket
മാർവെലസ് മാർക്രം; പച്ചതൊടാനാകാതെ പാകിസ്താൻ
Cricket

മാർവെലസ് മാർക്രം; പച്ചതൊടാനാകാതെ പാകിസ്താൻ

Web Desk
|
27 Oct 2023 5:15 PM GMT

അവസാന ഓവറുകളിൽ ആന്റി ക്ലൈമാക്‌സിലേക്കു പോകുമെന്നു തോന്നിച്ച മത്സരം കപ്പിനും ചുണ്ടിനുമിടയിലാണ് ദക്ഷിണാഫ്രിക്ക റാഞ്ചിയത്

ചെന്നൈ: ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഏകദിന ലോകകപ്പില്‍ ബാബർ അസമിനും സംഘത്തിനും നോ രക്ഷ! ജയം അനിവാര്യമായ നിർണായക മത്സരത്തിലും നിലംതൊടാനാകാതെ തോൽവി ഏറ്റുവാങ്ങി പാകിസ്താൻ. അവസാന ഓവറുകളിൽ ആന്റി ക്ലൈമാക്‌സിലേക്കു പോകുമെന്നു തോന്നിച്ച മത്സരം ഒടുവിൽ കപ്പിനും ചുണ്ടിനുമിടയിൽ പാകിസ്താനു നഷ്ടമായി. ഐഡൻ മാർക്രം(91) നയിച്ച ചേസിങ്ങിൽ നാടകാന്ത്യം ഒരു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നത്.

പാകിസ്താൻ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തിൽ ആക്രമിച്ചാണു കളിച്ചത്. ക്വിന്റൻ ഡി കോക്കിനൊപ്പം ക്യാപ്റ്റൻ തെംബ ബാവുമയും പതിവുശൈലി വിട്ട് ആക്രമിച്ചുകളിക്കുന്ന കാഴ്ചയാണു തുടക്കത്തിൽ കണ്ടത്. എന്നാൽ, അപകടകാരിയായ ഡി കോക്കിനെ(24) വീഴ്ത്തി നാലാം ഓവറിൽ ഷാഹിൻ ഷാ അഫ്രീദിയുടെ വക പാകിസ്താന് ആദ്യ ബ്രേക്ത്രൂ. പവർപ്ലേ അവസാനിക്കുന്നതിനു തൊട്ടുമുൻപ് ബാവുമയെ(28) മുഹമ്മദ് വസീം സൗദ് ഷക്കീലിന്റെ കൈയിലുമെത്തിച്ചു. എന്നാൽ, റസി വാൻ ഡെർ ഡസ്സനുമായി കൂട്ടുകെട്ടുണ്ടാക്കി അപകടസാധ്യതകളെല്ലാം അടയ്ക്കുകയായിരുന്നു നാലാം നമ്പറിലെത്തിയ ഐഡൻ മാർക്രം.

ഡസ്സൻ(21), ഹെൺറിച്ച് ക്ലാസൻ(12), ഡേവിഡ് മില്ലർ(29), മാർക്കോ യാൻസൻ(20) എന്നിങ്ങനെ മറുവശത്ത് ഇടവേളകളിൽ വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നപ്പോഴും മാർക്രം കുലുങ്ങിയില്ല. ചേസിങ് വേഗം കുറയാതെ തന്നെ ടീമിനെ വിജയവഴിയിൽ മുന്നോട്ടുനയിച്ചു താരം. ഒടുവില്‍, ടീം വിജയത്തിനു തൊട്ടരികെ എത്തിനിൽക്കെ ഉസാമാ മീറിന്റെ വക പാകിസ്താൻ ബ്രേക്ത്രൂ. സെഞ്ച്വറിക്ക് ഒൻപത് റൺസകലെ ബാബർ അസമിനു ക്യാച്ച് നൽകി മടങ്ങുമ്പോൾ 21 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയിരുന്നത്. 93 പന്ത് നേരിട്ട് ഏഴ് ബൌണ്ടറിയും മൂന്ന് സിക്സറും അടിച്ചാണ് 91 റണ്‍സുമായി മാര്‍ക്രം മടങ്ങിയത്.

പിന്നീടായിരുന്നു മത്സരം കാത്തുവച്ച നാടകീയാന്ത്യം. ജെറാൾഡ് ക്യൂറ്റ്‌സി(10), ലുംഗി എൻഗിഡി(നാല്) എന്നിവരും മടങ്ങിയതോടെ പാകിസ്താൻ ആശ്വാസജയം മുന്നിൽകണ്ടു. എന്നാൽ, ജയം കപ്പിനും ചുണ്ടിനുമിടയിൽ കേശവ് മഹാരാജ് തട്ടിപ്പറിച്ചു. മുഹമ്മദ് നവാസിനെ ബൗണ്ടറി പറത്തി നാടകാന്ത്യം വിജയറൺ കുറിക്കുമ്പോൾ ബാബറും സംഘവും നിരാശയോടെ തലയിൽ കൈവയ്ക്കുകയായിരുന്നു.

