Cricket
ആസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ മന്ദാരം;   ചരിത്രനേട്ടവുമായി സ്‍മൃതി മന്ദാന
Cricket

ആസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ 'മന്ദാരം'; ചരിത്രനേട്ടവുമായി സ്‍മൃതി മന്ദാന

Web Desk
|
1 Oct 2021 6:57 AM GMT

171 പന്തില്‍ നിന്ന് 18 ബൌണ്ടറികളുടേയും ഒരു സിക്‌സറിന്‍റേയും അകമ്പടിയോടെയാണ് മന്ദാന ചരിത്ര നേട്ടത്തിലെത്തിയത്.

വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയക്കെതിരെ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ സ്‍മൃതി മന്ദാന. കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ച സ്‍മൃതി മന്ദാന ഒരുപിടി റെക്കോര്‍ഡുകളുമായാണ് തിരികെ കയറിയത്. ആസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമാണ് സ്‍മൃതി മന്ദാന. പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും സ്‍മൃതി മന്ദാന സ്വന്തമാക്കി. 171 പന്തില്‍ നിന്ന് 18 ബൌണ്ടറികളുടേയും ഒരു സിക്‌സറിന്‍റേയും അകമ്പടിയോടെയാണ് മന്ദാന ചരിത്ര നേട്ടത്തിലെത്തിയത്.

ടെസ്റ്റിലെ കന്നി സെഞ്ച്വറി നേട്ടം തന്നെ റെക്കോര്‍ഡ് ബുക്കില്‍ എഴുതിച്ചേര്‍ത്ത സ്‍മൃതിയുടെ മികവില്‍ ആസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. മത്സരം ലഞ്ച് ബ്രേക്കിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ മന്ദാന 127 റണ്‍സിന് പുറത്തായി. 216 പന്തില്‍ 22 ഫോറുകളും ഒരു സിക്സറുമുള്‍പ്പടെയായിരുന്നു സ്‍മൃതി മന്ദാനയുടെ ഇന്നിങ്സ്. 15 റണ്‍സോടെ ക്യാപ്റ്റന്‍ മിഥാലി രാജും രണ്ട് റണ്‍സോടെ അരങ്ങേറ്റ മത്സരം കളിക്കുന്ന യാസ്ഥിക ഭാട്ടിയയുമാണ് ക്രീസില്‍. സ്‍മൃതിക്ക് പുറമേ 31 റണ്‍സെടുത്ത ഷഫാലി വര്‍മയുടെയും പൂനം റൌത്തിന്‍റെ വിക്കറ്റുമാണ് ഇന്ത്യക്ക് നഷ്ടമായത്.




മഴ വില്ലനായ ആദ്യദിനം 44 ഓവറുകള്‍ മാത്രമാണ് മത്സരം നടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം മത്സരം ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിരുന്നു. ഡേ-നൈറ്റ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ മത്സരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതിയും ഷഫാലി വര്‍മയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 93 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ഷെഫാലിയുടെ വിക്കറ്റ് മാത്രമാണ് ഒന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായിരുന്നത്. 31 റണ്‍സെടുത്ത താരത്തെ സോഫി മോളിനെക്‌സ് ടഹില മഗ്രാത്തിന്‍റെ കൈയ്യിലെത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മേഘ്‌ന സിങ്ങും യാസ്ഥിക ഭാട്ടിയയും ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ജൂണിലാണ് ഇന്ത്യന്‍ വനിതാ ടീം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇത്.

15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. ഇതിനുമുന്‍പ് 2006 ലാണ് ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയയ്‌ക്കെതിരേ ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് രണ്ട് മത്സര പരമ്പര ആസ്ട്രേലിയ 1-0 ത്തിന് ജയിച്ചിരുന്നു.

Similar Posts