ജഡേജ ആർ.സി.ബിയിലേക്ക്? ചെന്നൈ ആരാധകർക്ക് വീണ്ടും ബാംഗ്ലൂർ ഷോക്ക്
|കഴിഞ്ഞ ഐ.പി.എൽ മെഗാ ലേലത്തിൽ ചെന്നൈയുടെ വിശ്വസ്തതാരമായ ഫാഫ് ഡുപ്ലെസിയെ ടീമിലെത്തിച്ച് ക്യാപ്റ്റൻസിയും നൽകിയിരുന്നു ബാംഗ്ലൂർ. ഇതിനുപുറമെ ടീമിന്റെ മുൻനിര പേസറായിരുന്ന ജോഷ് ഹേസൽവുഡിനെയും ആർ.സി.ബി ലേലത്തിൽ പിടിച്ചത് ചെന്നൈ ആരാധകർക്ക് ഷോക്കായിരുന്നു
ബംഗളൂരു: ചെന്നൈ സൂപ്പർ കിങ്‌സിന്റെ സൂപ്പർ താരം രവീന്ദ്ര ജഡേജ ടീം വിടുന്നതായുള്ള റിപ്പോർട്ടിനു പിന്നാലെ പുതിയ റിപ്പോർട്ടുകൾ പുറത്ത്. റോക്ക്‌സ്റ്റാർ ഓൾറൗണ്ടറിൽ കണ്ണുംനട്ട് വിവിധ ടീമുകൾ നീക്കം സജീവമാക്കുന്നുണ്ടെന്നാണ് പുതിയ വിവരം. താരം ആർ.സി.ബിയിലെത്തിയേക്കുമെന്ന് 'ക്രിക്കറ്റ് ഇന്ത്യ ഷോ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തു.
അടുത്ത ഐ.പി.എൽ സീസണിൽ താരത്തെ ചെന്നൈ നിലനിർത്തില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. കഴിഞ്ഞ സീസൺ തൊട്ട് മാനേജ്‌മെന്റുമായി ഇടഞ്ഞുനിൽക്കുന്നതിനാൽ 2023 സീസണിനു മുൻപ് താരത്തെ റിലീസ് ചെയ്‌തേക്കും.
2023 സീസൺ വിൻഡോ നവംബറിൽ തുറക്കുമെന്നാണ് 'ഇൻഡീസ്‌പോർട്ട്' റിപ്പോർട്ട് ചെയ്തത്. ടീമുകൾ പരസ്പരമുള്ള താരങ്ങളുടെ കൈമാറ്റം പൂർത്തിയാക്കിയ ശേഷമായിരിക്കും റിലീസ് ചെയ്യുന്നതടക്കമുള്ള നടപടികൾ. ഇതിനുശേഷം ഡിസംബർ-ജനുവരി കാലയളവിൽ ലേലവും നടക്കും.
ടീമെന്ന നിലയ്ക്ക് ആർ.സി.ബി നിലവിൽ സെറ്റാണെങ്കിലും രവീന്ദ്ര ജഡേജയെപ്പോലുള്ളൊരു സൂപ്പർതാരത്തെ ക്യാംപിലെത്തിക്കാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തില്ല. കഴിഞ്ഞ സീസണിൽ ലോങ് റൺ നൽകിയ ഷഹബാസ് അഹമ്മദാണ് നിലവിൽ ജഡേജയ്ക്കു സമാനമായൊരു റോളിൽ ആർ.സി.ബിയിൽ കളിക്കുന്നത്. താരത്തെയോ ഡേവിഡ് വില്ലിയെയോ കൈമാറി ജഡേജയെ ടീമിലെത്തിക്കാനായിരിക്കും ബാംഗ്ലൂർ ആലോചിക്കുന്നത്. കഴിഞ്ഞ മെഗാ ലേലത്തിൽ ചെന്നൈയുടെ വിശ്വസ്തതാരമായ ഫാഫ് ഡുപ്ലെസിയെ ടീമിലെത്തിച്ച് ക്യാപ്റ്റൻസി നൽകിയിരുന്നു ബാംഗ്ലൂർ. ഇതിനുപുറമെ ടീമിന്റെ മുൻനിര പേസറായിരുന്ന ജോഷ് ഹേസൽവുഡിനെയും ആർ.സി.ബി ലേലത്തിൽ പിടിച്ചത് ചെന്നൈ ആരാധകർക്ക് ഷോക്കായിരുന്നു.
റോക്ക്സ്റ്റാറില്‍നിന്ന് ബിഗ് സീറോയായ സീസണ്‍
കഴിഞ്ഞ സീസണിന്റെ ഇടയ്ക്കുവച്ച് നായകസ്ഥാനത്തുനിന്ന് മാറ്റിയതിൽ രവീന്ദ്ര ജഡേജയ്ക്ക് കടുത്ത അതൃപ്തിയുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ടൂർണമെന്റിനിടയ്ക്കു വച്ച് പാതിവഴിയിൽ താരം നാട്ടിലേക്ക് മടങ്ങി. പിന്നാലെയാണ് കഴിഞ്ഞ മാസം ഇൻസ്റ്റഗ്രാമിൽ ടീമുമായുള്ള മുഴുവൻ ബന്ധവും താരം വിച്ഛേദിച്ചത്. കഴിഞ്ഞ രണ്ട് ഐ.പി.എൽ സീസൺ കാലത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സി.എസ്.കെയുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം അക്കൗണ്ടിൽനിന്ന് നീക്കം ചെയ്തിരിക്കുകയാണ് ജഡേജ.
