Cricket
RinkuSinghlifestory, RinkuSingh, RinkuSinghbackground
Cricket

'പട്ടിണി മാറ്റാൻ ചൂലെടുത്തു; രണ്ടുമുറി കുടിലിൽ അന്തിയുറങ്ങി'-റിങ്കു ശരിക്കുമൊരു ചാംപ്യനാണ്

Shaheer
|
11 April 2023 7:32 AM GMT

2018ൽ ഐ.പി.എല്ലിലേക്ക് വിളി വന്നതിനു പിന്നാലെ 'റിങ്കു സിങ് ഫാൻസ് ക്ലബ്' എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് സ്വന്തമായി ആരംഭിച്ചു താരം. ഇത് ട്രോളന്മാർ പിടികൂടി പൊങ്കാലയിട്ടു. സീസണിലെ മോശം പ്രകടനം കൂടിയായതോടെ പരിഹാസം കടുത്തു

അഹ്മദാബാദ്: ഒരൊറ്റ ദിവസം കൊണ്ട് കായികലോകത്തെ പുത്തൻ സെൻസേഷനായി മാറിയിരിക്കുകയാണ് കൊൽക്കത്ത താരം റിങ്കു സിങ്. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 29 റൺസ്. മുഖത്ത് ഒരു കൂസലുമില്ലാതെ റിങ്കു. തുടരെ അഞ്ച് സിക്‌സറുകൾ പറത്തുന്നു. ഗുജറാത്ത് ജയിച്ചെന്നുറപ്പിച്ച കളി അങ്ങനെ ആ 25കാരൻ തട്ടിപ്പറിക്കുന്നു.

ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞുകത്തിയ ത്രില്ലർ പോരായിരുന്നുവെന്ന് ക്രിക്കറ്റ് നിരീക്ഷകരെല്ലാം വിലയിരുത്തിയ ഹീറോയിസമായിരുന്നു അത്. എന്നാൽ, പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അത്ര നല്ല ഓർമകളും അനുഭവങ്ങളുമല്ല റിങ്കുവിന് പറയാനുള്ളത്. തീർത്തും ദരിദ്രമായ കുടുംബപശ്ചാത്തലത്തിൽനിന്നാണ് സാക്ഷാൽ ബോളിവുഡ് 'ബാദ്ഷാ' ഷാറൂഖ് ഖാനെ വരെ ആരാധകനാക്കിക്കളഞ്ഞ ക്രിക്കറ്റ് പ്രതിഭയിലേക്കുള്ള താരത്തിന്റെ വളർച്ച.


പഠനത്തിൽ മോശമായതിനാൽ ഒൻപതാം ക്ലാസിൽ തോറ്റ് വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നു. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ചെറിയ പ്രായത്തിൽ തന്നെ പലവിധത്തിലുള്ള തൊഴിലുകളെടുക്കാൻ നിർബന്ധിതനായി. രണ്ടുമുറി കുടിലിൽ അന്തിയുറങ്ങേണ്ടിവന്നു. അങ്ങനെ പോകുന്നു, താരത്തിന്റെ പിൽക്കാല ചരിത്രം.

അഞ്ചുമക്കൾ; മാസം 6000 സമ്പാദ്യമുള്ള അച്ഛൻ

ഉത്തർപ്രദേശിലെ അലിഗഢുകാരനാണ് റിങ്കു സിങ്. ഖാൻചന്ദ്രയുടെയും വിനാദേവിയുടെയും അഞ്ചു മക്കളിൽ മൂന്നാമൻ. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽനിന്ന് എൽ.പി.ജി സിലിണ്ടറുകൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിച്ചുകൊടുത്താണ് ഖാൻചന്ദ്ര കുടുംബം പുലർത്തുന്നത്. സിലിണ്ടർ ഡെലിവറി മാൻ എന്നു വേണമെങ്കിൽ പറയാം.


മാസം ആറായിരവും ഏഴായിരവുമൊക്കെയാകും ഖാൻചന്ദ്രയുടെ സമ്പാദ്യം. അതുകൊണ്ട് കുടുംബത്തിന്റെ പട്ടിണി തീർക്കാൻ പോലും മതിയാകില്ല. ഒരു സഹോദരൻ സോനു ഓട്ടോ ഓടിച്ചും മറ്റൊരു സഹോദരൻ മുകുൾ നാട്ടിലെ ഒരു കോച്ചിങ് സെന്ററിൽ ജോലിയെടുത്തുമാണ് കുടുംബത്തിന്റെ കാര്യങ്ങൾ ഒരുവിധം മുട്ടലില്ലാതെ കൊണ്ടുപോകുന്നത്.

