'ഓവലിൽ അഞ്ചാംദിനം ഭയക്കുന്നത് ജഡേജയെ'; വെളിപ്പെടുത്തി മോയിൻ അലി
|ഓവൽ ടെസ്റ്റിന്റെ അവസാനദിനമായ ഇന്ന് 291 റണ്‍സാണ് ഇംഗ്ലണ്ടിന് മുന്നിലുള്ള വിജയലക്ഷ്യം. പത്ത് വിക്കറ്റും കൈയിലുണ്ട്
ഓവൽ ടെസ്റ്റിന്റെ അവസാനദിനമായ ഇന്ന് വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യയും ഇംഗ്ലണ്ടും ഇറങ്ങുന്നത്. ഇന്ത്യ ഉയർത്തിയ 368 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലീഷ് ഓപണർമാർ വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞിട്ടുണ്ട്. 291 ആണ് ഇന്നത്തെ വിജയലക്ഷ്യം. ഇന്ത്യയ്ക്ക് ജയിക്കാൻ പത്തുപേരെയും പുറത്താക്കേണ്ടതുണ്ട്. ആദ്യ മണിക്കൂറുകളിൽ അതിനുള്ള സൂചനകളൊന്നുമില്ലെങ്കിൽ സമനില മാത്രമായിരിക്കും ഇന്ത്യ മുന്നിൽകാണുക.
എന്നാൽ, പത്ത് വിക്കറ്റ് കൈയിലുണ്ടെങ്കിലും അഞ്ചാംദിനം ഭീഷണിയുയർത്താൻ പോകുന്നത് ഇന്ത്യൻ സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയായിരിക്കുമെന്നാണ് ഇംഗ്ലീഷ് ഓൾറൗണ്ടർ മോയിൻ അലി മുന്നറിയിപ്പ് നൽകുന്നത്. നാലാംദിനത്തെ കളിക്കുശേഷം സ്‌കൈ സ്‌പോർട്‌സിനോട് പ്രതികരിക്കുകയായിരുന്നു താരം. കൂടുതൽ പരന്ന പിച്ചിൽ അഞ്ചാംദിനം സ്പിന്നർമാർക്ക് എത്രമാത്രം മേധാവിത്വം പുലർത്താനാകുമെന്നതിന്റെ സൂചന കഴിഞ്ഞ ദിവസം അലി തന്നെ നൽകിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ ശരിക്കും രവിചന്ദ്രൻ അശ്വിന്റെ അഭാവം അനുഭവിക്കാൻ പോകുന്ന ദിവസമായിരിക്കും ഇന്നെന്നാണ് മോയിൻ അലിയുടെ വാക്കും സൂചിപ്പിക്കുന്നത്.
എന്തും സാധിക്കാൻ ശേഷിയുള്ള ബൗളർമാരിലൊരാളാണ് ബുംറ. പക്ഷെ, ഈ വിക്കറ്റിൽ ജഡേജയാണ് ഏറ്റവും വലിയ വെല്ലുവിളി. അതിനുമാത്രം ഫ്‌ളാറ്റായ വിക്കറ്റാണ് നിലവിലുള്ളത്. എന്നാലും നമ്മൾ നന്നായിത്തന്നെ കളിക്കും. എപ്പോഴും ശക്തമായി തിരിച്ചുവരുന്ന ടീമാണ് ഇന്ത്യ. അതാണ് നമ്മൾ കരുതിയിരിക്കേണ്ടത്-അലി പറഞ്ഞു.
ഹസീബ് ഹമീദും റോറി ബേൺസും നന്നായി കളിച്ചിട്ടുണ്ടെന്നും അലി അഭിപ്രായപ്പെട്ടു. പത്ത്, പതിനഞ്ച് ഓവറുകൾ പിടിച്ചുനിൽക്കാനായാൽ ഇരുവരും കൂടുതൽ അച്ചടക്കത്തോടെയായിരിക്കും കളിക്കുക. ഈ പരമ്പരയിൽ തന്നെ മികച്ച കൂട്ടുകെട്ടിലൂടെ അവരത് കാണിച്ചതാണ്. അത് ആവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അലി കൂട്ടിച്ചേർത്തു.