ധോണിയില്ല, ഇത്തവണ എല്ലാം എന്റെ ചുമലിൽ: ഹാർദിക് പാണ്ഡ്യ
|2020 ൽ ധോണി വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പാണിത്.
ഫിനിഷർ എന്ന നിലയിൽ ട്വന്റി 20 ലോകകപ്പ് തന്റെ കരിയറിലെ ഏറ്റവും വലിയ ഉത്തരവാദിത്തമായി കരുതുന്നതായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. 'ലൈഫ് കോച്ചും സഹോദരനുമായ' മഹേന്ദ്ര സിംഗ് ധോണി പ്ലെയിങ് ഇലവനിൽ ഇല്ലാത്തതിനാൽ ഇത്തവണ എല്ലാം തന്റെ ചുമലിലാണെന്ന് താരം പറഞ്ഞു.
ഫിറ്റ്‌നസ് ആശങ്ക കാരണം ഇത്തവണ ഐ.പി.എല്ലിൽ പന്തെറിഞ്ഞിട്ടില്ലാത്ത പാണ്ഡ്യ, അതിവേഗതയിൽ സ്‌കോർ ചെയ്യുന്ന ഫിനിഷറായാണ് ദേശീയ ടീമിൽ ഇടം നേടിയിരിക്കുന്നത്. ക്രിക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ, ധോണിയുടെ അഭാവം തന്റെ ഉത്തരവാദിത്തം വർധിപ്പിക്കുമെന്നും മുൻ ക്യാപ്ടനുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും പാണ്ഡ്യ വ്യക്തമാക്കി.
2020 ൽ ധോണി വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പാണിത്. ഒക്ടോബർ 24 ന് പാകിസ്ഥാനെതിരായ പോരാട്ടത്തോടെ ഇന്ത്യയുടെ ക്യാംപെയ്ൻ ആരംഭിക്കും. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ കിരീട നേട്ടത്തിലേക്കു നയിച്ച ധോണി, ലോകകപ്പിൽ ദേശീയ ടീമിന്റെ മെന്ററാണ്.
'ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഉത്തരവാദിത്തമാണ് ഇത്തവണത്തേത് എന്നു ഞാൻ പറയും. കാരണം, ഇത്തവണ എനിക്കൊപ്പം മഹേന്ദ്ര സിംഗ് ധോണി ക്രീസിലുണ്ടാവില്ല. എല്ലാം എന്റെ ചുമലിലാണ്. ധോണിയുടെ അഭാവം എനിക്ക് ഒരു അധിക വെല്ലുവിളി നൽകുന്നതായി ഞാൻ കരുതുന്നു. ഇത് ആവേശകരമാകും, ഒരു തകർപ്പൻ ടൂർണമെന്റ് ആയിരിക്കുമിത്.'' - പാണ്ഡ്യ പറഞ്ഞു. രണ്ടുതവണ ലോകകപ്പ് നേടിയ ക്യാപ്റ്റൻ പ്രതികൂല സാഹചര്യങ്ങളിലും അസ്വസ്ഥതകളിലും കുലുങ്ങാത്തയാളാണെന്നും സ്വന്തം വ്യക്തിപരമായ കാര്യങ്ങളിൽ പോലും ധോണിയെ ആശ്രയിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
'തുടക്കം മുതൽ എന്നെ മനസ്സിലാക്കിയ ആളായിരുന്നു എം.എസ്: ഞാൻ എങ്ങനെയാണ് കാര്യങ്ങൾ ചെയ്യുന്നത്, ഞാൻ എങ്ങനെയുള്ള വ്യക്തിയാണ്, എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ എന്തൊക്കെയാണ് എന്നെല്ലാം അദ്ദേഹത്തിനറിയാം.' 2019-ൽ വിവാദ പരാമർശങ്ങൾ കാരണം ടീമിൽ നിന്ന് പുറത്താകേണ്ടി വന്നപ്പോൽ ധോണി തന്നെ അദ്ദേഹത്തിന്റെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചെന്നും ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടിയ ആ ഘട്ടത്തിൽ അദ്ദേഹമായിരുന്നു തന്റെ ആശ്രയമെന്നും പാണ്ഡ്യ പറഞ്ഞു.