2012 മുതൽ ചെന്നൈയുടെ സൂപ്പർസ്റ്റാറാണ് രവീന്ദ്ര ജഡേജ. ഒരു പതിറ്റാണ്ടുകാലം ടീമിന്റെ നെടുംതൂണായിരുന്നു താരം. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ ധോണി ആശ്രയിച്ചിരുന്ന ജഡേജ ഫീൽഡിലെ മിന്നൽ പ്രകടനങ്ങളിലൂടെയും പലതവണ ടീമിന്റെ രക്ഷകനായി. ഈ സീസണിന്റെ തുടക്കത്തിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എം.എസ് ധോണി നായകസ്ഥാനമൊഴിഞ്ഞത്. രവീന്ദ്ര ജഡേജയ്ക്കായിരുന്നു സ്ഥാനം കൈമാറിയത്.
എന്നാൽ, നായകനെന്ന നിലയിലുള്ള അരങ്ങേറ്റം തീർത്തും നിരാശാജനകമായിരുന്നു ജഡേജയ്ക്ക്. ആദ്യ എട്ടു മത്സരങ്ങളിൽ വെറും രണ്ടെണ്ണത്തിൽ മാത്രമേ ടീമിനെ ജയത്തിലേക്ക് നയിക്കാനായുള്ളൂ. ക്യാപ്റ്റൻസി താരത്തിന്റെ വ്യക്തിപരമായ പ്രകടനത്തെയും ബാധിച്ചു. 10 മത്സരങ്ങളിൽനിന്നായി വെറും 19.33 ശരാശരിയിൽ 116 റൺസ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്. അതും 11.8.36 സ്ട്രൈക് റേറ്റിൽ. ബൗളിങ്ങിൽ ആകെ നേടിയത് അഞ്ചു വിക്കറ്റും. ഫീൽഡിലും അനായാസ ക്യാച്ചുകൾ പോലും കൈയിൽനിന്ന് ചോരുന്നതു കണ്ടും ആരാധകർ അമ്പരന്നു.
ചെന്നൈ ചരിത്രത്തിലെ രണ്ടാമത്തെ മോശം സീസൺ മുന്നിൽകാണുമ്പോഴായിരുന്നു സീസണിന്റെ പാതിയിൽ ക്യാപ്റ്റൻസി ധോണിക്ക് തന്നെ ടീം മാനേജ്മെന്റ് തിരിച്ചുനൽകിയത്. എന്നാൽ, തുടർന്ന് രണ്ട് മത്സരങ്ങൾ മാത്രമാണ് ജഡേജ മഞ്ഞക്കുപ്പായത്തിൽ കളിച്ചത്. പരിക്കെന്ന് പറഞ്ഞ് ചെന്നൈ ക്യാംപ് വിട്ട ജഡേജ നാട്ടിലേക്ക് മടങ്ങി. ടീം മാനേജ്മെന്റുമായുള്ള തർക്കത്തെ തുടർന്നാണ് താരം പാതിവഴിയിൽ കളി നിർത്തി മടങ്ങിയതെന്ന തരത്തിൽ പ്രചാരണമുണ്ടായി. ഇടക്ക് ചെന്നൈയെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അൺഫോളോ ചെയ്തതായും അഭ്യൂഹമുണ്ടായിരുന്നു.
ഐ.പി.എല്ലിൽനിന്ന് ഇടവേളയെടുത്ത ശേഷം കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാമത്തെ ടെസ്റ്റിലാണ് ജഡേജ കളിച്ചത്. മത്സരത്തിൽ സെഞ്ച്വറിയുമായി നിർണായക ഇന്നിങ്സ് കളിക്കുകയും ചെയ്തു. ടൂർണമെന്റിനു പിന്നാലെ പ്രഖ്യാപിച്ച വെസ്റ്റിൻഡീസുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വൈസ് ക്യാപ്റ്റനായും താരം ഉൾപ്പെട്ടിട്ടുണ്ട്. ചെന്നൈ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പുതിയ ദൗത്യത്തിന് ജഡേജയ്ക്ക് അഭിനന്ദനക്കുറിപ്പിടുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച ധോണിയുടെ ജന്മദിനത്തിന് ചെന്നൈ തയാറാക്കിയ ആശംസാ വിഡിയോയിൽ ജഡേജയുണ്ടായിരുന്നില്ല. ഇതോടെ തന്നെ ആരാധകർ ധോണിയുമായും ടീം മാനേജ്മെന്റുമായും നല്ല നിലയിലല്ല ജഡേജയുള്ളതെന്ന ആരാധകർ സംശയമുയർത്തിയിരുന്നു. ഈ സംശയങ്ങൾക്ക് ബലംനൽകുന്ന തരത്തിലാണ് ഇൻസ്റ്റഗ്രാമിൽ ചെന്നൈ പോസ്റ്റുകളെല്ലാം ജഡേജ നീക്കം ചെയ്തിരിക്കുന്നത്.
Summary: CSK former captain Ravindra Jadeja likely to join RCB for IPL 2023