Cricket
ദ്രോണാചാര്യര്‍ ആകാന്‍ ദ്രാവിഡ്; ശാസ്ത്രി പടിയിറങ്ങിയേക്കും
Cricket

ദ്രോണാചാര്യര്‍ ആകാന്‍ ദ്രാവിഡ്; ശാസ്ത്രി പടിയിറങ്ങിയേക്കും

Web Desk
|
15 Sep 2021 2:14 PM GMT

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി പരിശീക സ്ഥാനത്ത് നിന്ന് വിരമിച്ചേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് രവി ശാസ്ത്രി വിരമിച്ചേക്കുമെന്ന് സൂചന. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷമാകും ശാസ്ത്രി പടിയിറങ്ങുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രവി ശാസ്ത്രിക്ക് പുറമേ ടീമിന്‍റെ സഹ പരിശീലകരായ ഭരത് അരുണും ആർ ശ്രീധറും കരാർ പുതുക്കിയേക്കില്ല. അതേസമയം ഇന്ത്യന്‍ ടീം ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോർ തല്‍സ്ഥാനത്ത് തുടരുമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

പരിശീലക സ്ഥാനത്ത് നിന്ന് വിരമിക്കാനുള്ള സന്നദ്ധത രവി ശാസ്ത്രി ബിസിസിഐക്ക് മുമ്പാകെ സമര്‍പ്പിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശാസ്ത്രിക്ക് പകരക്കാരനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ എന്‍.സി.എ മേധാവിയുമായ രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കാനാണ് സാധ്യത. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സേവാഗിനെയും ക്രിക്കറ്റ് ബോര്‍ഡ് സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുളുണ്ട്.

ടി20 ലോകകപ്പിന് ശേഷം ഡിസംബർ 16ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് മുൻപ് പുതിയ പരിശീലകനെ ബി.സി.സി.ഐ തെരഞ്ഞെടുത്തേക്കും. നിലവിലെ കരാർ പ്രകാരം രവി ശാസ്ത്രിയുടെ കാലാവധി ടി20 ലോകകപ്പോടെ അവസാനിക്കും. 2017 മുതൽ 2019 വരെയായിരുന്നു ആദ്യം രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യപരിശീലകനായി ചുമതലയേറ്റെടുത്തപ്പോള്‍‌ നല്‍കിയിരുന്ന കാലാവധി. തുടർന്ന് രവി ശാസ്ത്രിക്ക് ബി.സി.സി.ഐ കരാർ പുതുക്കി നൽകുകയായിരുന്നു. പുതുക്കിയ കരാറാണ് ഈ ലോകകപ്പോടെ അവസാനിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശാസ്ത്രി പരിശീലകനായി തുടരുന്നതില്‍ ബി.സി.സി.ഐക്കും അതൃപ്തി ഉണ്ട്. ഇതുമനസിലാക്കിയാണ് ശാസ്ത്രി പരിശീലകസ്ഥാനത്ത് നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷ നല്‍കിയതെന്നും സൂചനയുണ്ട്.

നേരത്തെ രവി ശാസ്ത്രിയുടെ കരാര്‍ രണ്ടാം വരവില്‍ ശമ്പളത്തിലും വലിയ വര്‍ദ്ധനവാണ് ബി.സി.സി.ഐ കൊടുത്തിരുന്നത്. കരാര്‍ പുതുക്കി നല്‍കിയതിനോടൊപ്പം 20 ശതമാനം ശമ്പള വര്‍ദ്ധനവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷത്തിന് എട്ടു കോടി രൂപയായിരുന്നു രവി ശാസ്ത്രിയുടെ ശമ്പളം. പിന്നീട് നല്‍കിയ വര്‍ധനവോടെ 9.5 മുതല്‍ 10 കോടി രൂപ വരെയാണ് വാര്‍ഷിക ശമ്പളമായി ശാസ്ത്രിക്ക് ലഭിച്ചിരുന്നത്.

രവിശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചതിനെതിരെ നേരത്തെ ആരാധകരുടെ ഭാഗത്തുനിന്ന് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു‍. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പര തോല്‍വിയും ഏറെ പ്രതീക്ഷ വെച്ച ലോകകപ്പില്‍ സെമിയില്‍ പുറത്താകുകയും ചെയ്തതെല്ലാം ആരാധകരെ ചൊടിപ്പിച്ചിരുന്നു. ശാസ്ത്രിയുടെ കീഴില്‍ ഒരു ഐ.സി.സി കിരീടവും ഇന്ത്യക്ക് നേടാനായിട്ടില്ലെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദ്രാവിഡ് എത്തുമോ..?

നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ-നാഷണൽ ക്രിക്കറ്റ് അക്കാദമി) തലവനായ ദ്രാവിഡ് കഴിഞ്ഞ മാസം കരാർ പുതുക്കിയിരുന്നു. അടുത്തിടെ അവസാനിച്ച ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ മുഖ്യപരിശീലകൻ രവി ശാസ്ത്രിയുടെ അഭാവത്തിൽ മുഖ്യപരിശീലകനായത് രാഹുൽ ദ്രാവിഡായിരുന്നു. പര്യടനത്തിൽ ഏകദിന പരമ്പര ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇന്ത്യൻ ടീമിന്‍റെ മുഖ്യപരീശീലക സ്ഥാനത്ത് നിന്ന് ശാസ്ത്രി പടിയിറങ്ങിയാല്‍ ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന പേരുകളിലൊന്ന് രാഹുൽ ദ്രാവിഡിന്‍റേത് തന്നെയായിരിക്കും. എൻ.സി.എ തലവൻ സ്ഥാനത്ത് തുടരുന്നത് അദ്ദേഹത്തിന് മുഖ്യപരിശീലക സ്ഥാനത്തേക്ക് കൂടുതൽ മുൻഗണന നൽകും. രാഹുലിന്‍റെ കീഴീൽ പരിശീലനം നേടിയ സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, പൃഥ്വി ഷാ, സിറാജ്, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ശിവം മാവി തുടങ്ങി നിരവധി താരങ്ങൾ ഇന്ന് ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമാണ്.

Similar Posts