ആദ്യം തകര്‍ച്ച, പിന്നെ ട്വിസ്റ്റ്.. ഏഴാം വിക്കറ്റിലെ വെടിക്കെട്ടില്‍ കേരളത്തിന് മിന്നും ജയം
|വിഷ്ണു വിനോദിൻറെ മിന്നൽ സെഞ്ച്വറിയും സിജോമോൻറെ അർദ്ധ സെഞ്ച്വറിയുമാണ് കേരളത്തിന് രക്ഷയായത്.
വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. തോല്വിയുറപ്പിച്ചിടത്തുനിന്നാണ് കേരളം ഏഴാം വിക്കറ്റിലെ വെടിക്കെട്ട് പ്രകടനവുമായി ജയം പിടിച്ചുവാങ്ങിയത്. വിഷ്ണു വിനോദിന്റെ മിന്നല്‍ സെഞ്ച്വറിയും സിജോമോന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് കേരളത്തിന് രക്ഷയായത്. രണ്ട് സിക്സറും എട്ടു ഫോറുമടക്കം വിഷ്ണു വിനോദ് 82 പന്തിൽ 100 റൺസും സിജോമോൻ 70 പന്തിൽ 71 റൺസും നേടി പുറത്താകാതെ നിന്നു.
292 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളം ഒരു ഘട്ടത്തിൽ 120-6 എന്ന നിലയിൽ തോല്‍വി മുന്നില്‍ക്കണ്ട് നില്‍ക്കുകയായിരുന്നു. അവിടെ നിന്നാണ് ഏഴാം വിക്കറ്റിൽ വിഷ്ണു വിനോദും സിജോമോൻ ജോസഫും ചേർന്ന് കേരളത്തിന്റെ രക്ഷാദൌത്യം ഏറ്റെടുത്തത്.
ആദ്യഘട്ടത്തില്‍ 35-4 എന്ന നിലയിൽ പതറിയ കേരളത്തെ 44 റൺസെടുത്ത ജലജ് സക്സേനയും 42 റൺസ് എടുത്ത സഞ്ജു സാസണും ചേര്‍ന്നാണ് കൈപിടിച്ചു കയറ്റിയത്, അതിനു ശേഷമായിരുന്നു വിഷ്ണു വിനോദിന്റെയും സിജോമോൻ അപരാജിത ഏഴാം വിക്കറ്റ് കൂട്ടുകെട്ട്.
നേരത്തെ ആദ്യ ബാറ്റു ചെയ്ത മഹാരാഷ്ട്ര 8 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് എടുത്തു. ക്യാപ്റ്റൻ ഋതുരാജിന്റെ സെഞ്ച്വറിയാണ് മഹാരാഷ്ട്രക്ക് കരുത്തായത്. ഋതുരാജ് ഗെയ്ക്വാദ് 129 പന്തിൽ നിന്ന് 124 റൺസ് എടുത്തപ്പോള്‍ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ പുറത്തായ തൃപാതിയും മികച്ച പിന്തുണ നല്കി . വിജയ് ഹസാരെ ട്രോഫിയില്‍ ഋതുരാജിന്റെ തുടർച്ചയായ മൂന്നാം സെഞ്ച്വറി ആണിത്. കേരളത്തിനായി നിധീഷ് 49 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബേസിൽ തമ്പി രണ്ട് വിക്കറ്റും വിശേഷ്വർ ഒരു വിക്കറ്റും വീഴ്ത്തി.