ഫലിക്കാതെ പോയ ബാബര്‍-സൗദ് ഷക്കീല്‍ ഫിഫ്റ്റി

നേരത്തെ ക്യാപ്റ്റൻ ബാബർ അസമിന്റെയും (50) മധ്യനിര താരം സൗദ് ഷക്കീലിന്റെയും(52) അർധസെഞ്ച്വറികളുടെ കരുത്തിൽ 271 എന്ന വിജയലക്ഷ്യമാണ് പാകിസ്താൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉയർത്തിയത്. നാല് വിക്കറ്റുമായി തബ്രീസ് ഷംസിയും മൂന്ന് വിക്കറ്റുമായി മാർക്കോ യാൻസനുമാണ് പ്രോട്ടിയാസ് ബൗളിങ് നിരയിൽ തിളങ്ങിയത്.

നേരത്തെ ടോസ് ഭാഗ്യം തുണച്ച ബാബർ അസം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ബാബറിന്റെ തീരുമാനം ചോദ്യംചെയ്യുന്ന തരത്തിലായിരുന്നു പാകിസ്താന്റെ തുടക്കം. ഏഴ് ഓവറിനകം രണ്ട് പാക് ഓപണർമാരും കൂടാരം കയറി. അബ്ദുല്ല ഷഫീഖിനെ(ഒൻപത്) ലുംഗി എൻഗിഡിയുടെയും ഇമാമുൽ ഹഖിനെ(12) ഹെൺറിച്ച് ക്ലാസന്റെയും കൈയിലെത്തിച്ച് യാൻസനാണ് തുടക്കത്തിൽ തന്നെ പാകിസ്താനു പ്രഹരം നൽകിയത്.

മൂന്നാം വിക്കറ്റിൽ ഒന്നിച്ച വിശ്വസ്ത ജോഡി ബാബറും മുഹമ്മദ് റിസ്‌വാനും ചേർന്നാണ് അവിടന്നങ്ങോട്ട് ടീമിനെ കരകയറ്റിയത്. എന്നാൽ, ഒഴുക്കോടെ ആക്രമിച്ചുകളിച്ച റിസ്‌വാനെ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്കിന്റെ സുരക്ഷിതമായ കൈയിലെത്തിച്ച് ജെറാൾഡ് ക്വൂറ്റ്‌സിയുടെ വകയായിരുന്നു ബ്രേക്ത്രൂ. 27 പന്ത് നേരിട്ട് നാല് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 31 റൺസെടുത്താണ് താരം മടങ്ങിയത്.

പിന്നീട് ഇഫ്തിക്കാർ അഹമ്മദിനെയും ഷാദാബ് ഖാനെയും കൂട്ടുപിടിച്ചായി ബാബറിന്റെ രക്ഷാപ്രവർത്തനം. ഇഫ്തിക്കാർ(21) പാതിവഴിയിൽ വീണെങ്കിലും ഷാദാബ് ഉറച്ചകൂട്ട് നൽകി. എന്നാൽ, ക്യാപ്റ്റന്റെ ഇന്നിങ്‌സിനും അധികം ആയുണ്ടായിരുന്നില്ല. ബാബറിനെ വീഴ്ത്തി തബ്രീസ് ഷംസി വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. 65 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 50 റൺസെടുത്ത് ഡി കോക്കിന് ക്യാച്ച് നൽകിയാണ് പാക് നായകൻ മടങ്ങിയത്.

മറ്റൊരു ബാറ്റിങ് തകർച്ച മുന്നിൽകണ്ട പാകിസ്താന് ഇത്തവണ ഓൾറൗണ്ടർ ഷാദാബും മധ്യനിര താരം സൗദ് ഷക്കീലും തുണയായി. ഷാദാബ് ടൂർണമെന്റിൽ ആദ്യമായി ബാറ്റിങ് കൊണ്ട് തിളങ്ങിയപ്പോൾ മറുവശത്ത് ആക്രമണമൂഡിലായിരുന്നു സൗദ്. ഒടുവിൽ സ്‌കോർബോഡിൽ 84 റൺസ് കൂട്ടിച്ചേർത്താണു സഖ്യം പിരിഞ്ഞത്. ക്വൂറ്റ്‌സിയുടെ പന്തിൽ കേശവ് മഹാരാജ് പിടിച്ചുപുറത്താകുമ്പോൾ 36 പന്തില് 43 റൺസായിരുന്നു ഷാദാബിന്റെ സമ്പാദ്യം. രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും ഇന്നിങ്‌സിന് അകമ്പടിയേകി. അധികം വൈകാതെ ഷംസിയുടെ ലെഗ്‌ബ്രേക്കിൽ വിക്കറ്റിനു പിന്നിൽ ഡി കോക്ക് പിടിച്ച് സൗദ് ഷക്കീലും വീണു. 52 പന്ത് നേരിട്ട് 52 റൺസെടുത്ത ഇന്നിങ്‌സിന് ഏഴ് ബൗണ്ടറികൾ മിഴിവേകി. വാലറ്റത്തിൽ മുഹമ്മദ് നവാസിന്റെ(24) കാമിയോ ഇന്നിങ്‌സ് ആണ് പൊരുതിനോക്കാവുന്ന സ്‌കോറിലേക്ക് പാകിസ്താനെ എത്തിച്ചത്.

Summary: Pakistan vs South Africa LIVE score, World Cup 2023

Similar Posts