'ദ്രാവിഡ് സർ പ്രത്യേക ഉപദേശമൊന്നും നൽകിയില്ല, പുറത്തെടുത്തത് സ്വാഭാവിക ശൈലിയിലുള്ള കളി' പൃഥ്വി ഷാ
|ധവാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത പൃഥ്വി ഷാ അര്‍ധസെഞ്ച്വറിക്കരികെ വിക്കറ്റാകുകയായിരുന്നു.
രണ്ടാം നിരയുമായി ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യ മത്സരത്തില്‍ തന്നെ ആധികാരിക വിജയമാണ് നേടിയത്. 263 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ വെറും 36.4 ഓവറിൽ ഏഴു വിക്കറ്റിന്‍റെ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. 95 പന്തിൽ നിന്ന് 86 റൺസ് നേടിയ ക്യാപ്റ്റന്‍ ധവാനും 42 പന്തിൽ 59 റൺസുമായി ഇഷൻ കിഷനും മത്സരത്തില്‍ മികച്ചുനിന്നെങ്കിലും കളിയിലെ താരമായത് പൃഥ്വി ഷാ ആയിരുന്നു. ധവാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത പൃഥ്വി ഷാ അര്‍ധസെഞ്ച്വറിക്കരികെ വിക്കറ്റാകുകയായിരുന്നു. 24 പന്തുകളില്‍ ഒമ്പത് ബൌണ്ടറികളുള്‍പ്പടെ 43 റണ്‍സാണ് ഷാ അടിച്ചുകൂട്ടിയത്. പൃഥ്വി ഷാ പുറത്താകുമ്പോള്‍ ഇന്ത്യന്‍ ഇന്നിങ്സ് അഞ്ച് ഓവര്‍ മാത്രമേ പിന്നിട്ടിരുന്നുള്ളൂ. 5.3 ഓവറില്‍ ടീം സ്കോര്‍ 58 റണ്‍സിലെത്തി നില്‍ക്കെയാണ് 43 റണ്‍സുമായി പൃഥ്വി ഷാ പുറത്താകുന്നത്.
ഈ വെടിക്കെട്ട് പ്രകടനം തന്നെയാണ് പൃഥ്വി ഷായെ കളിയിലെ താരമായി തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍ കളിക്കളത്തിലെ തീപ്പൊരി പ്രകടനത്തിന് പിന്നില്‍ സ്വാഭാവികമായ തന്‍റെ കളിശൈലി പുറത്തെടുക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പൃഥ്വി ഷായുടെ പ്രതികരണം. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ഷാ.
'ബാറ്റിങ്ങിനായി ക്രീസിലേക്കിറങ്ങുമ്പോള്‍ ദ്രാവിഡ് സര്‍ പ്രത്യേകിച്ച് ഉപദേശമൊന്നും നല്‍കിയില്ല, പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നു.. അതുകൊണ്ട് തന്നെ ലൂസ് ബോളുകള്‍ക്കായി കാത്തിരിക്കുകയായാണ് ചെയ്തത്. ഒരു ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് വേഗത്തില്‍ ചേര്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്. ആദ്യ ഇന്നിങ്‌സിനേക്കാള്‍ കൂടുതല്‍ സഹായം രണ്ടാം ഇന്നിങ്സില്‍ പിച്ച് ബാറ്റിങിന് നല്‍കി.' പൃഥ്വി ഷാ പറഞ്ഞു.