മഹാറാണി അഹില്യാഭായ് ഹോൽകാർ സ്‌റ്റേഡിയത്തിനടുത്തുള്ള ഇന്ത്യൻ ഓയിലിന്റെ ഗോഡൗണിലെ രണ്ടുമുറി കുടിലിലായിരുന്നു ഏഴുപേരും തിങ്ങിനിരങ്ങി കഴിഞ്ഞിരുന്നത്. അവിടെ തന്നെയായിരുന്നു എല്ലാവരും അന്തിയുറങ്ങിയിരുന്നതും. പഠനത്തിൽ മോശമായതിനാൽ ഒൻപതാം ക്ലാസിൽ തോറ്റ് സ്‌കൂളിന്റെ പടി ഇറങ്ങിയതാണ് റിങ്കു. പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല.

ക്രിക്കറ്റായിരുന്നു റിങ്കുവിന്റെ കൈയിലുണ്ടായിരുന്ന ഏക ആയുധം. അതിനിടയ്ക്കാണ് ഉത്തർപ്രദേശ് അണ്ടർ-19 ടീമിൽ ഇടംലഭിക്കുന്നത്. ഡൽഹിയിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട് ഒരു ബൈക്ക് പാരിതോഷികമായും ലഭിച്ചു. 2015-16 കാലത്തായിരുന്നു ഇത്. ബൈക്ക് നേരെ പിതാവിന് നൽകുകയാണ് റിങ്കു ചെയ്തത്. അച്ഛന്റെ സിലിണ്ടർ വിതരണത്തിന് സഹായകരമാകുമെന്നു കരുതിയായിരുന്നു ഇത്.


ഒരുഘട്ടത്തിൽ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൾ കാരണം ചെറിയ പ്രായത്തിൽ തന്നെ റിങ്കുവിന് ജോലി തേടി ഇറങ്ങേണ്ടിവന്നു. അങ്ങനെയാണ് ഓരോ വീടുകളിലും ചെന്ന് ക്ലീനിങ് പരിപാടി ഏറ്റെടുക്കുന്നത്. വീട് അടിച്ചുവാരുകയും തുടക്കുകയും വൃത്തിയാക്കുകയും ചെയ്യും. എന്നാൽ, ആ പണിയുമായി അധികം മുന്നോട്ടുപോകാനായില്ല. അങ്ങനെയാണ് വീട്ടിൽ ചെന്ന് അമ്മയോട് ഇങ്ങനെ പറഞ്ഞത്:''ഞാനിനി ആ പണിക്കു പോകുന്നില്ല. ക്രിക്കറ്റിൽ എന്തെങ്കിലും ചെയ്യാനാകുമോയെന്ന് നോക്കട്ടെ.''

കൈപിടിച്ച് അമീൻ; ഭാഗ്യം വന്ന വഴി

കുടുംബം മകനിൽ വിശ്വാസമർപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് അലിഗഢിലെ മഹുവ ഖേരയിൽ ക്രിക്കറ്റ് അക്കാദമി നടത്തുന്ന മസൂദ്‌സഫർ അമീൻ രക്ഷകനായെത്തുന്നത്. അമീനാണ് റിങ്കുവിലെ ക്രിക്കറ്റ് പ്രതിഭയെ കണ്ടെത്തി വളർത്തിക്കൊണ്ടുവന്ന ആദ്യ പരിശീലകൻ. ക്രിക്കറ്റ് സ്വപ്‌നം കണ്ടുനടന്ന ബാലനെ അദ്ദേഹം തന്റെ അക്കാദമിയിലേക്ക് കൊണ്ടുപോയി. സാമ്പത്തികമായ പ്രയാസങ്ങൾക്കിടയിലും പരിശീലനം മുടക്കിയില്ല.

പാഡും ഗ്ലൗവും അടക്കമുള്ള ക്രിക്കറ്റ് കിറ്റ് വാങ്ങാൻ സഹായിച്ചത് റിങ്കുവിന്റെ സുഹൃത്ത് സീഷാനും ക്രിക്കറ്റ് അക്കാദമിയിലുണ്ടായിരുന്ന അർജുൻ സിങ് ഫകീറ എന്നയാളുമായിരുന്നു. അവർ തന്നെയാണ് പ്രാദേശികമായ ക്ലബുകളിലേക്കും റിങ്കുവിന് വഴിതുറന്നുകൊടുത്തതെന്ന് അമീൻ പറയുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശ് അണ്ടൻ-19 ടീമിലടക്കം മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാനായി. ഇതിനിടെയാണ് 2017ൽ ജീവിതത്തിലെ വഴിത്തിരിവുണ്ടാകുന്നത്. ഐ.പി.എല്ലിൽ അന്നത്തെ കിങ്‌സ് ഇലവൻ പഞ്ചാബ്(പഞ്ചാബ് കിങ്‌സ്) താരത്തെ പത്തു ലക്ഷത്തിന് ലേലത്തിൽ സ്വന്തമാക്കി. എന്നാൽ, ആ സീസണിൽ ബെഞ്ചിലിരിക്കാനായിരുന്നു വിധി.


