Cricket
ഋഷഭ് പന്തിനെ രക്ഷിച്ചില്ല; പണമടങ്ങിയ ബാഗുമായി ഒരു സംഘം രക്ഷപ്പെട്ടു-വെളിപ്പെടുത്തൽ
Cricket

ഋഷഭ് പന്തിനെ രക്ഷിച്ചില്ല; പണമടങ്ങിയ ബാഗുമായി ഒരു സംഘം രക്ഷപ്പെട്ടു-വെളിപ്പെടുത്തൽ

Web Desk
|
30 Dec 2022 9:42 AM GMT

പന്ത് അപകടനില തരണം ചെയ്തതായി താരത്തെ പ്രവേശിപ്പിച്ച ഡെറാഡൂണിലെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു

ഡെറാഡൂൺ: ഡ്രൈവിങ്ങിനിടെ ഋഷഭ് പന്ത് ഉറങ്ങിപ്പോയതാണ് വാഹനാപകടത്തിനു കാരണമെന്നാണ് പൊലീസ് വിശദീകരണം. അതിനിടെ, അപകടത്തിൽപെട്ട താരത്തെ രക്ഷിക്കാൻ സഹായിക്കുന്നതിനു പകരം ഒരു സംഘം പണമടക്കം കവർന്നു രക്ഷപ്പെട്ടതായി വെളിപ്പെടുത്തൽ. ഹിന്ദി മാധ്യമമായ 'ദൈനിക് ജാഗരൻ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡിവൈഡറിൽ ഇടിച്ച് തീപിടിച്ച കാറിൽനിന്ന് പുറത്തുകടക്കാൻ ഋഷഭ് പന്ത് ശ്രമിച്ചെങ്കിലും ആദ്യം സാധിച്ചിരുന്നില്ല. ഒടുവിൽ കാറിന്റെ ചില്ല് തകർത്താണ് താരം പുറത്തുകടന്നത്. ഇതിനിടെ ഇവിടെ ഓടിക്കൂടിയ ഒരു സംഘമാണ് കാറിലുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞതെന്നാണ് പരാതിയുള്ളത്.

പന്ത് തന്നെയാണ് പൊലീസിലും ആംബുലൻസിലും വിളിച്ചതെന്നും റിപ്പോർട്ടുണ്ട്. അപകടത്തിനു പിന്നാലെ ഓടിയെത്തിയ ബസ് ഡ്രൈവറാണ് താരത്തിന് പ്രാഥമിക പരിചരണം അടക്കമുള്ള സഹായം നൽകിയത്. ഈ സമയത്ത് ചോരയിൽ കുലിച്ചുനിൽക്കുകയായിരുന്നു പന്ത്.

ഡിവൈഡറിലിടിച്ചു; കാര്‍ കത്തിയമര്‍ന്നു

ഡൽഹി-ഹരിദ്വാർ ഹൈവേയിൽ പുലർച്ചെ 5.30ഓടെയാണ് അപകടം നടന്നത്. ഡിവൈഡർ റെയിലിങ്ങിൽ ഇടിച്ച കാർ കത്തിയമരുകയായിരുന്നു. സംഭവസമയത്ത് എയർബാഗ് പ്രവർത്തിച്ചിരുന്നോ എന്നു വ്യക്തമല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. കാറിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അപകടത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ വെച്ചാണ് അപകടമുണ്ടായത്. ഡൽഹിയിൽനിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്. കാർ കത്തുന്നതിന്റെ ശബ്ദം കേട്ടാണ് സമീപത്തെ ഗ്രാമീണർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് വിവരമറിഞ്ഞ് പൊലീസും എത്തുകയായിരുന്നു.

ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സയ്ക്കായി ഋഷഭ് പന്തിനെ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. താരം അപകടനില തരണം ചെയ്‌തെന്ന് മാക്‌സ് ആശുപത്രി അധികൃതർ വ്യക്തമാക്കി. പന്ത് നിരീക്ഷണത്തിലാണെന്നും വിശദമായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Summary: Rishabh Pant Car Accident: People took his money from crash site: Reports

Similar Posts