കുറഞ്ഞ ഓവർ നിരക്ക്; സഞ്ജുവിന് പിഴ 24 ലക്ഷം രൂപ, ആവർത്തിച്ചാൽ വിലക്ക്
|ഇതിനുമുമ്പ് പഞ്ചാബിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ സഞ്ജുവിന് പിഴയടക്കേണ്ടി വന്നിരുന്നു
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാസംണിന് വീണ്ടും പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് സഞ്ജുവിന് വീണ്ടും പിഴയടക്കേണ്ടി വരുന്നത്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലും മോശം ഓവര്‍ നിരക്ക് തുടര്‍ന്നതോടെയാണ് രാജസ്ഥാന്‍റെ മലയാളി നായകന് 24 ലക്ഷം രൂപ ഗവേണിങ് കൗൺസില്‍ പിഴയിട്ടത്. സീസണില്‍ രണ്ടാംതവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ സഞ്ജുവിന് പിഴയടക്കേണ്ടി വരുന്നത്.
ഇതിനുമുമ്പ് പഞ്ചാബിനെതിരായ മത്സരത്തിലായിരുന്നു കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ സഞ്ജുവിന് പിഴയടക്കേണ്ടി വന്നത്. അന്ന് 12 ലക്ഷം രൂപയാണ് താരത്തിന് പിഴയിനത്തില്‍ ചുമത്തിയത്. ഇതിന് പിന്നാലെയാണ് ഡല്‍ഹിക്കെതിരായ മത്സരത്തിലും മോശം ഓവര്‍ നിരക്ക് രാജസ്ഥാന്‍ തുടര്‍ന്നത്. ഇതോടെ 24 ലക്ഷം രൂപ സഞ്ജുവിന് പിഴയിനത്തില്‍ ചുമത്തുകയായിരുന്നു. ഇതിനോടകം രണ്ട് തവണ ഓവര്‍നിരക്കിന്‍റെ പേഴില്‍ പിഴയടക്കേണ്ടി വന്ന സഞ്ജുവിന് ഒരു തവണ കൂടി പിഴവ് ആവര്‍ത്തിച്ചാല്‍ വിലക്ക് നേരിടേണ്ടി വരും. അങ്ങനെയെങ്കില്‍ ഒരു മത്സരത്തില്‍ താരത്തിന് പുറത്തിരിക്കുകയേ നവൃത്തിയുള്ളൂ. സഞ്ജുവിന് പുറമേ രാജസ്ഥാനിലെ മറ്റ് ടീമംഗങ്ങള്‍ക്കും മോശം ഓവര്‍നിരക്കിന് പിഴയുണ്ട്. ആറ് ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനം തുകയോ ആണ് മറ്റ് താരങ്ങള്‍ക്ക് പിഴയടക്കേണ്ടത്.
ഇന്നലെ നടന്ന നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 155 റണ്‍സിന്‍റെ വിജയലക്ഷ്യം മറികടക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ ക്യാപ്റ്റന്‍ സഞ്ജുവിനും രാജസ്ഥാനെ രക്ഷിക്കാനായില്ല. ലക്ഷ്യത്തിന് 33 റണ്‍സകലെ റോയല്‍സ് വീണു. പുറത്താകാതെ 70 റണ്‍സുമായി സഞ്ജു സാംസണ്‍ അവസാനം വരെ പൊരുതിയെങ്കിലും രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ ഒരാളുടെ പിന്തുണ പോലും നായകന് ലഭിച്ചില്ല. 53 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സുമടക്കമാണ് സഞ്ജു 70 റണ്‍സെടുത്തത്. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ നോര്‍ജെയാണ് രാജസ്ഥാന്‍ ബാറ്റിംഗ് നിരയെ പിടിച്ച് കെട്ടിയത്.