2018ൽ കരിയർ മാറ്റിക്കളഞ്ഞ ഭാഗ്യവും വഴിതുറന്നു. ഇപ്പോഴത്തെ ടീം കൊൽക്കത്ത താരത്തെ 80 ലക്ഷത്തിന് വിളിച്ചെടുത്തു. ആ വർഷം നാല് മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങാനായത്. ബാറ്റ് കൊണ്ട് കാര്യമായൊന്നും ചെയ്യാനുമായില്ല.

2018ൽ ഒരു തമാശയും ജീവിതത്തിലുണ്ടായി. ഐ.പി.എല്ലിലേക്ക് വിളി ലഭിച്ചതിനു പിന്നാലെ 'റിങ്കു സിങ് ഫാൻസ് ക്ലബ്' എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് സ്വന്തമായി ആരംഭിച്ചു. ഇത് ട്രോളന്മാർ പിടികൂടി പൊങ്കാലയിട്ടു. സീസണിലെ മോശം പ്രകടനം കൂടിയായതോടെ പരിഹാസം കടുത്തു.

ഫീൽഡ് സബ്‌സ്റ്റിറ്റിയൂട്ടും വാട്ടർബോയിയുമെല്ലാമായി 2022 വരെ അങ്ങനെ പോയി. 2022ൽ അന്നത്തെ ഹെഡ് കോച്ച് ബ്രെൻഡൻ മക്കല്ലമാണ് റിങ്കുവിന് ടിമിൽ കൂടുതൽ അവസരങ്ങൾ നൽകിയത്. യുവതാരത്തിൽ മക്കല്ലം വലിയൊരു പ്രതിഭയെ കണ്ടിരുന്നു. അടുത്ത വർഷങ്ങളിൽ കൊൽക്കത്ത മാനേജ്‌മെന്റ് കൂടുതൽ ഇൻവെസ്റ്റ് ചെയ്യാൻ പോകുന്ന താരമാണ് റിങ്കുവെന്ന് ഒരിക്കൽ മക്കല്ലം തന്നെ മനസ്സുതുറന്നു.


2022ൽ രാജസ്ഥാനെതിരായ മത്സരം അങ്ങനെ കരിയറിലെ നാഴികക്കല്ലായി മാറി. 23 പന്തിൽ 42 റൺസ് അടിച്ചെടുത്ത് കൊൽക്കത്തയെ വിജയതീരത്തേക്ക് നയിച്ച റിങ്കുവിനെ അങ്ങനെ ക്രിക്കറ്റ് ലോകവും ശ്രദ്ധിച്ചുതുടങ്ങി. ഇപ്പോഴിതാ, അഹ്മദാബാദിലെ അവസാന ഓവർ ഹീറോയിസത്തിലൂടെ കായികലോകത്തിനുമുൻപിൽ റിങ്കു സിങ് എന്ന 25കാരൻ ഒരു വലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നു; ''എന്നെ ആർക്കുമിനി എഴുതിത്തള്ളാനും കണ്ടില്ലെന്നു നടിക്കാനുമാകില്ല!''

''ഒരു കർഷകകുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. എന്റെ പിതാവ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഞാൻ ഗ്രൗണ്ടിനു പുറത്തേക്ക് പറത്തിയ ഓരോ പന്തും എനിക്കു വേണ്ടി ജീവിതം അർപ്പിച്ചവർക്കുവേണ്ടി ഞാൻ സമർപ്പിക്കുകയാണ്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുണ്ടായിട്ടുണ്ട്. ദൈവം ആ ദിവസങ്ങൾക്കെല്ലാം പകരം തരികയാണെന്നു തോന്നുന്നു.''-യാഷ് ദയാലിനെ ഒട്ടും ദയയില്ലാതെ പറത്തിയ ആ അഞ്ചു സിക്‌സറുകൾക്കു പിന്നാലെ റിങ്കു സിങ് ഇങ്ങനെയാണ് പറഞ്ഞുനിർത്തിയത്.

Summary: From 9th standard dropout to mopping and sweeping floors-The real life story of Rinku Singh, the new IPL sensation

Similar Posts