വാങ്കഡെ വാരിക്കുഴിയാകുമോ? പഞ്ചാബും ഡല്‍ഹിയും നേര്‍ക്കുനേര്‍ര്‍
|ആദ്യ മത്സരം വിജയിച്ച് വന്ന ഇരു ടീമുകളും രണ്ടാം മത്സരത്തില്‍ ബാറ്റിങ് നിരയുടെ പിഴവില്‍ തോല്‍വി വഴങ്ങുകയായിരുന്നു. മുംബൈ പിച്ചിന്റെ മാറ്റം തന്നെയാകും ഇതിലെ പ്രധാന ഘടകം.
ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. ഇരു ടീമുകളും രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഐ.പി.എല്ലില്‍ പരസ്പരം 26 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ 15 മത്സരങ്ങളിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ റണ്ണൊഴുക്കിയ ബാറ്റിങ് നിര രണ്ടാം മത്സരത്തില്‍ തകര്‍ച്ച നേരിട്ടതിന്റെ ക്ഷീണത്തിലാണ് പഞ്ചാബ് എത്തുന്നത്. രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 221 റണ്‍സ് നേടിയ ടീം രണ്ടാം മത്സരത്തില്‍ ചെന്നൈക്കെതിരെ 106 റണ്‍സിന് ഇന്നിങ്സ് അവസാനിപ്പിച്ച് തോല്‍വി വഴങ്ങുകയായിരുന്നു.
അതേസമയം ആദ്യ മത്സരത്തില്‍ ചെന്നൈയുടെ കൂറ്റന്‍ സ്കോര്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഡല്‍ഹിക്ക് രണ്ടാം മത്സരത്തില്‍ രാജസ്ഥാനെതിരേ 147 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യ മത്സരം വിജയിച്ച് വന്ന ഇരു ടീമുകളും രണ്ടാം മത്സരത്തില്‍ ബാറ്റിങ് നിരയുടെ പിഴവില്‍ തോല്‍വി വഴങ്ങുകയായിരുന്നു. മുംബൈ പിച്ചിന്റെ മാറ്റം തന്നെയാണ് ഇതിലെ പ്രധാന ഘടകം. വന്‍ സ്കോറുകള്‍ പിറന്നിരുന്ന വാങ്കഡെയില്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി ചെറിയ ടോട്ടലുകളാണ് പിറക്കുന്നത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങുമ്പോള്‍ പിച്ച് വീണ്ടും ദുഷ്കരമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ചെറിയ ടോട്ടല്‍ ഉയര്‍ത്തുന്ന ടീമിന് തന്നെ ആ ടോട്ടല്‍ ഉപയോഗിച്ച് ജയിക്കാന്‍ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്.
ഈ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ടോസ് ലഭിക്കുന്ന ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തന്നെയാകും ഇനിയുള്ള മത്സരങ്ങളില്‍ ശ്രമിക്കുക. കോവിഡ് ബാധിച്ച് വിശ്രമത്തിലായിരുന്ന പേസ് ബൌളര്‍ ആന്‍ റിച്ച് നോര്‍ക്യ ഇന്ന് ഡല്‍ഹി ഇലവനില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.